Saturday 29 June 2024

നോക്കൂ.... ഇവിടെ പൂക്കാലമാണ്.

ജനൽച്ചില്ലിൽ 

വെയിൽച്ചൂട്.

ഷോപ്പിങ്ങ് ബാഗുമായി

പുറത്തിറങ്ങുമ്പോൾ

കുളിര്.

ജാക്കറ്റ് എടുക്കേണ്ടിയിരുന്നോ

എന്ന് ചിന്തിക്കുന്നു.


ചിന്തിച്ചത് മറവിയിലാക്കിക്കൊണ്ട്

മുന്നിലപ്പോൾ  ഒരു

ആഫ്രിക്കൻ സുന്ദരി.

അംഗവടിവുകളെ ഇറുകെപ്പുണർന്ന്,

കാൽമുട്ടുകൾക്ക് 

തൊട്ടു മുകളിൽ എത്തിനിൽക്കുന്ന

സ്ലീവ്ലെസ്സ് ഉടുപ്പ്.

'ഷീ ലുക്ക്സ് വെരി പ്രിറ്റി ഇൻ ദിസ് ഡ്രെസ്സ്' എന്ന്

അഭിനന്ദനത്തിൻ്റെ ചിരി 

മനസ്സിൽ മൊട്ടിടുന്നു.

ചുണ്ടിൽ പൂത്തുവിരിയുന്നു.

അപ്പോൾ

ആശങ്കയിൽ സുന്ദരി തിരിയുന്നു.

എൻ്റെ ചിരിയിലൊരംശം

പകുത്തെടുക്കുന്നു.

'ആർ യു ഓൾറൈറ്റ്?' ആശങ്ക കണ്ടു ചോദിക്കുന്നു.

'ജാക്കറ്റ് എടുക്കണമായിരുന്നോ എന്ന് ചിന്തിക്കുകയായിരുന്നു'

ആംഗലത്തിൽ മറുപടി.

'വെൽ..[കാരണം തണുപ്പാകാൻ സാധ്യതയില്ല]

'യെസ്,  ബട്ട് വൈ ഡു യു നീഡ് ദ ജാക്കറ്റ്?'

പള്ളിയിൽ പോകുന്നുവത്രേ.

കൈകളുടെ നഗ്നതയാണു വിഷയം.

'യു ലുക്ക് വെരി പ്രിറ്റി ഇൻ ദിസ് ഡ്രെസ്സ്'

അഭിനന്ദനത്തിൻ്റെ  പുഞ്ചിരിപ്പൂവിൽ നിന്ന്

ഒരു  വിത്തുവീണ്

പെട്ടെന്നാ ചുണ്ടുകളിലൊരു

പൂക്കാലം വിടരുന്നു.

ഒരേ പൂമഴയിൽ നനഞ്ഞ്

ഒരേ പൂമെത്തയേറി

രണ്ടുപേർ

ഏതാനും ചുവടുകളൊരുമിച്ചു വയ്ക്കുന്നു


ഹൈഹീൽഡ് ചെരുപ്പുകളിൽ

ആത്മവിശ്വാസത്തോടെ തലയുയർത്തി

ഇപ്പോഴെൻ്റെ മുന്നിലൂടെ

ഒരു പൂക്കാലം

നടന്നു പോകുന്നു.


ഇടറോഡ് മുറിച്ചുകടക്കാനൊരുമ്പെടുമ്പോൾ

ഒഴുകിവന്ന കാറിനായി 

ഒതുങ്ങിമാറി നിൽക്കുന്നു.

ഡ്രൈവിങ്ങ് സീറ്റിലിരുന്ന്

വൃദ്ധയായൊരു വെള്ളക്കാരി

നന്ദിപൂർവ്വം 

കയ്യുയർത്തിക്കാട്ടി,

എൻ്റെ ചുണ്ടിൽ നിന്നൊരു 

പൂവിതൾ

ഇറുത്തെടുക്കുന്നു.

ഡ്രൈവിങ്ങ് സീറ്റിലിപ്പോൾ

ഒരു നിറപൂക്കൂട!


