Thursday, 30 November 2023

നീ...

നീ......

*നിറയേ പൂത്ത മരത്തിൽ നിന്നും

പൊടുന്നനെ ഞെട്ടറ്റുവീണുപോയ

പൂക്കാലം.

 

*ഇരുമിഴിപ്പോളകൾക്കിടയിലൂടെ

ചിറകടിച്ച് പറന്നുമറഞ്ഞ

സ്വപ്നം

 

*തുറന്ന ജാലകങ്ങളിലൂടെ

അരിച്ചുകയറുന്ന,

തണുത്തുനേർത്ത ഓർമ്മകളായ്

വിട്ടുപിരിയാതെന്നെ പൊതിയുന്ന

ശിശിരർത്തു.

xxxxxxxxxxxxxxxxxxxxxxxxxxxxx

 


ശംഖിൻഹൃദയത്തിൽ കടലെഴുതിയത്..


കടൽക്കരയിൽ

പൂഴിമണ്ണിൽ പുതയുന്ന

ശംഖുകളെ കണ്ടിട്ടില്ലേ?

അവയ്ക്കുള്ളിലൊരുപാട്

കഥകളുറങ്ങുന്നുണ്ടത്രേ!

 

ഊതിയുണർത്തുന്ന കാറ്റിനോട്

അവ, ഹൃദയത്തിൻ്റെ ഭാഷയിൽ

ആ കഥകൾ പറയും.

ജലചുംബനങ്ങളിൽ

ഉറങ്ങിയുണർന്നതിനെക്കുറിച്ച്...

തിരക്കൈകളിലമർന്ന്,

കടൽക്കുതിരത്തേരേറി

പവിഴദ്വീപുകളിലേക്കു പോയ

മധുവിധുയാത്രയെക്കുറിച്ച്.

കടൽലവണത്തിലലിഞ്ഞലിഞ്ഞ്

ഒരു കടലിനെയാകെ

ഹൃദയത്തിലൊളിപ്പിച്ചതിനെക്കുറിച്ച്.

ഒന്നു ചെവിയോർത്താൽ കേൾക്കാം,

ശംഖിൻ്റെ നെഞ്ചിൽ അലയടിക്കുന്ന

പ്രണയത്തിരയിളക്കം.

 

നോക്ക്,

കടൽത്തീരത്ത് 

ഉള്ളാകെ പൂഴി നിറച്ചുറങ്ങുന്ന

ഈ ശംഖിനും

ജീവനുണ്ടത്രേ!!

കടലോർമ്മകളിൽ

വിലയം പ്രാപിക്കുന്നൊരു നാദത്തിനുള്ളിൽ

മൗനം ദീക്ഷിച്ച്,

ധ്യാനം ചെയ്യുന്നൊരു ജീവൻ.  

ഊതിയുണർത്താൻ ശ്രമിക്കുന്ന

ചുണ്ടുകളോട് മാത്രം

മുഴങ്ങുന്ന സ്വരത്തിൽ

കഥ പറയുന്നൊരു ജീവൻ.

അതിൻ്റെ ഹൃദയത്തോടൊന്നു

ചെവിചേർക്കൂ.

അപ്പോൾ കടലും പറയും,

സ്വകാര്യമായി,

ശംഖിൻഹൃദയത്തിൽ കടലെഴുതിയ

അതേ പ്രണയകഥ.

xxxxxxxxxxxxxxxxxxxxxxxxxx


Friday, 24 November 2023

പ്രണയസമാഗമം

നിയതപഥങ്ങളിൽ

ഭൂമിയുടെ

യാന്ത്രികപ്രദക്ഷിണങ്ങൾ

 

വിരഹവേനൽച്ചൂട് പൊള്ളിച്ച

ആകാശത്ത്,

നീണ്ട കാത്തിരിപ്പിനാൽ കാർനിറമാർന്ന

രണ്ടു മേഘങ്ങൾ,

വർദ്ധിതപ്രണയാവേഗത്താൽ

ആലിംഗനബദ്ധരാകുന്നു.

