Wednesday, 21 May 2008

വേലി.............കെട്ടണ്ടായിരുന്നു

വേലികെട്ടുകാരി നീലിപ്പെണ്ണും
വേലി കെട്ടാന്‍ വിരുതുള്ള വേലപ്പനും
കണ്ടുമുട്ടി, മനസ്സു കൂട്ടിക്കെട്ടി
വേലപ്പന്‍ സ്വപ്നത്തില്‍ കോട്ട കെട്ടി
പാതിനിദ്രയിലും നീലി വേലികെട്ടി
ഒരുനാള്‍ വേലു നീല്യേ താലികെട്ടി
നീലിക്കായൊരുപുത്തന്‍ വേലികെട്ടി
ഒരുകൈ സഹായം കൊടുത്തു നീലി
മൂവന്തിയോളവും കൂടെ നിന്നു
ചേലിലുറപ്പില്‍ വേലു വേലി കെട്ടി
പിന്നൊരേ ചിന്തയായ് വേലുവിന്
‘വേലിക്കുറപ്പതു പോരാന്നുണ്ടോ???’
ഇരവിലും പകലിലും ചുറ്റിനോക്കി
ഇളക്കിപ്പരിശോധിച്ചുറപ്പു വരുത്തി
വേലൂന്റെ വേലീടുറപ്പില്‍ നീലി
മുഴുനിദ്രയില്‍ സ്വപ്നം കണ്ടുറങ്ങി
വേലീടുറപ്പിനെ മാത്രമോര്‍ത്ത
വേലൂനുറക്കമോ ഇല്ലാതായി
പണ്ടു കോട്ട തീര്‍ത്ത സ്വപ്നനിദ്ര
ഓര്‍ത്തു പേര്‍ത്തും വേലു നെടുവീര്‍പ്പിടെ
ആരോ മൊഴിഞ്ഞപ്പോള്‍ വേലൂ‍നുള്ളില്‍
‘മാരണമീവേലി..........കെട്ടണ്ടായിരുന്നു’

32 comments:

lakshmy said...

ചില ‘സുരക്ഷ’കള്‍ അത് തീര്‍ക്കുന്നവര്‍ക്ക് ഒരു ബാധ്യതായി തീരുന്നുണ്ടോ പിന്നീട്; സംരക്ഷിക്കപ്പെടുന്നവര്‍ അതിന്റെ സമാധാനത്തില്‍ സുഖമായിരിക്കുമ്പോഴും?

ശ്രീയുടെ ‘വേലി’ വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ചില തമാശകള്‍ ആണ് ഈ വരികള്‍; ശ്രീ ഉദ്ദേശിച്ച അര്‍ത്ഥമേ അല്ല എന്റെ വേലിക്കെങ്കിലും

നിരക്ഷരന്‍ said...

തേങ്ങാ ഞാനുടച്ചിരിക്കുന്നു.
(((((((.....ഠേ.....)))))))))

‘മാരണമീവേലി..........കെട്ടണ്ടായിരുന്നു’

വേലി കെട്ടിക്കഴിഞ്ഞാല്‍ പലര്‍ക്കും തോന്നുന്നത് അതു തന്നെയാണ്. എന്നാലും ആ വേലിക്കെട്ടിനകത്ത് എന്തൊക്കെയോ ചില സുഖങ്ങള്‍ ഇല്ലെന്ന് പറയാതിരിക്കാന്‍ വയ്യ :) :)

എന്തായാലും ഇതൊന്നൊന്നര വേലി തന്നെ. ഇനി ശ്രീയുടെ വേലി വായിക്കട്ടെ. അതിന്റെ ലിങ്ക് കൂടെ ‘ശ്രീ‘ എന്ന വാക്കില്‍ ഇടാമായിരുന്നില്ലേ ലക്ഷ്മീ. ഇനി ചെയ്താലും മതി :)

Sands | കരിങ്കല്ല് said...

:)

കൊള്ളാല്ലോ വീഡിയോണ്‍! :)
അടിപൊളി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വയ്യാവേലി തന്നെ

Harold said...

