ഒരു മടക്കുകടലാസിനുള്ളിൽ നീ
എന്തിനെയൊക്കെയാണ്
അടക്കം ചെയ്തത്!
വീശിയടിച്ച ഒരൊറ്റ വാക്ക്
ഉണ്ണിവിരിഞ്ഞ
എത്ര പൂങ്കുലകളെയാണ്
തല്ലിക്കൊഴിച്ചത്!
വരമ്പുകൾ കാണാതെ
നൂറുമേനി കൊയ്ത കിളികൾ
ഇപ്പോഴെവിടെയാണ്?
നമ്മുടെ വെളിച്ചത്തെയാകെ
ആഹരിച്ച
രാഹുകേതുക്കൾ
രാശിചക്രങ്ങളിലെ
ഏതു കോണിലാണ്
പുറം കാട്ടി നിൽക്കുന്നത്?
നീയയച്ച ശവമഞ്ചം
ഞാൻ
ഒപ്പു ചാർത്തി കൈപ്പറ്റിയിരിക്കുന്നു.
എന്നെയതിലടക്കം ചെയ്ത്
കത്തുമടക്കുന്നു.