Wednesday 5 June 2024

പുഴുജീവിതത്തിനൊടുവിൽ...



മരണമല്ല,
ധ്യാനമാണ്,
പുഴുജീവിതത്തിനൊടുവിലെ
സുഷുപ്തിയാണ്.
വർണ്ണങ്ങളായ് പുനർജ്ജനിക്കാനുള്ള
തപസ്സാണ്,
ശലഭജന്മത്തിലേക്കുള്ള
നിശ്ശബ്ദയാത്രയാണ്. 


പറന്നുയരുന്ന 
ചിറകുകളിൽ
പല നിറങ്ങളിൽ
മുദ്രണം ചെയ്തിരിക്കുന്നത്,
തപസ്സിൻ്റെ നാളുകളിലെ
ധ്യാനശ്ലോകങ്ങളല്ല,
ആഹ്ളാദത്തിൻ്റെ
ആകാശവർണ്ണങ്ങളാണ്.

മരണസുഷുപ്തിയുടെ വിനാഴികകളെ
കൊക്കൂണുകൾ
മറവിയുടെ
പട്ടുനൂലിഴകൾ കൊണ്ട്
പൊതിഞ്ഞെടുക്കുന്നു.

ഓർമ്മകളെ അടക്കം ചെയ്ത
ശവക്കല്ലറകൾക്കുള്ളിൽ നിന്ന്
ആത്മാക്കൾ 
വർണ്ണശലഭങ്ങളായ് പറന്നുയരുന്നു.

ചിറകുകൾ മുളയ്ക്കാതെ പോയവയ്ക്ക്
ജീർണ്ണതയുടെ വേവുഗാഥകൾ 
രേഖപ്പെടുത്താനായേക്കാം.
പറന്നുയർന്നവയോട്
അതൊന്നും ചോദിക്കരുത്.
പൂർവ്വജന്മം എന്നത്
അവയ്ക്ക് 
വായിക്കാതെ പോയ
പഴങ്കഥ മാത്രമാവും.