വേലിയോ വേളിയോ?
:)

നരേന്‍..!! said...

vivaham oru veliyaanu...samooham namukk chuttum atichelpikkunna samskarikamoolyangalute veli...enkilum chila aswaathanthryangalute sukham athinund....enkilum chila aswaathanthryangal anivaaryavumaanallo....(oru kavitha ormma varunnu...." ente swathanthryathinu vendi ente pranayathe balikotukkan njan thayyaraanu...pranayathinu vendi swaathanthryatheyum" )


nannayittund ketto varikal...!!!

കുഞ്ഞന്‍ said...

വേളി കഴിഞ്ഞാല്‍ വേലി പൊളിയുന്നുണ്ടൊ നോക്കിയുള്ള ആധിയും വേലി പൊളിഞ്ഞാല്‍ ആശ്വാസത്തോടെ വീണ്ടുമൊരു വേളി കഴിക്കാമെന്നും ഒരുകൂട്ടര്‍..

ഇപ്പോള്‍ എനിക്കും തോന്നുന്നു വേലി കെട്ടേണ്ടായിരുന്നുവെന്ന്.

ലക്ഷ്മീ..രസായിട്ടൊ

ചന്തു said...

നല്ല വരികള്‍. എന്തു രസകരമായി നിങ്ങളീ കവിത ചൊല്ലി.
(ഈ കാര്യത്തെക്കുറിച്ചെനിക്കും കുറേ പറയാനുണ്ടായിരുന്നു. പിന്നീടാവാം)

നജൂസ്‌ said...

മാരണമീവേലി കെട്ടണ്ടായിരുന്നു.

നല്ല നര്‍മ്മം

സജി said...

ലക്ഷ്മി..
നന്നായിരിക്കുന്നു..
എല്ലാ വേലികളും വയ്യാവേലികള്‍ തന്നെ.

lakshmy said...

മറുപടി ഇട്ട എല്ലാവര്‍ക്കും നന്ദി.

ഇവിടെ ‘വേലി’ക്ക് വിവാഹം എന ഒരു അര്‍ത്ഥം ഞാന്‍ കൊടുത്തത്, അവസാന വരിയില്‍ വേലു നടത്തുന്ന ആത്മഗതത്തിലെ ‘മാരണമീവേലി കെട്ടണ്ടായിരുന്നു’ എന്നതില്‍ മാത്രമാണ്. വിവാഹത്തിന് മുന്‍പ് പാതിനിദ്ര മാത്രം ലഭിച്ചിരുന്ന നീലിക്ക് മുഴുനിദ്ര കിട്ടാതിരുന്നതിന്റെ കാരണം ഒറ്റക്കുള്ള ജീവിതത്തില്‍ ഉറക്കത്തില്‍ പോലും പാതി ഉണര്‍ന്ന് അവള്‍ തീര്‍ത്തിരുന്ന സ്വരക്ഷയുടെ വേലി മൂലമാണ്. വിവാഹത്തിന് മുന്‍പ് നിദ്രയില്‍ വേലു സ്വപ്നക്കോട്ടകള്‍ കെട്ടി എങ്കിലും നീലിയെ താലി കെട്ടിയ ശേഷം വേലു നീലിക്കായി കേട്ടുന്ന വേലി അയാള്‍ അവള്‍ക്കേകുന്ന സുരക്ഷയാണ്. ആ സുരക്ഷയുടെ തണലില്‍ നീലി മുഴുനിദ്രയില്‍ സ്വപ്നം കണ്ടുറങ്ങുമ്പോള്‍ വേലുവിന്റെ നിദ്ര ഒന്നാകെ നഷ്ടപ്പെടാന്‍ കാരണം അയാളുടെ വേലിയുടെ ഉറപ്പിനെ കുറിച്ചുള്ള അയാളുടെ ആശങ്കകളാണ്. ആ വേലി അയാള്‍ക്ക് നല്‍കുന്ന അധികാരത്തിന് എതിരെയുള്ള ചോദ്യം ചെയ്യലുകളെയാണ്. അതിനി അയാള്‍ അവള്‍ക്ക് ഏര്‍പ്പെടുത്തുന്ന ചില വിലക്കുകളായി രൂപാന്തരപ്പെടാം.ഒരു ‘തളത്തില്‍ ദിനേശ’ന്റെ രൂപപ്പെടല്‍

ഇത്രയും വിവരിക്കേണ്ടി വന്നതില്‍ നിന്ന് എന്റെ എഴുത്തിന്റെ പരാജയം ഞാന്‍ അറിയുന്നു

കാപ്പിലാന്‍ said...

