Wednesday, 9 November 2022

കുഞ്ഞിനെത്തേടി....

കാറ്റിനെ ചെറുക്കും

മാമരം പോൽ,

അതിശക്തമാം

പ്രവാഹത്തിനെതിരെ

പൊരുതി നീങ്ങുന്ന

തോണി പോൽ,

തുഴഞ്ഞുതളരുന്ന

കൈകളോടെ,

ഗദ്ഗദം പാതിയിൽ മുറിച്ചോ-

രോമനപ്പേർ

ഒരു നിലവിളിയിൽ

ചിലമ്പിച്ചിതറിച്ച്,

ആപത്ചിന്തകൾ വെള്ളിടിവെട്ടി,

കാഴ്ച മങ്ങിമറഞ്ഞ

കൺകളോടെ,

കാറ്റ് കീറിപ്പറത്തിയ

പായയാൽ

നയിക്കപ്പെടുന്നൊരു

കപ്പലായ്,

ദിശയറിയാതെ

ചുറ്റിത്തിരിഞ്ഞ്,

ഒടുവിൽ

വികാരത്തള്ളിച്ചകളുടെ

ചക്രവാതച്ചുഴിയിൽപ്പെട്ട്

പമ്പരം പോലെ കറങ്ങി

മൂർച്ഛിച്ചു വീഴുന്നു,

ജനസമുദ്രത്തിൽ കളഞ്ഞുപോയ

കുഞ്ഞിനെ

തേടുന്നൊരമ്മ.

xxxxxxxxxxxxxxxxxxxxxxxxxx


Monday, 10 October 2022

ആ പക്ഷികൾ പറന്നോട്ടേ.....


അപ്രതീക്ഷിത 

അഗ്നിപർവ്വതസ്ഫോടനങ്ങളിൽ

കത്തിയുരുകി,

അഗാധഗർത്തങ്ങളിലേക്ക്

ലാവയായൊഴുകിയുറഞ്ഞുപോയവരെ 

കണ്ടിട്ടുണ്ടോ?

അചേതനതയിൽ നിന്നും

അവരിൽ ചിലരെങ്കിലും

അതിലോലമായ് വീശുന്ന

മന്ദമാരുതനാൽ

ഉണർത്തപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഇഴഞ്ഞും, വേച്ചെഴുന്നേറ്റുവീണും,

വീണ്ടുമിഴഞ്ഞും

പൂർവ്വഗിരിശൃംഗങ്ങൾ താണ്ടി വിജയിച്ച

ഒരു ന്യൂനപക്ഷത്തെ

അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ടോ?

 

കീഴടക്കിയ സാനുക്കൾക്കു മുകളിൽ

ഉച്ചത്തിൽ പാടി,

ഉന്മാദനൃത്തമാടുന്ന അവരെ

നിങ്ങൾ

‘ഭ്രാന്തർ’ എന്നു വിളിച്ചേക്കാം


പുറന്തോടുകളുരുക്കി നെയ്ത

നഗ്നതയണിയുന്ന അവർ

പക്ഷെ,

തിമിരമില്ലാക്കാഴ്ചയിൽ

തീയായ് ജ്വലിക്കുന്നു.

യുദ്ധം കരിച്ച മണ്ണിൽ

ആദ്യംവിരിഞ്ഞ പോപ്പിപ്പൂവിൻ്റെ

ത്യാഗവിശുദ്ധിയുടെ

ചോപ്പണിയുന്നു

 

 

പോരാളികളാണവർ!!

ആയിരങ്ങളായ് ചിതറിത്തെറിച്ചിട്ടും

മുറികൂടി ഉണർന്നുപറന്നവർ.

ആഞ്ഞുവീശുന്ന ചിറകുകളാൽ

ചുറ്റുമുള്ള

ഏറ്റവും ചെറിയ ഹ്ളാദത്തരിമ്പിനെപ്പോലും

ആർത്തിയോടെ

മാടി നെഞ്ചിലൊതുക്കുന്നവർ 


അവരുടെ ഉന്മദഭാവങ്ങൾ

പൊള്ളൽപ്പാടുകൾക്കു മേൽ

അവരണിഞ്ഞ

മുഖകവചങ്ങളല്ല.

