Friday, 17 February 2023

മഹാവിസ്ഫോടനത്തിൽ പ്രപഞ്ചം രൂപീകരിക്കപ്പെടുന്നത്...

ആദിയിൽ സർവത്ര

ശൂന്യമായിരുന്നു.

ഭൂമിയോ താരങ്ങളോ

ഇരുളോ വെളിച്ചമോ

ശൂന്യത പോലുമോ

ഇല്ലാത്തത്ര ശൂന്യം.

 

നിശ്ചലതയുടെ

അതിസൂഷ്മമൊരു നിമിഷത്തിൽ

പിൻകഴുത്തും ചുണ്ടുകളും

ചേർന്നുരഞ്ഞുണ്ടായ

അഗ്നിസ്ഫുലിംഗത്തിനുള്ളിൽ നിന്ന്

പെട്ടെന്നൊരുവൾ ആവിർഭവിക്കുകയും

അത്യുഷ്ണത്താൽ

നിമിമാത്രയിൽ

മഹാവിസ്ഫോടനപ്പെടുകയും

പരകോടി വികിരണങ്ങളായി

ഉജ്ജ്വലിതയാവുകയും ചെയ്തതിൻ്റെ

പരിണിതിയിൽ

ആദിപുരുഷനെന്ന

അപ്രമേയപ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു.

 

അനന്തരം

ആകർഷണബലങ്ങൾ

രൂപീകൃതമാവുകയും

അത്യാകർഷണത്താൽ

പ്രകാശാതിവേഗത്തിൽ

സംശ്ലേഷിക്കപ്പെട്ട്

അവനുമവളും

അനേകപരമാണുക്കളുടെ

അനന്തപൂത്തിരികളായും

ധൂപധൂളികളായും

ചിതറിത്തെറിക്കപ്പെടുകയും ചെയ്തു.


അതിനു ശേഷമാണ്

അപ്രതീക്ഷിതമായി

പ്രണയമാരി പ്രളയപ്പെടുന്നതും,

ആകെ നനഞ്ഞൊരാലിലയായി

അവൻ്റെ നെഞ്ചകമാകെയവൾ

ഒഴുകി നടന്നതും,

പിന്നീട്‌

അവനിലെ ജീവജലമായി

അലിഞ്ഞു ചേർന്നതും.


അന്നുമുതൽ

അവനിലെ പ്രപഞ്ചം

അനുസ്യൂതം

വികസ്വരമായിക്കൊണ്ടിരിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


Thursday, 16 February 2023

മായാദർശനം

ഇതെൻ്റെ പാനോപചാരശാല.

പ്രിയനേ,

ഇവിടെ ഞാൻ നിനക്കെൻ്റെ

പ്രണയം വിളമ്പട്ടെ.

 

 

ചെറുകുളിർക്കാറ്റിൻ്റെ തലോടലിൽ

ഇക്കിളിയുണരുന്ന

പാടലവർണ്ണവിരികൾക്കരികിൽ,

ചുവന്ന

മെഴുതിരിവെട്ടം കൺമിഴിക്കുന്ന

ആ മേശ കണ്ടോ?

പൂപ്പാത്രങ്ങൾ വച്ചുനീട്ടുന്ന

ചെമ്പനീർപ്പൂക്കളേയോ?

ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങളിൽ മുക്കി

വിശറി വീശുന്ന കാറ്റിനെ?

'പ്രണയം വിളമ്പുമിടം ‘എന്ന

നമ്മുടെ സംഗമസ്ഥാനത്തെയാ

ഒഴിഞ്ഞ കോണിൽ,

ഒരുക്കങ്ങളിലൊന്നും തൃപ്തയാവാതെ

ഖിന്നയായിരിക്കുന്ന

എന്നെ നീ കാണുന്നില്ലേ?

നമ്മുടെ പ്രണയചേഷ്ടകളെയോർത്ത്

ഇപ്പോഴും മുഖംപൊത്തി നാണിച്ചു നിൽക്കുന്ന

ഈ ജാലകക്കൈകളെ വിടർത്താൻ

നീയണയുന്നതും കാത്ത്

നാളെത്രയായിരിക്കുന്നു, ഞാനിങ്ങനെ....