എഴുത്തിന്റെ പരാജയം അല്ല .വായിക്കുന്ന ആര്‍ക്കും മനസ്സില്‍ ആകുന്ന ഭാക്ഷ്യില്‍ അല്ലേ എഴുതിയത് .പിന്നെന്തിനു വിശദികരിക്കാന്‍ പോയി .അവിടെയാണ് പരാജയം പറ്റിയത് .ഓരോ വേലികളും വയ്യാവേലികള്‍ ആയി തോന്നുക .വേലിക്ക് ഉറപ്പുണ്ടോ എന്ന് സംശയിക്കുക .നന്നായിരിക്കുന്നു :):)
കൂടുതല്‍ വേലികള്‍ കേട്ടാതിരിക്കുന്നതാണ് നന്ന് .സ്വതന്ത്രമായി നടക്കട്ടെ :)

lakshmy said...

വന്നതിന് നന്ദി കാപ്പിത്സ്. വിവരണങ്ങള്‍ ആവശ്യമായി വരുന്നിടത്ത് വിവരിക്കേണ്ടേ. അത് ഒരു പരാജയമാണെന്ന് സമ്മതിക്കുന്നു. പക്ഷെ ആ പരാജയം ഏറ്റുവാങ്ങിയായാല്‍ പോലും ശരീയായി വായിക്കപ്പെടാന്‍ തന്നെയാണ് എനിക്കിഷ്ടം

തണല്‍ said...

പരാജയം ഏറ്റുവാങ്ങിയായാല്‍ പോലും ശരീയായി വായിക്കപ്പെടാന്‍.......കൊള്ളാം തന്റേടം!

lakshmy said...

അയ്യോ.. അതൊരു തന്റേടമായിരുന്നോ തണല്‍? എല്ലാവരേയും പോലെ ശരിയായി വായിക്കപ്പെടാനുള്ള ഒരാഗ്രഹമല്ലേ. അഭിപ്രായത്തിന് എന്തായാലും നന്ദി

ശ്രീലാല്‍ said...

അപ്പോള്‍ വേലി കെട്ടാതിരിക്കുന്നതാണ് നല്ലതെന്ന് സാരം.. :)

ഭൂമിപുത്രി said...

ചൊല്ലി രസിയ്ക്കാന്‍ പറ്റിയരാഗവും താളവും.
കൂടുതല്‍ ചിന്തിപ്പിയ്ക്കുന്ന വരികളും.
താലിയും വേലിയും തമ്മിലിങ്ങിനെയൊരു ബന്ധം കാണിച്ചുതന്നതിനു പ്രത്യേക നന്ദി.

‘ശരിയായി വായിയ്ക്കപ്പെടാന്‍’ഉള്ള ആഗ്രഹം കാരണം ഞാനും പലപ്പോഴും ഇതുപോലെയൊന്ന്
എഴുതിയിട്ടാലോന്ന് ആലോചിച്ചിട്ടുണ്ട് ട്ടൊ :)

lakshmy said...

അപ്പൊ ഈ എഴുതിയിടലില്‍ ഞാന്‍ ആദ്യക്കാരിയാണോ ഭഗവാനേ?!!
ബ്ലോഗാവലികള്‍ പഠിച്ചു വരുന്നേ ഉള്ളു. എന്തായാലും ചെയ്തത് അധികപ്പറ്റായി എന്ന് തോന്നിയില്ല
ഭൂമിപുത്രീ..ഒരുപാട് നന്ദി.

ശ്രീലാല്‍..ഇത് വേലി[താലി] കെട്ടാതിരിക്കാനുള്ള ആഹ്വാനമല്ല കെട്ടോ. അങ്ങിനെ ആഹ്വാനം ചെയ്താലും ആരെങ്കിലും വേലികെട്ട് നിറുത്തി വയ്ക്കും എന്നും തോന്നുന്നില്ല. വേലിക്കെട്ടിനകത്തെ സുഖങ്ങള്‍, പരസ്പരം താങ്ങും തണലുമായിരിക്കാന്‍ കഴിയുന്നതിലെ സന്തോഷം, അതൊക്കെ ഒരു ഭാഗ്യമല്ലേ

ഫസല്‍ said...

