കിണറാഴങ്ങളിലേക്കെത്തിനോക്കാൻ
ഭയക്കുന്ന
കുട്ടിയെപ്പോലെ നീ,
ഒരു നോട്ടത്താൽ
ഒരൊറ്റ നോട്ടത്താൽ പോലും
ഉള്ളുകാണാതെ
എന്നും
പിൻതിരിയുന്നു.
ആഴങ്ങൾക്ക് മാത്രം
അനുഭവേദ്യമാക്കാനാകുന്ന
പായൽപ്പച്ച,
നീരിൻ തണുപ്പ്,
ഉയരങ്ങളിൽ വർണ്ണങ്ങൾ മാറ്റുന്ന
ആകാശവട്ടത്തിൻ നേര്,
ഒന്നും കാണാതെ,
അറിയാതെ പോകുന്നു.
ആഴങ്ങളെ ഭയക്കുന്നവനുള്ളതല്ല,
ഉയരങ്ങളും
ഉയർക്കുതിപ്പുകളുടെ
അനൽപാനുഭൂതികളും.
ഒരെത്തിനോട്ടം മാത്രം
മതിയായിരുന്നു എനിക്ക്,
നിന്നെയെൻ്റെ
ഒടിവിദ്യയിലകപ്പെടുത്താൻ.
ഞാൻ ഒടിവിദ്യക്കാരി
നൊടിനേരം കൊണ്ട്
ഒടിമറഞ്ഞ്
മാൻപേടയോ മയിൽപ്പേടയോ ആകാനും
മത്സ്യമോ മത്സ്യകന്യകയോ ആകാനും
പവനനോ പറവയോ ആകാനും
പൂവോ പൂമ്പാറ്റയോ ആകാനും
കഴിയുന്നവൾ.
കാമിതരൂപത്തിൽ
നിന്നെ
മോഹവലയത്തിലകപ്പെടുത്താനും
നീലത്താഴ്വരകളിൽ
നിന്നോടൊത്ത്
നിലാത്തളിരുണ്ട് നടക്കാനും
കടലിന്നടിത്തട്ടിലെ
പവിഴക്കൊട്ടാരങ്ങളിൽ
നിന്നോടൊത്തിളവേൽക്കാനും
കുളിർച്ചോലകൾക്കും
പച്ചപ്പുൽപ്പരവതാനികൾക്കും മേൽ
നിനക്കൊപ്പം പറന്നു നടക്കാനും
കഴിയുന്നവൾ
എന്നാൽ
മാന്ത്രികച്ചേരുവകൾ തൊട്ട്
എത്ര കാത്തിരുന്നിട്ടും
നോക്കിപ്പോയാൽ തെന്നിവീണു പോയെങ്കിലോ
എന്നു ഭയപ്പെടുന്ന കുട്ടിയെപ്പോലെ
എൻ്റെ കണ്ണുകളുടെ
ആഴങ്ങളിലേക്കു നോക്കാതെ
അടർന്നുമാറി
ശയ്യയറ്റത്തു പുറംതിരിഞ്ഞുകിടന്ന്
കിതപ്പും വിയർപ്പുമാറ്റി
നീ ഉറങ്ങുന്നു.
മെത്തയുടെ ഇങ്ങേയറ്റത്ത്, പക്ഷെ
ആ നിമിഷം
ഞാനുണ്ടായിരിക്കയില്ല.
അതിനും എത്രയോ മുൻപേതന്നെ,
അതായത്
എൻ്റെ ശരീരത്തെ സ്പർശിച്ച്
നീ നിന്നിലേക്കു മാത്രം നോക്കുന്ന
നിൻ്റെ ഏറ്റം സ്വകാര്യനിമിഷത്തിൽത്തന്നെ
ഞാൻ
മന്ത്രവിദ്യയാൽ
ഒടിമറഞ്ഞിട്ടുണ്ടാകും.
എൻ്റെ പ്രണയവനങ്ങളിൽ
ഏകയായൊരു ഹരിണമായ്
എന്നെത്തലോടുന്ന
കസ്തൂരിഗന്ധത്തിന്നുറവിടം തേടി
പതിവുപോലെ
അലയുന്നുണ്ടാകും.