 

മെഴുതിരിയത്താഴമേശയെച്ചൂഴുന്ന

അരണ്ട വെളിച്ചത്തിൽ

പഴയ പോലെ

എൻമിഴിപ്പൊന്മകളെ ഞാനിന്ന്

കൂടു തുറന്നു വിടും.

അവ നിൻ്റെ തൃഷ്ണകളെ

കൊത്തിയെടുത്തു പറക്കുന്നതിലെ

വിരുതു കണ്ട്

കടങ്കഥയിൽ തോറ്റ കുട്ടിയായി

പതിവു പോലെ

കുസൃതിക്കുളം കലക്കി നീ

ഇത്തിരിവെട്ടം കെടുത്തരുത്.

എണ്ണിയെടുക്കാനാവാത്ത വണ്ണം

എനിക്കായി നീ വളർത്തിപ്പെരുപ്പിച്ച

മീനുകളെ

തെളിജലത്തിലൂടെ

എല്ലാവരുമൊന്നു കാണട്ടെ.

 

നോക്ക്,

നിരനിരയായ് നിൽക്കുന്ന

സ്ഫടികസാലഭഞ്ജികകൾ കൈകളിലേന്തുന്ന

നിൻ്റെ ഇഷ്ടഭോജ്യങ്ങളെ.

 

ഇതാ ബുൾസ് ഐ.

ഏറെ മുളകും മസാലയും ചേർത്ത്,

വരട്ടിയെടുത്ത കരൾ.

നന്നായി മൊരിഞ്ഞ ഫിംഗർചിപ്സ്.

ഒന്നും ഞാൻ മറന്നില്ലല്ലോ, എന്നത്ഭുതപ്പെടണ്ട.

നിൻ്റെ  പ്രിയ ഓർമ്മകളിൽ മാത്രമാണല്ലോ

ഞാനിന്നും ജീവിക്കുന്നത്.

 

എൻ്റെ പ്രണയത്തിനു സമം

വീര്യമൂല്യങ്ങളേറിയ,

കാത്തിരിപ്പിൻ്റെ എട്ടുവർഷങ്ങൾ

ചുവപ്പിച്ച,

ഈ വീഞ്ഞ്

ഒന്ന് ചുണ്ടോടു ചേർക്കൂ.

എൻ്റെ ചുംബനലഹരിയോളമായില്ലെന്ന്

ഒരിക്കൽക്കൂടി പറഞ്ഞ്

എന്നെയും ലഹരിയിലാറാടിക്കൂ.

അയ്യോ ...

എന്തേ നീയത് തുപ്പിക്കളയുന്നു?!

മനംപുരട്ടുന്ന ചുവയെന്നോ?!

"മൈ സ്വീറ്റ്‌ ഹാർട്ട്‌" എന്ന്

നീ വാഴ്ത്തിയിരുന്ന

ഹൃദയം പിഴിഞ്ഞെടുത്ത

നീരാണത്.

 

ദാ ഈ കരൾക്കഷ്ണം കടിച്ച എരിവിനൊപ്പം

എൻ്റെ കരളേ...‘എന്നെന്നെ

ഒന്നുകൂടി വിളിക്കൂ..

അതുകണ്ട് നീ ഓക്കാനിക്കുന്നതെന്തേ?

 

ഇതാ

എൻ്റെ കണ്ണുകളെപ്പോലെ രുചികരമെന്ന്

നീ പറയാറുള്ള ബുൾസ് ഐ.

ഉപ്പും എരിവുമേറിയ നിൻ്റെ ചുംബനങ്ങൾ

നിറയെത്തൂകി

നീയത് ഭുജിക്കുക.

 

മൊരിഞ്ഞ

ഫിംഗർചിപ്സിനൊപ്പം

അറിയാതെന്ന പോലെ

എടുത്തുകടിക്കാറുള്ള

എൻ്റെ വിരൽ,

എന്തേ നീ തട്ടിയെറിയുന്നു?

ഓ... നിനക്കിപ്പൊൾ

പുതിയ പഥ്യങ്ങളാണെന്നോ!

 

മുക്കുപൊത്തിയോടുന്നതെന്തേ നീ?

