Tuesday, 15 October 2024

നീ നർത്തകി

 നീ വിൺനർത്തകി 

നിൻ്റെ വിരലുകളിൽ 

ഹംസങ്ങൾ

ചിറകടിച്ചു പറക്കുന്നു.

നിൻ്റെ അധരങ്ങളിൽ

പ്രാവിണകൾ  കുറുകുന്നു.

മിഴികളിൽ  

ഇണമയിലുകൾ കൊക്കുരുമ്മുന്നു


നീ  സാഗരനർത്തകി

നിൻ്റെ വാക്കുകളുടെ ലവണങ്ങളിൽ

നക്ഷത്രമൽസ്യങ്ങൾ നീന്തുന്നു

നോക്കിൻ്റെ ദ്വീപുകളിൽ

പവിഴങ്ങളും മുത്തുച്ചിപ്പികളും

രഹസ്യങ്ങളൊളിപ്പിക്കുന്നു.

ഉടയാടഞൊറികളിൽ

മൽസ്യകന്യകൾ 

കസവു തുന്നുന്നു.


നീ ഋതുനർത്തകി.

നിൻ്റെ ഊഷ്മളശ്വാസത്തിൽ

വസന്തം 

തേരേറിയണയുന്നു.

മുടിയിഴകളിൽ 

മുല്ലവല്ലികൾ തളിർക്കുന്നു.

കാൽച്ചുവട്ടിൽ

പനിനീർപ്പൂ

മെത്ത വിരിക്കുന്നു. 

ചുണ്ടുകളിലെ മദഗന്ധത്തിൽ

ഏഴിലം പാല

പൂക്കുന്നു.




നീ കാവ്യനർത്തകി

ഇരവിലും പകലിലും

ഋതുസന്ധ്യാനേരത്തും

കനവിലും

നിനവിലും

നീ നൃത്തമാടുന്നു. 







ചെറ... ആഴി...

അങ്ങേ ചെറയിൽ നീയുണ്ട്. 

വെള്ളിച്ചായമിറ്റിച്ചിറ്റിച്ച്

നിലാവ്‌ നിൻ്റെ

രജതരേഖാരൂപമെഴുതുന്നുണ്ട്‌.


ഇങ്ങേ ചെറയിലെ ഇരുട്ടിൽ

ഞാനുണ്ട്‌.

മന്ദം വീശുന്ന കാറ്റ്

നിൻ്റെ ഗന്ധത്താൽ

എന്നെ വരക്കുന്നുണ്ട്‌.


നമുക്കിടയിൽ 

ഈ കായലുണ്ട്‌.

ഉള്ളിൽ

നക്ഷത്രത്തിര തല്ലും

ആഴിയുണ്ട്. 

ആഴത്തിലെവിടെയോ മുങ്ങിക്കിടപ്പുണ്ട്‌,

നിന്നിലേക്കെന്നിലേക്കുള്ള തോണി. 

മുങ്ങിയെടുക്കുവാനാകാതെ,

നനയാതെ,

അക്കരെ ഇക്കരെ

നമ്മളുണ്ട്. 

ചിറ താണ്ടി,

പുഴ താണ്ടി,

മൂകമാമിരുൾ താണ്ടി

ഒരു മിന്നി നമ്മിലേക്കണയുന്നുണ്ട്


പരൽപ്പിടച്ചിൽ

 എന്നിട്ടുമയാൾ 

വലയെറിഞ്ഞുകൊണ്ടിരുന്നു.

വീശിയെറിഞ്ഞ വലയിൽ

നിറഞ്ഞുപുളയുന്ന നിലാപ്പരലുകളെ

വെറുതെ

വഞ്ചിയിൽ കുടഞ്ഞിട്ടുകൊണ്ടിരുന്നു.

വഞ്ചിയിൽ ഓളം തല്ലുന്ന 

ഇത്തിരി വെള്ളത്തിൽ

പരലുകളോടി നടന്നു


നേരം പുലർന്നു. 

രാ കടൽക്കാക്കകൾ

അയാളുടെ കൺപരലുകളെ

റാഞ്ചി പറന്നു. 

തീരമണഞ്ഞ വഞ്ചിയുടെ 

പഴകിപ്പൊളിഞ്ഞ പടിയിലിരുന്ന്

ഇത്തിരി വെള്ളത്തിൽ

കുഞ്ഞുകാലുകളിളക്കി

അയാളുടെ കുഞ്ഞുങ്ങൾ

പരലുകളെ തിരഞ്ഞു. 


അയാളപ്പോൾ

പൊട്ടിയ ഇരുട്ടിൻ്റെ കണ്ണികൾ

തുന്നുകയായിരുന്നു.

ഇരുൾക്കണ്ണികൾ ഭേദിച്ച

പരലുകൾ 

വാനമാകെ നിറഞ്ഞിരുന്നു.


വാനമപ്പോൾ

മഴ വീശിയെറിഞ്ഞു. 

മഴക്കണ്ണികളിൽ പൊതിഞ്ഞ്

അയാളും

കുഞ്ഞുങ്ങളും

അയാളുടെ ഓലക്കുടിലും. 


വലയിലിപ്പോൾ 

നിറയുന്ന ജീവൻ്റെ പിടച്ചിൽ