മൂന്ന് അടുപ്പുകല്ലുകൾ പോലെ
മുഖത്തോട് മുഖം നോക്കി അവർ
മൂന്ന് പെണ്ണുങ്ങൾ.
തീപ്പൊള്ളലിൻ നൈരന്തര്യത്താൽ
കറുത്തുപോയവർ
നെഞ്ചിലെ തിളപ്പിനെ
പുഞ്ചിരിയുടെ അടപ്പിട്ടുമറച്ചവർ.
ഇറ്റുജീവിതവറ്റുണ്ണുവാൻ
ഒരേ തീ വിഴുങ്ങി,
ഒരേ നോവ് വേവിച്ചുവാർത്തവർ.
ഒടുവിൽ പാഴ്ക്കൽത്തുണ്ടുകളായി
പെരുവഴിയിലേക്ക്
എടുത്തെറിയപ്പെട്ടവർ.
അടുപ്പിന് കല്ലുകൾ
മൂന്നു വേണം
അടുപ്പുകൂട്ടാൻ
ഒരിടവും വേണം.
ഇടം തേടിത്തേടി നടന്നവർ
ഒടുവിൽ
ജീവിതം നിലയ്ക്കാതെ പായുന്ന
ഇരട്ടവരികൾക്കു നടുവിൽ
വിരാമച്ചിഹ്നം പോലെ ഒരടുപ്പ് കൂട്ടി.
ആർത്തലച്ച് കൂകിവന്ന
പച്ചിരുമ്പിൻ്റെ വിശപ്പിന്
വയർ നിറച്ചുണ്ണാൻ
ഇലയിട്ടുവിളമ്പി.
വാരിവലിച്ചുണ്ട വികൃതിക്കുട്ടി
അനേകമനേകം ചോദ്യങ്ങളുടേയും
ആശ്ചര്യച്ചിഹ്നങ്ങളുടേയും
അർദ്ധവിരാമങ്ങളുടേയും
അവശിഷ്ടങ്ങൾ
ചുറ്റും വിതറി
പാഞ്ഞുപോയി.
എട്ടുദിക്കുകളിൽ നിന്നും
പൊട്ടും പൊടിയും എത്ര പെറുക്കിച്ചേർത്തിട്ടും
ജീവിതമെന്ന് കൂട്ടിവായിക്കാനാകാതെ
പരീക്ഷയിൽ തോറ്റ കുട്ടിയെപ്പോലുഴറുന്നു
ഇപ്പോഴിതിലെ വീശുന്നൊരു കാറ്റ്.