Sunday, 24 November 2024

രണ്ടാം ബോഗിയിൽ നടന്നത്

തിരക്കിട്ട് 

കയറിയതു മുതൽ

ആറു സ്റ്റേഷനുകൾക്കിപ്പുറം

ഇറങ്ങുന്നതു വരെ

രണ്ടാമത്തെ ബോഗിയിൽ നടന്നതൊന്നും

അവൾ കണ്ടതേയില്ല.


ബോഗിയിൽ അതിനകം

ഇടതു വിൻ്റോസീറ്റിലിരുന്ന യുവാവ്

അയാളുടെ ചുണ്ടുകളെ തേടിയെത്തിയ

തുടുത്ത അധരങ്ങളിലേക്ക്

അൽപ്പം കുനിഞ്ഞ്

ആദ്യചുംബനത്തെ 

ചേർത്തു വച്ചിരുന്നു. 


തൊട്ടടുത്തൊരാൾ

സാരിത്തലപ്പിൻ്റെ മൃദുലതയിൽ

വർഷങ്ങളെ പുതച്ച്

അമ്മക്കാലിൽ വട്ടപ്പിടുത്തമിട്ടിരുന്നു.



പൂമാല ചാർത്തിയ

ചിത്രത്തിനരികിലെ

ചലനമറ്റ കണ്ണുകളെ

കണ്ണീർ തൊട്ടടച്ച്,

നെഞ്ചിലെ പൊള്ളലിൽ

തലചേർത്തുറങ്ങുന്ന

ഇളം മേനിയിൽ

തലോടിക്കൊണ്ടിരുന്നു,

മറ്റൊരാൾ


അറ്റമിരുന്ന 

യുവകോമളൻ

പൂവിരിച്ച മെത്തയിലേക്ക്

പൂവിനേക്കാൾ ലോലമായ

രണ്ടു കൈകൾ പിടിച്ച്

തന്നോടുചേർത്തിരുത്തിയിരുന്നു.


വലതു വിൻ്റോസീറ്റിലിരുന്ന

പ്രായമേറിയ അമ്മ

അന്തിച്ചുവപ്പു പോൽ കലങ്ങിയ

ലിപ്സ്റ്റിക്കിനും ചാന്തുപൊട്ടിനുമൊപ്പം

കയറി വന്ന

വിയർപ്പു നാറുന്ന പൂമണത്തെ

തളരാത്ത ഇടം കയ്യാൽ

തന്നോട് ചേർത്ത്,

കോരിയൂട്ടിയ കഞ്ഞിയിൽ

പശിയാറ്റിയിരുന്നു.


അതിനരികിലിരുന്നൊരുവൾ 

കഴച്ചുകിനിയുന്ന മുലപ്പാലും

വേദനയും പിഴിഞ്ഞൊഴിച്ച്,

മാറിൽ പൂമാല ചുറ്റി,

നീലിച്ചുമരവിച്ച ഇളം ചുണ്ടുകളിലേക്ക്

ഓർമ്മകൾ ഇറ്റിച്ചുകൊണ്ടിരുന്നു.



പുതുറിസോർട്ടിൻ്റെ

മറവിയിലുറങ്ങുന്ന

പഴയ തറവാടിൻ മുറ്റത്ത്

പൂമഴ നനഞ്ഞ്

മുത്തശ്ശിക്കൈ ചൂടി

പിച്ച നടന്നിരുന്നു,

ഇനിയൊരുവൾ


നഗ്നശിരസ്സ്

സാരിയാൽ മറച്ച്

തൊട്ടടുത്തിരുന്നവൾ,

ജീവൻ കരമായ് ചോദിച്ചപ്പോൾ

നങ്ങേലിയായവൾ,

അപ്പോൾ 

പ്രതിഷേധം മറന്ന്,

പൂവിൻ ഭാരത്താൽ

നമ്രശിരസ്കയായി

വിവാഹമണ്ഡപത്തിലേക്ക്

ലജ്ജയോടെ 

ചുവടുകൾ വച്ചിരുന്നു.



പൂക്കൂട തലയിലേന്തിയിട്ടും

ജനാലയിലൂടെ വീശിയടിച്ച കാറ്റിൽ

വിശപ്പു മാത്രം മണത്ത,

ഒരുവൾ

ഇതൊന്നും കാണാതെ

ആറാമത്തെ സ്റ്റേഷനിലിറങ്ങി 

തിടുക്കത്തിൽ നടന്നു.


അകലെ മാർക്കറ്റ്

അവളുടെ

പൂമണം മുഴുവൻ

വാരിയണിഞ്ഞിട്ടും

അവളിൽ നിന്നും

ഏറെ ഓടിയകന്ന

രാണ്ടാം ബോഗിയിൽ

കണ്ണീരും ചിരിയും പൊഴിച്ച്

അപ്പോഴുമൊരു മുല്ലപ്പൂക്കാലം

പൂ പൊഴിച്ച് നിന്നു.