നിനക്കേറ്റവും പ്രിയപ്പെട്ട

നിൻ്റെ പെർഫ്യൂമിൻ്റെ

ഗന്ധമല്ലേ ഇവിടല്ലാം.

എട്ടു വർഷമായി ഞാനുറങ്ങുന്ന

ശവക്കല്ലറയിൽ നിറയുന്ന,

നിൻ്റെ ഓർമ്മകളുടെ

സുഗന്ധം!!

xxxxxxxxxxxxxxxxxxxxxxxxx

 


Sunday, 5 February 2023

സ്പന്ദനം നിലയ്ക്കാത്ത അവശേഷിപ്പുകൾ

ആഴങ്ങളിൽ കുഴിച്ചുമൂടപ്പെട്ടവയുടെ

ഇപ്പോഴും നിലച്ചിട്ടില്ലാത്ത 

ചില സ്പന്ദനങ്ങളുണ്ട്,

നിൻ്റെ കാൽച്ചുവട്ടിലും,

എൻ്റെ കാൽച്ചുവട്ടിലും.

 

ഒന്നു കാതോർത്താൽ കേൾക്കാം,

പരസ്പരം കണ്ടെടുക്കപ്പെടാതിരിക്കാനായി

നീയും ഞാനും

മനപ്പൂർവ്വം മറക്കുന്ന,

മറയ്ക്കാൻ ശ്രമിക്കുന്ന,

നിൻ്റെയോ എൻ്റെയോ വിരൽസ്പർശത്താൽ

വീണ്ടെടുപ്പിനായി

നിശ്ശബ്ദം നിലവിളിക്കുന്ന,

അവയുടെ വളരെ നേർത്ത മിടിപ്പുകൾ.

 

കേൾക്കാൻ ശ്രമിക്കാത്തതല്ലേ?

അറിഞ്ഞില്ലെന്നു നടിക്കുന്നതല്ലേ?

അറിഞ്ഞാൽ

നമുക്കിടയിൽ തകർന്നുവീണേക്കാവുന്ന

ചുവരുകൾക്കടിയിൽപ്പെട്ട്

ഞെരിഞ്ഞുതീർന്നേക്കുമെന്നൊരു 'ഭയം'

ചെവിപൊത്തി, വാളോങ്ങി, നിൽപ്പുണ്ടിവിടെ.

 

അജീർണ്ണബാധയാൽ പ്രളയപ്പെടുമ്പോൾ

നമ്മെ വന്നുതൊടാറുണ്ട്,

ഇടക്കിടെ ഭൂമി വമിപ്പിക്കുന്ന

ഈ അവശേഷിപ്പുകൾ.

പിന്നീട്

നിർജ്ജലീഭവിച്ച് തളർന്നുറങ്ങുന്ന

ഭൂമിയുടെ

ഗർഭച്ചളിയാഴങ്ങളിലേക്ക്

ഭൂമിപോലുമറിയാതെ

നാമവയെ ചവിട്ടിത്താഴ്ത്താറുമുണ്ട്.

 

അമൃതാവശേഷിപ്പുകളായിരുന്നില്ലേ അവയെല്ലാം!!

 

ഇനി മതി.... വരൂ

ഇതാ എൻ്റെ കയ്യൊന്ന് കോർത്തുപിടിക്കൂ...

ഗർഭഗൃഹങ്ങളെ തിരഞ്ഞ്

നമുക്കൊരു യാത്ര പോകാം.

പരസ്പരം കെട്ടുപിണയുന്ന,

കെട്ടിപ്പുണരുന്ന,

അഴിക്കാൻ ശ്രമിക്കും തോറും

കൂടുതൽ സങ്കീർണ്ണമായി

ഇഴപിരിയുന്ന,

പരസ്പരപൂരകങ്ങളായ

ആദിമബിന്ദുക്കളെ കാണാം.

അവിടെവച്ച് നമുക്ക്

മുഖപടങ്ങളുപേക്ഷിക്കാം.

നമ്മിലെ നമ്മെ മാത്രം കണ്ടറിഞ്ഞ്

പരസ്പരമൊന്ന് ഇറുകെപ്പുണരാം

വരൂ... പോകാം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx