Tuesday, 23 June 2009

മഴക്കു ശേഷം

ഉടലിനേയുമുയിരിനേയും

ആകെ നനക്കുന്ന

നിലയ്ക്കാപ്പെരും‌മഴ.

വീശിയടിക്കുന്ന കാറ്റിൽ

പ്രകൃതീദംഷ്ട്രകളുടെ

മിന്നൽ‌പ്പിണരൊളികൾ.

അട്ടഹസിക്കുമിടിനാദത്തിനൊപ്പം

ആക്കംകൂടുന്ന വർഷപ്പെയ്ത്ത്.

ചുറ്റിവരിയുന്ന

ആയിരംമഴപ്പാശങ്ങളെ

അമ്മാനമാടുന്ന

കാറ്റിൻകൈകൾ.

പ്രജ്ഞകെടുന്ന

സ്മൃതിമണ്ഡലം.

 

പിന്നെയൊരു കുത്തൊഴുക്കിൽ

ഏതോകാണാക്കയങ്ങളിൽ

വീണുതളർന്നുറങ്ങുന്ന

ഓർമ്മകൾ.


പതുക്കെ

ഒരു മരവിപ്പിലേക്ക്

പ്രജ്ഞയുണരുമ്പോൾ

നനഞ്ഞ ഉടലിനേയുമുയിരിനേയും

മെല്ലെ വീശിയുണക്കാനണയുന്നു

ഒരു ചെറുവെയിൽപ്പീലി.

പ്രിയതാളുകൾക്കിടയിൽ മറഞ്ഞിരുന്ന്

പെറ്റുപെരുകാനായി

ഇഴവിരിക്കുന്നു,

ഒരു ഓർമ്മപ്പീലി.

 

 



Friday, 12 June 2009

ചിറകൊടിഞ്ഞ്... മണ്ണടിഞ്ഞ്...

വഴിവക്കിലെ

പൊന്തക്കരികിലായാണ്

വീണുകിടപ്പുണ്ടായിരുന്നത്;

കഴുത്തു പിരിഞ്ഞ്

തൂവലുകൾചിതറി

വിളർത്തകണ്ണുകൾ പാതികൂമ്പി...

 

ഇന്നലേയും കണ്ടതാണ് ,

ചിക്കിച്ചികയുന്നത്,

കൂട്ടുകാരൊത്ത്

പങ്കുവയ്ക്കുന്നത്.

തമ്മിൽ കളിയിൽകൊത്തി

ചിലച്ചുപറക്കുന്നതും

കൊക്കും ചിറകും

ഉരുമ്മിക്കുറുകുന്നതും.

 

ഇന്ന്

കൂട്ടുകുഞ്ഞുചിറകുകളെല്ലാം

തിരിച്ചുവരാതെങ്ങോ

പറന്നു പോയിരിക്കുന്നു.

പകരം ചുറ്റും

ശബ്ദംനഷ്ടപ്പെട്ട്

നിശ്ചലരായ

ചെറുമൺ‌കൂനകൾ മാത്രം.

അവയ്ക്കിടയിൽ,

വീണുകിടക്കുന്നു,

ചിറകൊടിഞ്ഞൊരു വെൺമ..

പാതികൂമ്പിയ

മിഴികളിലപ്പോഴുമുണ്ട്

മണ്ണടിയാത്ത നൈർമല്യം