തേടിയിറങ്ങുമ്പോൾ
കണ്ടെടുക്കുമെന്ന കാതലുറപ്പുള്ള
ബോധിവൃക്ഷശാഖകൾ
ഏതോ അജ്ഞാതദ്വീപുകളിൽ നിന്ന്
മന്ത്രവിരൽ നീട്ടി വിളിച്ചിരുന്നു.
മൂടൽമഞ്ഞിൻ വിരിമറയ്ക്കുള്ളിലെ
പാതികൂമ്പിയ തളിരിലമിഴികൾ
ധ്യാനഭാവം പൂണ്ടിരുന്നു.
ധ്രുവച്ചിറകുകളിൽ പറന്നണഞ്ഞൊരു
മായാദീപ്തി
ദൂരത്തെ കൺകെട്ടി മയക്കിയിരുന്നു.
വാക്കിൻ വിള്ളൽപ്പിളർപ്പുകളിലൂടെ
നോക്കുകൾ കൂലംകുത്തിയൊഴുകുന്ന
കിഴുക്കാം തൂക്കാം ഗർത്തങ്ങളിലൂടെ
പക്ഷിച്ചിറകു മുറിക്കുന്ന
നിശ്വാസക്കൊടുങ്കാറ്റിലൂടെ
കാഴ്ച മായ്ക്കുന്ന തിരമാലകളിലൂടെ
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
കടും ചുവപ്പു നിറമുള്ള
ആ മാന്ത്രികദ്വീപിൽ
നീയുണ്ടാകുമെന്ന്
ഒഴുക്കിനെതിരെ തുഴഞ്ഞുള്ള
ദുർഘട തോണിയാത്ര.
പാതിവഴിയിൽ
തുഴത്തണ്ടൊടിച്ച്
അഗാധതയിലേക്കെടുത്തെറിയുന്ന
ജലപാതം.
കുത്തൊഴുക്ക് തകർത്ത
പാറക്കെട്ടുകൾക്കൊപ്പം
മുങ്ങിമറഞ്ഞ മായാദ്വീപിൻ്റെ
ഓർമ്മബാക്കിയായി
ചുഴിയിൽ മറയുന്നു,
കുതിർന്നുമിഴിഞ്ഞ ഒരേകനേത്രം
പിന്നെ
ജലത്തോളേറിയ ദലം പോൽ
അയാസരഹിതമായി
ഒഴുക്കിനൊത്ത് അങ്ങിനെ...
ആഴങ്ങളിൽ നിന്ന്
മെല്ലെയുയർന്നു വന്ന
ഇരു കൈകൾ
തോണിയിൽ പിടുത്തമിട്ടത്
അപ്പോഴാണ്.
വലിച്ചുയർത്തി നോക്കുമ്പോഴുണ്ട്
ചിരിയിൽ
തടാകപ്പരപ്പുകളുടെ ശാന്തതയൊളിപ്പിച്ച
ഒരുവൾ
പ്രകാശപൂരിതമായ
പവിഴദ്വീപിൻ തീരങ്ങളിലൂടെ
ഞങ്ങളിപ്പോൾ
കരം കോർത്ത് നടക്കുന്നു.
ശരൽക്കാലവർണ്ണങ്ങൾ
പാവാട ചുറ്റിയ
തീരജലത്തിൽ
ഒരൊറ്റ പ്രതിച്ഛായ
ഞങ്ങൾക്കൊപ്പം
ചിരിച്ചു നീങ്ങുന്നു.
Wednesday 30 October 2024
തേടൽ
Subscribe to:
Posts (Atom)