Thursday 16 May 2024

അന്വേഷണം

 പെട്ടെന്നൊരു നാൾ

ഒരാളെ

കാണാതാകുന്നു.

തിരഞ്ഞുപോകുന്ന കൂട്ടങ്ങൾ

തമ്മിൽ പറയുന്നു, 

അയാൾക്ക് ജീവിതം മടുത്തിരുന്നു എന്ന്.

അയാൾക്കെങ്ങും പോകാനില്ലായിരുന്നു എന്നും

അയാൾക്കയാളെ  ചുമന്നു മടുത്തിരുന്നു എന്നും

അയാൾ പറഞ്ഞതായി

അടുത്ത സുഹൃത്തുക്കളുടെ മൊഴി.

അവസാനം അയാളെ കണ്ട ആട്ടിടയർ,

അയാൾ

കാട്ടിലേക്കുള്ള മാർഗ്ഗേ

നടന്നു പോകുന്നതു കണ്ടതായി

സാക്ഷ്യപ്പെടുത്തുന്നു.


കാട്ടിലേക്ക് പോയിട്ടുണ്ടെങ്കിൽ

അന്വേഷിക്കേണ്ടതില്ലെന്ന്

വനപാലകർ.

മനുഷ്യരക്തദാഹികളായ കടുവകളും

കൊലയാളി ഒറ്റയാന്മാരും

പിന്നേയും അനേകം ഹിംസ്രജന്തുക്കളുമുള്ള കാട്ടിൽ

അയാളെ തിരഞ്ഞിട്ടു കാര്യമില്ലെന്ന് നിരാശപ്പെടുന്നു,

 ബന്ധുക്കൾ


എന്നിട്ടും 

അടിക്കാടുകളും

ഉൾക്കാടുകളും മുഴുക്കെ

അവർ അയാളെ തിരഞ്ഞു.

അയാളെ തേടിയുള്ള പ്രയാണപാതകൾ

അയാളിലൂടെത്തന്നെയായിരുന്നു എന്ന്

എത്ര തിരഞ്ഞിട്ടും

അവർ തിരിച്ചറിഞ്ഞതേയില്ല.


കാടായ് ചിരി തൂകി,

കൂടെ നടന്ന അയാളോ,

അവരെയാരേയും

കണ്ടതുമില്ല. 




എന്നെ നീ തൊടുമ്പോൾ



നിന്റെ കരസ്പർശം പോലെ
മൃദുലവും,തണുപ്പുമുള്ള വിരലുകളാൽ
കാറ്റാണെന്നെ തഴുകിയുണർത്തിയത്‌.
സ്വപ്നത്തിൽ ഞാനപ്പോൾ
ചെറിപ്പൂക്കൾ മെത്ത വിരിച്ച വഴിയിലൂടെ
നിറനിലാവിൽ നടക്കുകയായിരുന്നു.
ആ നിമിഷം,ആകാശത്തു നിന്ന്,
ചിറകുകൾ വീശുന്ന
വെളുത്ത കുതിരകൾ വലിക്കുന്ന
ഒരു തേരിറങ്ങി വന്നു.
ചിറകുകളിൽ
താരങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു.
തേർ തെളിച്ചിരുന്ന
വെൺചിറകുകളുള്ള യവനൻ
നീയായിരുന്നു,
നിന്റെ കണ്ണുകളിൽ നക്ഷത്രങ്ങൾ.
നീ വന്ന നേരം മഞ്ഞ്‌ പൊഴിഞ്ഞു.
നീ നഗ്നമായ നിന്റെ വലംകൈ നീട്ടി.
കയ്യുറകളൂരി ഞാൻ നിന്റെ കരം ഗ്രഹിച്ചു.
കൂട്ടിമുട്ടുന്ന നമ്മുടെ നോട്ടങ്ങൾ,
മിന്നൽപ്പിണർച്ചിത്രങ്ങളെഴുതി.
പൊഴിയുന്ന മഞ്ഞ്‌
നിശ്ശബ്ദതയിൽ
നമ്മുടെ വെളുത്ത ശിൽപം കൊത്തി.
തണുത്ത കാറ്റടിച്ചു.
മഞ്ഞു പറന്നകന്നു.
നാം അലിഞ്ഞു മാഞ്ഞു.
പ്രഭാതത്തിന്റെ നനുത്ത വെളിച്ചത്തിലേക്ക്‌
മിഴി തുറക്കെ
മരണത്തിന്റെ തണുപ്പ്‌
എന്നെ പൊതിഞ്ഞു.
വിരഹത്താൽ ചുവന്നൊരു
ധ്രുവനക്ഷത്രം
അപ്പോഴും
ഉദയാകാശത്ത്
മായാൻ മറന്ന് നിന്നു.

ആഴം..

നീ ആഴങ്ങളിലേക്ക്‌ വീണുപോയിരുന്നു.
ഇരുൾജനാലകൾ തുറന്ന്
നീ ഉണ്മയുടെ വെളിച്ചം കാട്ടുമെന്ന്
ഞാൻ വെറുതെ പ്രതീക്ഷിച്ചു.

എന്റെ നിലവിളി നിന്നെ ഉണർത്തിയില്ല.
ഞാൻ എറിഞ്ഞ കാട്ടുവള്ളികൾ നീ തൊട്ടില്ല.
ആഴങ്ങളിലെ ഇരുട്ട്‌ നിന്നെ വെളിവാക്കിയില്ല.

നിന്നെയോർത്ത്‌ ഞാൻ വിവശയായിരുന്നു.
പ്രാണൻ പിരിച്ചൊരുക്കിയ പാശത്തിലൂടെ
ഊർന്നൂർന്നാണ്‌
ഞാൻ നിന്നെ തേടിയിറങ്ങിയത്‌.
ആഴങ്ങളിലെ വഴുവഴുപ്പിൽ
ഇരുളിലേക്ക്‌ നുഴഞ്ഞിറങ്ങുമ്പോൾ
ഞാനാകെ മുറിഞ്ഞിരുന്നു.

കടവാതിൽച്ചിറകുകളിൽ
ഏതോ കറുത്ത കാലം
ചിറകടിച്ച്‌ പറന്നു പോയി.
അപ്പോൾ, അഗാധതക്കു മുകളിൽ
ഗുഹാമുഖത്തു നിന്ന്
ഒളിച്ചുകളിയിൽ ജയിച്ച നിന്റെ
ചിരി ഞാൻ കേട്ടു.
മാഞ്ഞുപോകുന്ന ജീവന്റെ കൂരിരുട്ടിൽ
ഞാനും എന്റെ ഒടുവിലെ ചിരി ചിരിച്ചു.
ഇറങ്ങിവരാൻ
സാധ്യതയില്ലാത്ത കാട്ടുവള്ളിയും
അതിൽ തളിർത്ത ഒരിലയും
എന്റെ അബോധത്തിൽ തൂങ്ങിക്കിടന്നു.