സുഗന്ധവാഹിയായി

ഒരു  കാർ

ഓടിയോടിപ്പോകുന്നു.


ആദ്യമെത്തിയവർ ആദ്യം,

എന്ന മുറയ്ക്ക്

ബസ്സിലേക്ക് കയറുവാൻ

വഴിമാറിത്തന്ന,

ഷോപ്പിങ്ങ് ട്രോളിയുമായി നിന്ന,

മധ്യവയസ്കയായ 

യുറേഷ്യൻ സ്ത്രീയോട്

'ആഫ്റ്റർ യു' എന്ന്

കണ്ണു കൊണ്ട് ആഗ്യം.

അവരും വാങ്ങി,

എൻ്റെ ചിരിവിത്തുകൾ.


ബാങ്ക് കാർഡ് എടുക്കാൻ മറന്ന്

ബാഗിൽ തപ്പി, കാഷ് കാണാഞ്ഞ്

കുഞ്ഞിരിക്കുന്ന പ്രാമുമായി

ബസ്സിൽ നിന്നും തിരികേയിറങ്ങാൻ തുടങ്ങിയ

ഇംഗ്ലീഷ് യുവതിയോട്

'ഡു യു നീഡ് സം മണി' 

എന്നു ചോദിച്ച്, കൊടുക്കുമ്പോൾ

ഇതാ വിടരുന്നു,

എൻ്റെ ചുണ്ടിലെ അതേ പൂക്കൾ

അവളുടെ ചുണ്ടിലും!

ബസ്സിനുള്ളിൽ നിന്നപ്പോൾ

എല്ലാ കണ്ണുകളും

ഇറങ്ങി വന്ന്

ഓരോ ചിരിവിത്തും വാങ്ങി

സ്വന്തം ചുണ്ടുകളിൽ നട്ട്

നൊടിയിടയിൽ

ഓരോ പൂക്കാലം വിടർത്തുന്നു.


ഒരു പൂവാടിയിപ്പോൾ

ടൗണിലേക്കു സ്റ്റിയർ ചെയ്യുന്നു.


മുൻസീറ്റിലിരിക്കുന്ന 

ഇൻഡ്യൻ വേഷമണിഞ്ഞ വൃദ്ധ ചോദിക്കുന്നു,

'ഡു യു ഹാവ് ഇൻ്റർനെറ്റ്?

കുഡ് യു പ്ലീസ് ഫൈൻ്റ് എ പോസ്റ്റ് കോഡ് ഫോർ മി'

ഒറ്റക്കു ജീവിക്കുകയാണത്രേ.

മകൻ്റെ പുതിയ അഡ്രസ്സിലേക്കുള്ള യാത്രയാണ്.

ലക്ഷ്യത്തിൽ ബസ്സെത്തുമ്പോഴേക്കും

മകൻ്റെ വിശേഷങ്ങളുടെ 

പൂമഴയിൽ നനഞ്ഞു കുളിർന്ന്

ഞാനിങ്ങനെ...


ശേഷം,

ബസ്സിറങ്ങി,

ട്രൈവീലർ വാക്കറിൽ ബാലൻസ് ചെയ്ത്,

ഒരു പൂമരം

വേച്ചുവേച്ച് നടന്നു പോകുന്നു.


പൂവിത്തുകൾ

പുറത്തേക്കു തൂവി,

ബസ്സ് പിന്നെയും നീങ്ങുമ്പോൾ,

ചുറ്റുപാടും കണ്ണയക്കുന്നു.

ആഹാ...

എത്ര പെട്ടെന്നാണിവിടെല്ലാം 

പൂക്കളാൽ നിറഞ്ഞത്, 

എന്നതിശയിക്കുന്നു.


നോക്കൂ, നിങ്ങളോടാണ്.

ഇവിടെ പൂക്കാലമാണ്.

ഇവിടെയെല്ലാം നിറയേ

പൂക്കളാണ്.

ഇനിയുമെത്ര വസന്തങ്ങൾക്കുള്ള

പൂവിത്തുകളാണെന്നോ

ഇവിടെല്ലാം..