മിന്നൽപ്പിണരുകളപ്പോൾ

പുഷ്പവൃഷ്ടി നടത്തുന്നു

അത്യാകർഷണത്താൽ കത്തിജ്ജ്വലിച്ച്

കൂട്ടിയിടിച്ചലിഞ്ഞില്ലാതാകുവാൻ മാത്രം

പാഞ്ഞടുക്കുന്ന

ജ്യോതിർഗോളങ്ങളെപ്പോലെ

രണ്ടു മുകിൽഹൃദയങ്ങൾ

തമ്മിൽ തേടുമ്പോൾ

ദിക്കറിയാതെ, മനമറിയാതെ

എത്തിച്ചേർന്ന

ഇന്ദ്രിയകാമനവീഥികൾക്കങ്ങേയറ്റത്തെ

സ്വർഗ്ഗവാതിലുകൾ

ഇടിമുഴക്കത്തോടെ തുറക്കപ്പെടുന്നു.

ഒരേമൂശയിലുരുകിയൊന്നുചേർന്ന

രണ്ടു പ്രാണനുകൾ

മുക്തിതീരങ്ങളിലേക്ക്

മാരിയായി

പെയ്തൊഴിയുന്നു.

 

പ്രണയപ്പകർച്ച നനച്ച,

നേർത്ത ഒറ്റച്ചേലയുടുത്ത്

അലസം ശയിക്കുന്നു, ഭൂമി.

തെളിഞ്ഞ ആകാശത്തിന്നാത്മഹർഷം

അപ്പോൾ നക്ഷത്രക്കണ്ണുകൾ ചിമ്മുന്നു.

പിന്നെ വജ്രരശ്മീചുംബനങ്ങളാൽ മൂടി

സമുദ്രഹൃദയത്തിലേക്കടർന്നുവീഴുന്നു.

ഭൂമിയപ്പോൾ

തന്നിലേക്കമരുന്ന ആകാശത്തെ

മാറോടു ചേർത്തു പുണരുന്നു.

Xxxxxxxxxxxxxxxxxxxxxx


Wednesday, 15 November 2023

വിലാസമില്ലാതെ..

രണ്ടുമൂന്നുദിവസങ്ങൾക്കു മുൻപാണ്

ആദ്യമായവനെ കാണുന്നത്.

മൂന്നോ നാലോ വയസ്സ് മതിക്കും.

ഏറിയാൽ അഞ്ച്.

 

ക്രമമില്ലാത്ത അടയാളങ്ങളാൽ

അതിർത്തി രേഖപ്പെടുത്തിയ

സാമ്രാജ്യത്തിൻ്റെ

ഒത്ത നടുവിൽ,

യുദ്ധത്തിൽ തോൽവിയുടെ അറ്റം കണ്ട,

എന്നാൽ

ഒരുവിധ സന്ധിസംഭാഷണങ്ങൾക്കും

തയ്യാറാവാത്ത,

ദുഖാർത്തനും കോപിയുമായ ചക്രവർത്തിയുടെ

ഊരിവീണ പടച്ചട്ട പോലെ

വെറുംനിലത്ത്

കിടക്കുകയായിരുന്നു, അവനപ്പോൾ

 

മിനിഞ്ഞാന്ന് കാണുമ്പോൾ,

രാത്രിമഴ നനഞ്ഞതിൻ്റെ

കുളിരിൽ വിറച്ച്,

അപരിചിതനോട്ടങ്ങളുടെ

ഏറുകൊണ്ട് മുറിവേറ്റ്,

തിരികെയെത്തേണ്ട പാദപതനങ്ങൾക്ക്

കാതോർത്ത്,

കോരിയെടുത്തു തലോടേണ്ട

ഇളംകരങ്ങളെത്തേടി

ദൈന്യതയോടെ, അവൻ

പരുവപ്പെടലിൻ്റെ പാതയോരത്തിരിക്കുന്നു.

 

ഇന്നലെയവൻ

അഴുക്കുമേലങ്കിയണിഞ്ഞ്

കൂനിക്കൂടി

വഴിയരികിലെ ബെഞ്ചിൻ്റെ

നിസ്സഹായതയോടു കൂട്ടുകൂടി

നിശ്ശബ്ദത പുതച്ചിരിക്കുന്നു.