ഞാനീ വേലി പൊളിച്ചൊരു മതില്‍ കെട്ടി നോക്കട്ടെ..

ചായമിട്ട് സ്വര്‍ണ്ണക്കവാടം തീര്‍ത്ത്
മനസ്സുകളില്‍ അതിരിട്ട് മതിലുകള്‍ മൂകം
വേറിട്ടിരിക്കാന്‍ കന്‍മതില്‍ തീര്‍ത്തവര്‍
ഹൃദയം തകര്‍ന്നകത്തിരിക്കവേ, യീമതിലുകള്‍-

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ വേലി അവസാനം വയ്യവേലി ആയൊ
നല്ല പ്രാസമൊപ്പിച്ചാണ് എഴുതിയിറിക്കുന്നത്
ഇത് പാടാനറിയുന്നവരെ കൊണ്ട് പാടിച്ചാല്‍
നന്നായിരിക്കും

നരേന്‍..!! said...

ഹും...എന്തിനാ വിവരണങ്ങള്‍...എഴുതി കഴിഞ്ഞ അതിന്റെ മേലുള്ള അവകാശം എഴുതുകാരന് നഷ്ടപ്പെട്ടു...പിന്നെ എന്തു വായിക്കണം എങനെ വായ്ക്കണം....എന്തുമനസ്സിലാക്കണം എന്നു അനുവാചകര്‍ക്ക് വിട്ടേക്ക്...!! എസ്സേ യും പ്രസങ്ങവും ഒന്നുമല്ലല്ലൊ ഇക്കാലത്തെ കവിത..:)

window said...

എല്ലാ വി ധ ആശംസകളും നേരുന്നു പുതിയ ബ്ലോഗ് സംരഭത്തിനു ...!
ഏതായാലും ഈ വേലി കൊള്ളാം. പഞ്ഞി കെട്ട്‌ കൊണ്ട്‌ ഒരു വേലി കൂടെ പണിതാലോ ?

lakshmy said...

ഫസല്‍.....വേലി കെട്ടി, മതിലു കെട്ടി, കോട്ട കെട്ടി പോകുന്ന ഒരു സ്വഭീരുത്വത്തിന്റെ ചില വരികള്‍ കയ്യിലുണ്ട്.

‘വേറിട്ടിരിക്കാന്‍ കന്‍മതില്‍ തീര്‍ത്തവര്‍
ഹൃദയം തകര്‍ന്നകത്തിരിക്കവേ, യീമതിലുകള്‍-‘ ഈ വരികള്‍ ഒരുപാടിഷ്ടായി

lakshmy said...

നരേന്‍....ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം. പക്ഷെ ആകെ മിസ്‌റീഡ് ചെയ്യപ്പെട്ടാല്‍...[വേറൊരു ഐ ഡി കൂടി വേണ്ടി വരും:) ചുമ്മാ തമാശ പറഞ്ഞതാ]


window....അപ്പോള്‍ മറന്നില്ലാ അല്ലേ പഞ്ഞിക്കെട്ടിനെ!! ഒരുപാട് സന്തോഷം കണ്ടതില്‍

RaFeeQ said...

കൊള്ളാം.. :)
രസായിട്ടുണ്ടീ വേലി.. :)

Raji Chandrasekhar said...

"വേലിക്കെട്ടിനകത്തെ സുഖങ്ങള്‍, പരസ്പരം താങ്ങും തണലുമായിരിക്കാന്‍ കഴിയുന്നതിലെ സന്തോഷം, അതൊക്കെ ഒരു ഭാഗ്യമല്ലേ"...
അതെ, അങ്ങനെതന്നെ.

കവിത മാത്രമല്ല, കമന്റും വിവരണവും ഹൃദ്യം.

ആഗ്നേയ said...

