Saturday, 30 March 2024

ഇന്നലെ, ഇന്ന്, നാളെ

ഇന്നലെ -

ജനക്കൂട്ടം

ആന, 

നെറ്റിപ്പട്ടം, 

ആലവട്ടം,  

വെഞ്ചാമരം, 

കുടമാറ്റം

വെടിക്കെട്ട്


ഇന്ന് -

വളപ്പൊട്ടുകൾ, 

ബലൂൺകഷ്ണങ്ങൾ, 

പിണ്ടം, 

നാറ്റം


നാളെയാണ് 

വിവാഹമോചനക്കേസിൻ്റെ

വിധിപറയുന്നത്


എളുപ്പം

നീയെന്ന മഹാകാവ്യത്തെ
ഒറ്റവരിക്കവിതയാക്കിച്ചുരുക്കുമ്പോൾ
വെട്ടിത്തിരുത്തുകളില്ലാതെ
എഴുതാനെത്രയെളുപ്പം.
മായ്ക്കാനും

Wednesday, 27 March 2024

സാരം

 വസന്തത്തിൽ

ഉന്നതങ്ങളിൽ

പൂക്കൾ മധുപനെ കുറിച്ചും,

കിളികളും പൂമ്പാറ്റകളും

നിറ,ഗന്ധങ്ങളെ കുറിച്ചും

പാടുമ്പോൾ

മണ്ണിൽ

പൊഴിഞ്ഞഴുകിയ 

ഇലകൾ കൊണ്ടും 

ദലങ്ങൾ കൊണ്ടും

ആത്മകഥകളെഴുതുന്നു,

മണ്ണിരകൾ 



Thursday, 21 March 2024

ചൂല്

ഇരുട്ടു മായുംമുൻപ്

അഴുക്കുമുറ്റം അടിച്ചുവൃത്തിയാക്കി,

വെളിച്ചം തളിച്ച്,

വെള്ളവീണിടത്ത്

ഇടമില്ലാതെ,

കണികാണാൻ കൊള്ളാതെ,  

പിന്നാമ്പ്രത്തെ

ഇരുണ്ട ഇറമ്പുകളിൽ

അഴുക്കുപുരണ്ട്

ഒതുങ്ങിമാറി  ചാരിനിൽപ്പുണ്ട് 

ഒരുവൾ


അഴുക്കകം മിനുക്കി,

തിളങ്ങുന്ന പൂമുഖത്തെ

വെളിച്ചപ്പെടുത്തുന്നവർ

ചുവന്നിരുണ്ട

മുറിമൂലകളിൽ

ചാരിവച്ചുപോകുന്നുണ്ട്,

 ഉള്ളിൽ കുമിയും മാലിന്യത്തെ

ഒഴിപ്പിച്ചുകളയാൻ മാത്രം

അവരെത്തിപ്പിടിക്കുന്ന,

താനായിരിക്കുന്നതിൻ്റെ ചേലറിഞ്ഞ,

അകംപുറം ചേലിൻ്റെ

പൊരുളറിഞ്ഞ

അവളെ.




Monday, 11 March 2024

രാമണങ്ങൾ

ഡിയോ..

റാല്ഫ് ലോറൻ..

ഗൂച്ചി..

സെൽഫ്രിജെസ്....

ഓരോ രാവിലും താരാട്ടിയുറക്കി,

പുലരിയിൽ അഴ വിളിച്ചുണർത്തുന്ന

പലതരം ഗന്ധങ്ങൾ.

 

പകലുകൾക്ക്

നെടുവീർപ്പാറ്റുന്ന

അമ്മവിയർപ്പിൻ ഗന്ധം.

കുപ്പിവളക്കിലുക്കങ്ങൾ

ചെമ്പകമാല കൊരുക്കുന്ന

സ്വപ്നഗന്ധം.

 

വൈകുന്നേരക്കാറ്റണിയുന്നു,

മുല്ലപ്പൂവും

വിലകുറഞ്ഞ

ലിപ്സ്റ്റിക്കും.

 

ചീവീടിൻ്റെ ഗാനത്തെ മുറിക്കാത്ത

ഇളംപാദസരങ്ങൾ

പതിവില്ലാതെ കലമ്പിയ

ഒരു രാത്രിക്ക് ശേഷം

ചോരപോൽ ചുവന്നദിച്ച

പുലരിയിൽ,

വിളിച്ചുണർത്തപ്പെട്ട

ഒടുവിലത്തെ രാമണത്തിനു ശേഷം

അഴ പിന്നെ താരാട്ടു പാടിയിട്ടില്ല.

പകലുകൾ വിയർക്കുകയോ

ചെമ്പകമാല കോർക്കുകയോ ചെയ്തിട്ടില്ല.

 

വാടിപ്പോയ

ഇത്തിരി മുല്ലപ്പൂമണമാണെങ്കിലോ,

കാലാന്തരത്തിൽ

വായുവിലലിഞ്ഞ്

മാഞ്ഞ്

മറഞ്ഞുപോയി.


Wednesday, 6 March 2024

അളക്കാനാവാതെ....

 ഒറ്റ കൽച്ചീളാൽ  ആഴമളന്നപ്പോൾ

തടാകക്കരയിൽ നിന്ന്

ഞാൻ

ആദ്യമായൊരു

കടൽ കണ്ടു.

 

എത്ര നല്ല മുങ്ങൽവിദഗ്ധണാണു നീ.

എന്നിട്ടും

അളന്നുതീരാത്ത

ഏതൊരാഴത്തിലേക്കാണ്

നീയതെറിഞ്ഞുകളഞ്ഞത്.

 

പിടിച്ചെടുക്കാനാവാത്ത വിധം

ആ കൽച്ചീൾ

ആഴങ്ങളെ മുറിച്ചുമുറിച്ച്

നിനക്കു മുന്നേ പായുന്നു.

 

വീണ്ടെടുത്ത് തിരിച്ചുനീന്തിയണയാനാകാതെ

നീയും

അപ്രത്യക്ഷത്തിലും പ്രത്യക്ഷമായ

ആഴങ്ങളെ അറിഞ്ഞറിഞ്ഞ് ഞാനും!!

 

നമുക്കിടയിൽ ആർത്തിരമ്പുന്നു, ദൂരങ്ങൾ..