Wednesday, 27 November 2024

ഒന്നു ചോദിച്ചോട്ടേ?

 ചിത്രം വരച്ചു തുടങ്ങുന്നവരോടും

ചിത്രം വരക്കാൻ ആഗ്രഹിക്കുന്നവരോടുമായി

ഒന്നു ചോദിച്ചോട്ടേ?



ഏതു മീഡിയായാണ് 

നിങ്ങളുപയോഗിക്കുന്നത്?

ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്?


ഒരിക്കൽ ചായമിട്ട് പൂർത്തിയാക്കിയതിനു മേൽ

പുതുമകൾ വരച്ചുചേർക്കുമ്പോൾ

ഉമ്മറത്ത്  നിറം മങ്ങി മയങ്ങുന്ന

പഴമയുടെ ലാഞ്ചനകളെ

മുഴുവനായും മായ്ച്ചുകളയാനാകാത്ത

ജലച്ചായമാണോ

നിങ്ങളുടെ മീഡിയം?


ഉണങ്ങിയുറക്കാൻ സമയമെടുക്കുന്ന

എണ്ണച്ചായം?


മാന്ത്രികവർണ്ണങ്ങളോടെ

പെട്ടെന്നുണങ്ങിച്ചേരുന്ന

എക്രിലിക്?


മായ്ച്ചു വരക്കുമ്പോൾ

'ഇരുണ്ടുപോകട്ടെ ' എന്ന്

വെണ്മയെ ശപിച്ചിറങ്ങിപ്പോകുന്ന

ഗ്രാഫൈറ്റ് പെൻസിൽ?


ഉഗ്രപ്രതാപിയെങ്കിലും 

ക്ഷിപ്രകോപി ചാർക്കോൾ?


വർണ്ണാഭയോടെ കുടിയിരുത്തിയിട്ടും

ആ നിമിഷം മുതൽ 

ഒളിമങ്ങി അവ്യക്തമാകുന്ന,

ഫിക്സറ്റീവ് സ്പ്രേ കൊണ്ടുറപ്പിക്കാൻ ശ്രമിച്ചാൽ

ജീവച്ഛവമായിത്തീരുന്ന

സോഫ്റ്റ് പേസ്റ്റൽസ്?


ഇനിയുമുണ്ടല്ലോ

അനേകം മീഡിയാകൾ

ഏതാണ് നിങ്ങളുടേത്?


വരകളെ യഥാസ്ഥാനങ്ങളിലുറപ്പിച്ച്,

ജലച്ചായം പോലെ,

പഴയവയെ മുഴുവനായും

മാറ്റിയെഴുതാനാവാത്തവരോടല്ല,

തുടക്കക്കാരോടാണ് എനിക്കു പറയാനുള്ളത്.

നിങ്ങൾ റെഫർ ചെയ്യുന്ന

എണ്ണച്ചായ,ഏക്രിലിക് ചിത്രങ്ങൾക്കടിയിൽ

മറ്റനേകം ചിത്രങ്ങൾ

ഒളിച്ചിരിപ്പുണ്ടാകാമെന്നറിയാമോ?

ഒരിക്കൽ വരച്ചുപൂർത്തിയാക്കിയവയെ മറക്കാനും,

മങ്ങിയ ഒരു ഒളി കൊണ്ടുപോലും 

സാന്നിദ്ധ്യമറിയിക്കാതെ

തികച്ചും പുതിയ ഒന്നിനെ

മുഴുവൻ തികവോടെയും വരച്ചുചേർക്കാനും

അനുവദിക്കുന്നവയാണ്

ഈ മാദ്ധ്യമങ്ങൾ

എന്നു നിങ്ങൾക്കറിയാമോ?


കേൾക്കൂ

നിങ്ങളിൽ ചിലരുടെ 

കാൻവാസിൻ്റെ മൂലയിൽ

നിങ്ങൾ എണ്ണച്ചായത്തിൽ വരച്ച

ഒരു സൂര്യനുണ്ടാകാം.

അതിനു മുകളിൽ

പുതിയ ദീപാലങ്കാരങ്ങൾ

എഴുതിച്ചേർത്തോളൂ

നിങ്ങളുടെ പ്രദർശനചിത്രങ്ങളുടെ ആഴങ്ങളിൽ

ആർക്കും കാണാനാവാതെ

പ്രഭ തൂകി

എന്നെന്നേക്കുമായി

നിങ്ങൾ മറന്നു പോയ

ആ സൂര്യനുണ്ടാകും

എന്നും. 

സേവ് അവർ സോൾ

 തീ തുപ്പുന്ന വ്യാളീനാവ്

നഗരത്തെ നക്കിയെടുക്കുന്നതിനു

തൊട്ടുമുൻപ്

ആ കപ്പൽ

തീരം വിട്ടിരുന്നു.


തിരമാലകളാൽ

ചുരുട്ടിയെറിയപ്പെടുമ്പോഴും

കാറ്റിലും കോളിലും 

അലഞ്ഞൊഴുകുമ്പോഴും

ഒടുവിൽ

അറബിക്കടലിൻ്റെ കിഴക്കൻതീരങ്ങളിൽ

മണ്ണിൽ പുതഞ്ഞടിയുമ്പോഴും

കപ്പൽ ഉള്ളിലൊരു 

കുടുംബത്തെ കാത്തിരുന്നു.


കപ്പൽ വീണ്ടെടുത്ത

പുതിയ ഉടമ

ആ കുടുംബത്തെ

ആരും കാണാതൊളിപ്പിച്ചു.

പിന്നെ ഇടക്കിടെ 

പുറത്തെടുത്ത്

മുറുക്കിയടച്ച കണ്ണാടിക്കുപ്പിയുടെ

പായലടർന്ന തെളിച്ചം 

കാട്ടിക്കൊടുത്ത ചിത്രത്തിലെ

ചുവന്നുതുടുത്ത മുഖമുള്ള ബാലനിൽ

തൻ്റെ മുഖം നോക്കി.

അരികത്തു ചിരിതൂകുന്ന

മാതാപിതാക്കളെ നോക്കി.

അമ്മക്കയ്യിലിരുന്നു ചിരിക്കുന്ന

കുഞ്ഞനുജത്തിയെ നോക്കി.

'സേവ് അവർ സോൾ' എന്ന

നിലവിളിക്കുറിപ്പിലെ

രക്തക്കറ നോക്കി.



തീതുപ്പുന്ന വ്യാളികൾ 

അകലങ്ങളിൽ

പെറ്റുപെരുകുന്നതും

അവ

ഭൂപടങ്ങളെ ചുട്ടുതിന്നുന്നതും

വിശപ്പു സഹിയാതെ

പുതിയ ഇടങ്ങൾ തേടി

അടുത്തടുത്തു വരുന്നതും

അവനറിഞ്ഞു.



പ്രതിരോധത്തിനായി

കുഞ്ഞുകൈകൾ

ഏറ്റവും മൂർച്ചയേറിയ 

ആയുധമെടുത്തു.

പിന്നെ

മായാത്ത മഷിയിൽ മുക്കി

തൻ്റെ കുഞ്ഞു ഡയറിയിൽ

അന്നത്തെ ദിനക്കുറിപ്പ്

പകർത്തിവച്ചു.

വാക്കിൻ മൂർച്ചയെ

മാറ്റുരച്ച്

ഇളംഹൃദയം 

തീരാത്ത നോവായി.

മുറിവിൽ നിന്ന്

ചോരയിറ്റ്

കടലാസിൽ

ചരിത്രത്തിൻ്റെ

ഉണങ്ങാത്ത കറയായി