Tuesday, 17 December 2024

മഞ്ഞ

എന്നു മുതലാണ് 

നിൻ്റെ ചിത്രത്തുന്നലുകളിലെ

സൂര്യകാന്തിപ്പൂക്കളുടെ

നിറം മങ്ങിത്തുടങ്ങിയതെന്നും

അതിസൂഷ്മക്കരവിരുതിൽ വിരിഞ്ഞ

ദലങ്ങളോരോന്നും 

പൊഴിഞ്ഞുതുടങ്ങിയതെന്നും

തീർച്ചയില്ല.

ഓർക്കുന്നു, 

അന്നുമുതൽ

ഒരു വിഷാദം നിൻ്റെ

ഇണക്കൂട്ടുകാരിയായത്.

നിങ്ങൾ ഒന്നും സംസാരിച്ചില്ല.

പരസ്പരം ഒന്ന് നോക്കിയതു പോലുമില്ല. 

വാടിനിൽക്കുന്ന മഞ്ഞപ്പൂക്കൾക്കിടയിൽ

കറുത്ത എന്തോ ഒന്ന് തുന്നുന്നതിനായി

നൂൽ തിരയുമ്പോഴൊക്കെ

നിൻ്റെ വിരൽ മുറിഞ്ഞു.

അപ്പോഴൊക്കെ 

ഇറ്റിറ്റുവീണ 

ചുവന്ന വേദന തുടച്ചുനീക്കി,

നിൻ്റെ കൂട്ടുകാരി

മുറിവൂതിയാറ്റി, പൊതിഞ്ഞുകെട്ടി.


സൂര്യകാന്തിപ്പാടത്തെ

അവസാനപൂവിലെ 

അവസായിതളും കരിഞ്ഞുവീഴും മുൻപായാണ്

നൂൽക്കൂട്ടങ്ങൾക്കിടയിൽ

ഒളിഞ്ഞിരുന്ന 

കറുത്ത വണ്ടിനെ

നിൻ്റെ കൂട്ടുകാരി

കണ്ടെത്തിയത്. 

ഒരു മൂളൽ

അവളുടെ കാൽക്കീഴിൽ

ഞെരിഞ്ഞമരുന്നതറിഞ്ഞപ്പോൾ

നീ കണ്ണു പൊത്തി.

പൊതിഞ്ഞു കെട്ടിയ

പത്തു വിരലുകളേയും

നിൻ്റെ മുഖത്തുനിന്നവൾ പിന്നെ

അടർത്തിമാറ്റി.

ഉദിച്ചുയർന്ന ഒരു സൂര്യൻ

സ്വർണ്ണദലങ്ങൾ വിടർത്തി

നിന്നെ നോക്കിച്ചിരിച്ചു.

'മഞ്ഞ' എന്ന അവളുടെ പേർ

ആദ്യമായി നീ വിളിച്ചു. 

ശേഷം

പരസ്പരം കോർത്ത വിരലുകൾ 

ചിറകുകളാക്കി,

നിങ്ങൾ

സൂര്യകാന്തിവനങ്ങളിലേക്ക്

പറന്നുപോയി.