Thursday 6 June 2024

ബന്ധിതം

കണ്ണുകൾ മൂടിക്കെട്ടി,
കാൻവസിൻ്റെ മുന്നിൽ നിൽക്കുന്നു.
നിന്നെ ഓർത്തെടുക്കുന്നു.


നിന്നെ വരക്കുന്നു.
പുഴയെ വരക്കുന്നു.
പൂക്കളെ,
പാടുന്ന കിളികളെ,
നക്ഷത്രങ്ങളെ,
തെളിഞ്ഞ ആകാശത്തെ,
സൂര്യനെ വരക്കുന്നു.


നീയെൻ്റെ കളർ പാലറ്റ്
തട്ടി മറിക്കുന്നു.
കണ്ണു തുറന്നപ്പോഴേക്കും
എൻ്റെ പുഴ ഒഴുകിപ്പോയിരുന്നു.
പൂക്കൾ പൊഴിഞ്ഞുപോയിരുന്നു.
കിളികൾ പറന്നുപോയിരുന്നു.
ആകാശമിരുണ്ട്,
നക്ഷത്രങ്ങൾ മാഞ്ഞ്,
സൂര്യൻ മറഞ്ഞുപോയിരുന്നു.


ചായപ്പടർപ്പിൽ
നിന്നെ തിരഞ്ഞു.
പച്ചയിൽ,
മഞ്ഞയിൽ,
ചുവപ്പിൽ,
വെളുപ്പിൽ..



ഒരു തുള്ളി കറുപ്പിനാൽ
ഞാനൊരു ബലൂൺ വരച്ചു.
പിന്നെ നിറങ്ങൾ
ഊതിയൂതി നിറച്ചു.
ബലൂൺകാലുകളിൽ
ഇപ്പോഴൊരാകാശപേടകം.
ഞാനതിൻ്റെ ഒത്ത നടുക്കിരിക്കുന്നു.
പറക്കുന്നു.

രാജ്യങ്ങൾ പറന്നുപറന്നു പോകുന്നു
സമുദ്രങ്ങൾ,
ഗ്രഹങ്ങൾ,
ഗാലക്സികളാകെയും
പറന്നുപറന്നുപോകുന്നു.



ഇപ്പോഴത്
തുടിക്കുന്ന ഹൃദയം കൊത്തിവച്ച
ഒരു പടിവാതിലിലിലെത്തുന്നു.
ഞാൻ വാതിൽ തള്ളിത്തുറന്ന്
ഒരു ഒറ്റമുറിയിലേക്കു കടക്കുന്നു.
മുറി നിറയേ
നിൻ്റെ കുസൃതിച്ചിരിയുടെ
ചുവന്ന റോസാപ്പൂക്കൾ!

ഞാൻ നിന്നെ തിരയുന്നു.

അപ്പോഴതാ,
പൂക്കൾ ചിറകു വിടർത്തുന്നു.
പറന്നു പൊങ്ങുന്നു.
ദൂരങ്ങളിൽ നിന്ന്
എനിക്കു കേൾക്കാം,
അകന്നകന്നുപോകുന്ന
അവയുടെ ചിറകടികൾ.

ചിറകു മുറിഞ്ഞ്
ബന്ധിതമായ
ഒരു ചിരി
ഇപ്പോഴിവിടെ
എൻ്റെ ചുണ്ടുകളോടു
പറ്റിച്ചേരാനായി,
ഇല്ലാച്ചിറകുകളിട്ടടിച്ചുകൊണ്ടിരിക്കുന്നു.