ലക്ഷ്മീ..ഒരുപാടിഷ്ടമായി വരികള്‍!അത്ര വലിയ കണ്‍ഫ്യൂഷന്‍ തോന്നിയില്ല.
കവിതക്ക് ഒരു പാട് മുഖങ്ങള്‍ ഉണ്ട്..പലര്‍ക്കും പലരീതിയില്‍ എടുക്കാം...ചിലപ്പോള്‍ ലക്ഷ്മി പോലും കാണാത്ത അര്‍ത്ഥങ്ങള്‍ കമന്റിലൂടെ ഉരുത്തിരിയുമായിരുന്നു..ആ കീഴടങ്ങള്‍ വഴി നഷ്ടപ്പെടുത്തിയത് അതാണ്..അനുവാചകരെ ചിന്തിപ്പിക്കുന്നതില്‍ നിന്നും ആഴമേറിയ വായനയില്‍ നിന്നും പിന്തിരിപ്പിച്ചു.:-)(തെറ്റിദ്ധരിക്കില്ലല്ലോ..)വരികള്‍ വായിക്കും തോറും,വായിക്കപ്പെടും തോറുമാണ് സുന്ദരമാകുക.ഒരിക്കല്‍ എന്റെയൊരു കഥയില്‍ ആളുകള്‍ കണ്‍ഫ്യൂഷന്‍ ആന്‍ഡ് കഥാപാത്രാധിക്യം എന്ന പരാതിയില്‍ ഞാന്‍ അതില്‍ ഒരു കഥാപാത്ര വിവരണം ചേര്‍ത്തു.ഓരോ കമന്റിനും വിശദീകരണവും.ബൂലോകത്തെ അടുത്ത ഒരു സുഹൃത്ത് ആണ് അതിലെ അനൌചിത്യം വിവരിച്ചത്.കമന്റില്‍ഊടെയല്ല, മെയിലിലൂടെ (നല്ല ചീത്ത വിളിച്ച്).അതോടെ പിന്വലിച്ചു.:-)(ഞാന്‍ ആവശ്യത്തില്‍ കൂടുതല്‍ പറഞ്ഞുവോ?)

lakshmy said...

ഇല്ല ആഗ്നേ. ഒട്ടും കൂടുതലല്ല പറഞ്ഞത്. ചില എഴുത്തുകള്‍, എഴുതുന്ന ആള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ interpretations നടത്താന്‍ വായനക്കാര്‍ക്ക് സാധ്യത കൊടുക്കുന്നുണ്ട്. ഇനിയും വരാവുന്ന കമന്റുകള്‍ക്ക് ഉള്ള സാധ്യത തള്ളിക്കളഞ്ഞ് ഞാന്‍ നടത്തിയ ആ വിവരിക്കല്‍ വഴിയുള്ള കീഴടങ്ങല്‍ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ അതിനേക്കാള്‍ സങ്കടപ്പെടുത്തിയത്, ഒരു friendly way യില്‍ മാത്രം ഞാന്‍ കൊടുത്ത ആ വിവരണം ഒരു hurting കൂടിയാണ് എന്നു മനസ്സിലാക്കിയപ്പോഴാണ്. എനിക്കും രണ്ട് ചീത്ത കേള്‍ക്കാത്തതിന്റെ കുറവുണ്ട് ആഗ്നേയ. എന്നെ അതു പറഞ്ഞു മനസ്സിലാക്കി തരാന്‍ ശ്രമിച്ചതിനു നന്ദി. ഇവിടെ കണ്ടതില്‍ ഒരുപാട് സന്തോഷിക്കുന്നു.
ആരെയെങ്കിലുമൊക്കെ ഞാന്‍ hurt ചെയ്തിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി[എല്ല്ലാവരോടും] ക്ഷമ ചോദിക്കുന്നു

റഫീക്, രെജി സര്‍..നന്ദി

Sharu.... said...

ഒരുപാടിഷ്ടമായി ഇത്. വിവരണമൊന്നുമില്ലാതെ തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ലളിതമായ കവിത. അഭിനന്ദനങ്ങള്‍ :)

ഹാരിസ്‌ said...

താളമുള്ള വരികള്‍
എളുപ്പത്തില്‍ മനസ്സിലാവുന്ന വരികള്‍

Seema said...

ഈ വയ്യാവേലി അസ്സലായി ലക്ഷ്മി!

CJ said...

നീലി കെട്ടിയ വേലിയാരും അറിഞില്ല...