അവ

ഒരു വീണ്ടെടുപ്പിൻ്റെ

പ്രഖ്യാപനങ്ങളാണ്.

ഉള്ളുനിറയുന്ന

ആഘോഷങ്ങളാണ്


കൈവന്ന

ഇത്തിരിസന്തോഷത്തുരുമ്പും

അവരിൽ

ഉൽസവക്കതിനകളുടെ

ആരവക്കുട നിവർത്തുമ്പോൾ

‘ഭ്രാന്തർ’  എന്ന 

നിങ്ങളുടെ വിളിയുടെ പൊട്ടാസുകൾ

കേൾക്കപ്പെടുകയേയില്ല.


Friday, 6 May 2022

നായ് വായ്

 


'ബൗ..ബൗ..' നായ്ക്കുമെറിഞ്ഞുകിട്ടി,

കണ്ടാൽ ചേലിലൊരപ്പക്കഷ്ണം.

പ്രിയകരഗന്ധം! സ്വാദുമതാകും.

കൊതിയോടവനതിലാഞ്ഞുകടിച്ചു.

 

രുചി തെല്ലുമറിഞ്ഞതുമില്ല,

പശിയൊട്ടു കുറഞ്ഞതുമില്ല.

പശയപ്പത്തിലൊട്ടിപ്പോയ

വായ്, നായ് പിന്നെ തുറന്നതുമില്ല.

xxxxxxxxxxxxxxxxxxxxxxxxxxxxx

 

Monday, 25 April 2022

കണ്ണേ...........


 കണ്ണേ ... പിൻതിരിയാതെയിരിക്കുക.

എത്രമേലോർമ്മകൾ കൊണ്ടുനിറച്ചിട്ടും,

വേരറുത്ത് നവതീരമണഞ്ഞൊരാ-

ത്തൈമുല്ല മുറ്റത്തുബാക്കിയുപേക്ഷിച്ച

കൊച്ചുകുഴിപ്പാടു മായാതിരിക്കേയൊരു

സ്മരണപ്പൊട്ടും പെറുക്കാതിരിക്കുക.

 

കാതേ,... പിൻവിളി കേൾക്കാതിരിക്കുക.

ഏതീയമുരുക്കിയൊഴിച്ചടച്ചാലാണീ-

നെഞ്ചിൽ പിച്ചവച്ച പിഞ്ചുപദങ്ങൾ തൻ

തങ്കച്ചിലമ്പൊലി കേൾക്കാതിരിന്നിടു-

മെന്നകം പൊള്ളവേ,യക്കൊലുസ്സീന്നൊ-

രുതിർമണിയും വീണ്ടെടുക്കാതിരിക്കുക.

 

കാറ്റേ.... ഒരു കൊടുങ്കാറ്റായി മാറുക.

അത്രമേലുഗ്രമായ് വീശിയടിച്ചിട്ടും,

ചിത്ര,മുദ്യാനം നിറഞ്ഞൊരീപ്പൂമണ-

മൊട്ടും കുറയ്ക്കുവാനാവാത്തതെന്തെന്നു

ചെറ്റും പരിഭവിക്കാതെയിരിക്കുക.

നിൻ താണ്ഡവ,മനുസ്യൂതം തുടരുക.

 

തൂലികത്തുമ്പ് മുറിച്ചേകളയുക,യേതു

സ്മൃതിനാശത്തെപ്പുൽകിയാലാണിന്നീ-

ഹൃത്താളിയോലയിലാഴത്തിലെഴുതിയ

വർഷചരിതങ്ങൾ മായ്ക്കുവാനായിടു-

മെന്നു മനം വൃഥായുഴറിടവേ,യൊരു

പിൻതാളുപോലും മറിക്കാതിരിക്കുക.

കാലത്തിൻ പമ്പരനൂലിൽ കറങ്ങുക.

xxxxxxxxxxxxxxxxxxxxxxxxxxx