പേരിന്നാഭിജാത്യവും
രൂപസൗകുമാര്യവും
സാമുഹ്യമൂല്യവും
ആവോളം വിളമ്പി,
ഉണ്ണുന്നു ഞാൻ, വാനിറ്റിയെ
ക്രെഡിറ്റ് കാർഡുകൾ,
ചെക്ക്ബുക്കുകൾ,
വിലയേറിയ മൊബൈൽ ഫോൺ,
സൺ ഗ്ലാസുകൾ,
മെയ്ക്കപ്പ് സെറ്റുകൾ,
നീളുന്നെൻ സ്വന്തപ്പട്ടിക.
എൻ്റെ ഉടലൊതുക്കം
ഫ്ലൈറ്റുകളിൽ,
കാറുകളിൽ,
ലോകം ചുറ്റുന്നു.
എൻ്റെ സാന്നിധ്യം
ഫൈവ് സ്റ്റാർ ഹോട്ടലുകളെ,
ജിമ്മുകളെ,
ഡാൻസ് ബാറുകളെ
അഹങ്കാരപൂരിതമാക്കുന്നു.
ഒഫീഷ്യൽ മീറ്റിങ്ങുകളെ
കാൻ്റിൽ ലൈറ്റ് ഡിന്നറുകളെ
ഞാനലങ്കരിക്കുന്നു.
എപ്പോഴോ കാലം
ഔർഗ്ലാസ്
കീഴ്മേൽ മറിക്കുന്നു.
ഭൂമിയുടെ മറുപുറത്തേക്ക്
ജരകളോടെ ഞാൻ
ചൊരിയപ്പെടുന്നു.
വിണ്ടുപൊട്ടിയ നഖങ്ങളിൽ
അധ്വാനം കരിപുരട്ടിയ
ഏതോ കൈകൾ
തിരസ്കൃതർക്കിടയിൽ നിന്നെന്നെ
കോരിയെടുക്കുന്നു.
ഇടനെഞ്ചോടു ചേർത്ത്
നന്ദിമിടിപ്പിൻ്റെ താളം പകരുന്നു.
കാലഗണനയില്ലാത്ത തിരക്കുകൾ
ഇപ്പോളെൻ്റെ പ്രഭാതങ്ങളെ
വിളിച്ചുണർത്തുന്നു.
നാട്ടിൻപുറത്തിലൂടെയും
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയും
സർക്കാർ ബസിലൂടെയും
കുലുങ്ങിയുള്ള യാത്രകളിലൂടെയും
ചായമടിക്കാത്ത ജീവിതമെന്നെ
താലോലിച്ചാശ്ലേഷിക്കുന്നു.
ചോറ്റുപാത്രത്താൽ,
കുപ്പിവെള്ളത്താൽ,
കമ്പി പൊട്ടിയ കുടയാൽ,
കഷായക്കുറിപ്പടിയാൽ ഒക്കെ
മഹോദരം ബാധിച്ചപോൽ
വയർ വിള്ളുമ്പോൾ
പൊട്ടിയടരാറായ ഒരു ബ്രാൻ്റ് നെയിം
എൻ്റെ പള്ളയിലിരുന്ന്
ചിറി കോട്ടുന്നു.
എന്നിട്ടും നിറവോടെ ഞാൻ
തിരക്കിട്ടോടുന്നു;
[ബ്രാൻ്റഡ് ആകാത്ത] ഒരുപാടു നെടുവീർപ്പുകളെ
കുത്തിനിറച്ച്
ഇപ്പോൾ ഇതുവഴി
ഒരു വണ്ടി വരും
അതു പിടിക്കേണ്ടതുണ്ട്.
വൈകിപ്പോയിയെന്നാൽ
അധികാരക്കസേരയ്ക്കു മുന്നിൽ
തലകുനിച്ചു നിൽക്കേണ്ടി വരുന്ന
മാനിയായ ഒരുവളുടെ
[ദുരയില്ലാ] അഭിമാനം
കാത്തുരക്ഷിക്കേണ്ടതുണ്ട്.
അതിനുമുൻപ്
ഒന്നിനുമല്ലാത്ത
ഈ ബ്രാൻ്റ് നെയിം
ഞാനൊന്നെറിഞ്ഞുകളയട്ടെ.