 

ഇന്നലെ

ഏറെവൈകി മെത്തയിലെത്തിയ ഉറക്കം,

വശംചേർന്നു കിടന്നത്

ഞാനറിഞ്ഞതേയില്ല.

ഞാനപ്പോൾ

എൻ്റെ ഇടതുചേർന്നുകിടന്നിരുന്ന

സ്വപ്നത്തിൻ്റെ കാതിൽ

അവൻ്റെ കഥ പറയുകയായിരുന്നു.

കഥ വളരുംതോറും അവളെന്നെ

വരിഞ്ഞുപുണർന്നു ചുംബിച്ചുകൊണ്ടിരുന്നു.

 

ഏറെവൈകി,  ഇന്നുണർന്നുചെന്നുനോക്കുമ്പോഴുണ്ട്,

അവൻ, 

'അനാഥൻ' എന്ന ലേബലുമണിഞ്ഞ്,

ക്ഷീണിച്ച പിഞ്ചുകൈകൾ

ഒരു ആശ്ലേഷം തേടിയിട്ടെന്ന പോലെ

പാതിയുയർത്തി,

തൻ്റെ

ഇണക്കൂട്ടെങ്കിലും തിരികെ

തേടിയെത്തിയെങ്കിൽ

എന്നാശിച്ച്,

വഴിയരികിൽ

'ഒരു കുഞ്ഞുചെരുപ്പെ'ന്ന്

എന്നെ അവനിലേക്ക്

വിവർത്തനം ചെയ്തുവച്ചിരിക്കുന്നു.

 

എന്നെയാണെങ്കിലോ, കളഞ്ഞുപോയിരിക്കുന്നു.

മടങ്ങിവരാൻ സാധ്യതയില്ലാത്ത

മറുപടികൾക്കായി,

'വിലാസമില്ലാത്തവൻ' എന്ന്

വിലാസപ്പെടുത്തി, ഞാനിപ്പോൾ

വഴിയോരത്തിരിക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxx


Saturday, 11 November 2023

അറിയാതെപോകുന്നത്..

കണ്ണീർമേഘങ്ങളെ

പെയ്യാതെയൂതിപ്പറപ്പിച്ച്

ഒരുകാറ്റ്

ആകാശമാകെ മുത്തമിടുന്നു.

 

വാനത്തിൻ്റെ പുഞ്ചിരിയിൽ,

ഇരുൾമറ നീക്കിയണഞ്ഞ സൂര്യൻ്റെ

ഉച്ചപ്രഭ.

 

മടങ്ങുന്ന കാറ്റിൻ്റെ കണ്ണിൽ

ഒളിച്ചിരുന്ന മേഘങ്ങളിപ്പോൾ

ഇരുണ്ടുകൂടിപ്പെയ്ത്

ഏതോ വന്യഭൂമികളെ

നിലയ്ക്കാതെ നനയ്ക്കുന്നു.

xxxxxxxxxxxxxxxxxxxxxxxxxx

 


ക്യാപ്പിറ്റൽ പണിഷ്മെൻ്റ്


'മരണം വരെ തൂക്കിലേറ്റുക'

പരമോന്നതക്കോടതിയുടെ

വിധി പ്രഖ്യാപനം.

 

ദയാഹർജികൾ പരിഗണിക്കപ്പെട്ടില്ല.

 

ഒടുവിൽ

കഴുമരത്തിൽ

ജീവൻ്റെയവസാനവീർപ്പിനെ

മുറുക്കുന്ന കുരുക്കുമായ്,

ഭാരംതൂങ്ങി വലിഞ്ഞുനീണ്ട് പിഞ്ഞിക്കീറിയ

കയറിൻ്റെ തുമ്പത്ത്,

പൊട്ടാത്ത അവസാനനാരിൽ തൂങ്ങിയാടി,

ശ്വാസത്തിനായ് പിടഞ്ഞുപിടഞ്ഞ്,

'മരണംവരെ'യെത്താനാവാതെ,

വർഷങ്ങളെത്രയായി ഒരു

പ്രണയമിങ്ങനെ.....

xxxxxxxxxxxxxxxxxxxxxxxxxxxxxxx