നിദ്രപ്പാതി തുഴഞ്ഞ്
സ്വപ്നക്കായലിൻ നടുച്ചുഴിയിൽ
വട്ടം കറങ്ങുന്ന നേരത്താണ്
അവളറിയാതൊരു കള്ളൻ
അകത്തുകടന്നത്
അവന്റെ വരവിനെ
ഒറ്റുകൊടുക്കാൻ കാത്തിരുന്ന
കരിയിലകളുടേയും
മരഗോവണിയുടേയും
കാതുകൾ പൊത്തി
അവൻ
പാദങ്ങളെ തൂവൽച്ചിറകണിയിച്ച്
പറന്നണഞ്ഞു.
അവളുടെ നിദ്രയിൽ
അവൾക്കു മാത്രം കേൾക്കാനെന്ന്
കള്ളം പറഞ്ഞ്
ദൂരെയൊരു രാപ്പാടിയപ്പോൾ
രാഗാർദ്രം പാടുന്നുണ്ടായിരുന്നു.
അവനൊപ്പം പറന്നണഞ്ഞ
ചന്ദ്രരശ്മികൾ
സീഡാർ മരങ്ങളുടെ
ഇലച്ചില്ലകളാകെ നിറഞ്ഞ
മഞ്ഞുകണങ്ങളിൽ
വജ്രക്കല്ലുകൾ പതിപ്പിച്ചിരുന്നു.
ആവോളം മാമുണ്ട,
വിക്റ്റോറിയനമ്മയുടെ അരുമപ്പൈതലാം മാളിക
കോട്സ വേൾഡിൻ്റെ,
യുഗപരമ്പരകൾ മുദ്ര വച്ച
സുവർണ്ണക്കുപ്പായത്തിൻ മുകളാകെ
ചിമ്മിനിക്കടവായിലൂടെ
നിലാവിനെ കക്കിയൊഴുക്കിപ്പരത്തിയിരുന്നു.
അവളുടെ ഹൃദയവും മോഷ്ടിച്ച്
അവൻ തിരികെ പറന്നുപോയത്
മരംകോച്ചും തണുപ്പിൻ കമ്പളം പുതച്ച്
കാവൽ റോന്തുചുറ്റിയിരുന്ന
കാറ്റുമറിയാതെയാണ്.
ഏതൊരു കുറ്റകൃത്യവും
ഗൂഢമൊരടയാളം
പിന്നിലുപേക്ഷിക്കുമല്ലൊ
പിറ്റെന്നാൾ
കളഞ്ഞുപോയതിനെ തിരഞ്ഞുതിരഞ്ഞ്
മാളികമുഴുവനലഞ്ഞ അവൾ,
അവന്റെ ചിത്രതലത്തെ കണ്ടെത്തിയപ്പോഴേക്കും
ഒരു ചായക്കൂട്ടതിൽ
തട്ടിമറിഞ്ഞിരുന്നു.
നിറങ്ങൾക്കുള്ളിൽ മറഞ്ഞ
അവളെ
അന്നുമവൻ
തൂലികാനാരുകൾക്കിടയിൽ
തിരഞ്ഞുകൊണ്ടിരുന്നു.