Thursday, 18 July 2024

നിശ്ചലമാണ്

ലോകം നിശ്ചലമാണ്


കാറ്റുവീശുന്നുണ്ട്

പുഴയൊഴുകുന്നുണ്ട്

കിളി പാടുന്നുണ്ട്

ഇലകളാടുന്നുണ്ട്

എന്നിട്ടും

എങ്ങും നിശ്ചലമാണ്.


ട്രെയിൻ പായുന്നുണ്ട്

കുതിരവണ്ടി കുതിക്കുന്നുണ്ട്

തെയിംസിലൂടൊരു കപ്പൽ 

തീരമടുക്കുന്നുണ്ട്.

റ്റവർ ബ്രിഡ്ജിനെ 

റാഞ്ചിയെടുത്തൊരു

കടൽക്കാക്ക പറക്കുന്നുണ്ട്.

ബിഗ് ബെന്നിൻ്റെ സൂചിക്കാലുകൾ

സമയം തെറ്റാതോടുന്നുണ്ട്. 

ലണ്ടൻ ഐയ് ചക്രം

മെല്ലെ ചലിക്കുന്നുണ്ട്.

എന്നിട്ടും 

ഈ നിമിഷം നിശ്ചലമാണ്. 


ഹൃദയം ഫ്രെയിമിട്ട

ചിത്രത്തിനുള്ളിൽ

നീ നിശ്ചലമാണ്.

കരവലയത്തിലൊതുക്കി നീ

നെഞ്ചോടു ചേർക്കുന്ന

ഞാൻ നിശ്ചലമാണ്.

അസ്തമയവർണ്ണങ്ങളിൽ ബ്രഷ് മുക്കി

സൂര്യൻ വർക്കുന്ന

നമ്മുടെ ചിത്രം നിശ്ചലമാണ്.

നമുക്കിടയിൽ ചുരുങ്ങിയൊതുങ്ങിയ

ദൂരം നിശ്ചലമാണ്.

സ്ഥൈര്യമറിയാത്ത കാലം മാത്രം

ആ ഫ്രെയിമിനെ തൊട്ടനക്കാതെ

വഴിമാറിയോടുന്നു.



Thursday, 11 July 2024

ബുക്ക്മാർക്ക്

സായാഹ്നം.

വായനാമുറി.

ഷെൽഫിൽ അലസമിരിക്കുന്നു,

പുസ്തകങ്ങൾ.


വലിച്ചെടുത്തു തുറക്കുമ്പോൾ

ഒന്നിൽ,

ചിറകുവിരിച്ചുപറന്നയിടങ്ങളെ

അടയാളപ്പെടുത്തി,

ഒരു തൂവൽ.


കാറ്റ്,

പൊഴിഞ്ഞ ചിറകുകളെ

കൂട്ടിച്ചേർക്കുന്നു

അറിയാതെ പോയ ദൂരങ്ങളിലേക്ക്

പറത്തുന്നു.

അകലെ,

ചക്രവാളങ്ങൾ തേടി.

ഒരു പക്ഷി പറന്നു പോകുന്നു.


നീലയിൽ, മഞ്ഞയിൽ, ചുവപ്പിൽ, ഓറഞ്ചിൽ

ചക്രവാളമിപ്പോൾ

താളുകൾ മറിക്കുന്നു.

ഒരു താളിൽ നിന്നും മറുതാളിലേക്ക്

തുടർച്ചയായി

പക്ഷികളെ വായിക്കുന്നു.

അവസാനകിളിയേയും വായിച്ച്,

പുസ്തകമടക്കുമ്പോൾ,

വായനാമുറിയുടെ

പടിഞ്ഞാറോട്ട് തുറക്കുന്ന ജാലകങ്ങൾ അടച്ച്

ഞാനെൻ്റെ

ചാരുകസാലയിൽ

ചാഞ്ഞിരിക്കുന്നു.


ധ്രുവങ്ങൾ ചുറ്റിവന്ന

ഒരു പറ്റം ദേശാടനക്കിളികൾ

ഒരിക്കലുമടയ്ക്കാത്ത കിഴക്കേ ജന്നലിലൂടെയപ്പൊൾ

കൂട്ടത്തോടെ പ്രവേശിക്കുന്നു.

നെഞ്ചിൻകൂട്ടിൽ

ചേക്കേറുന്നു.

ചിറകുകളൊതുക്കിയൊരു നിദ്ര 

കണ്ണുകളിൽ

കൊക്കുരുമ്മുന്നു.

തുറന്നുവച്ച പുസ്തകമൊന്ന്

നെഞ്ചോടു ചേർത്ത്

ഞാൻ മയങ്ങുന്നു.


പ്രപഞ്ചം എന്നിലൊരു 

തൂവലടയാളം വയ്ക്കുന്നു.


Tuesday, 9 July 2024

പുലരിയിൽ

 പുലരിയിൽ

നീയുണരും

കണികാണും

കണിക്കൊന്നപ്പൂ കാണും

വെളിച്ചം ചിരിക്കുന്ന

നാട്ടുവഴി കാണും

തെങ്ങോലകളിൽ

മഞ്ഞവെയിൽ കാണും

ഉണർത്തുപാട്ടു പാടും,

കിളിയെക്കാണും.

ഇലകളിൽ

മഞ്ഞിൻ കണങ്ങൾ കാണും

ഹിമമാല കോർക്കുന്ന

മരങ്ങൾ കാണും.

തോണിപ്പാട്ടു തുഴയും,

പുഴയെ കാണും.

ഓളങ്ങളിൽ

കണ്ണാടിവെളിച്ചം കാണും.


ഒരു കാപ്പിക്കപ്പിൻ്റെ

ആവിക്കു മറവിലൂടപ്പോൾ 

ഞാൻ നിൻ കണ്ണിൻ 

നനവിൽ തൊടും.

പിന്നെ കവിളിൽ,

ചുണ്ടിൻ്റെ കോണിൽ,

താടിയിൽ,

കഴുത്തിൽ

പിന്നെ നിൻ്റെ

ഇടനെഞ്ചിൽ വീണു ഞാൻ

അലിഞ്ഞുമായും.

അപ്പോൾ

ചുടുകാപ്പിക്കപ്പിൽ നീ

എന്നെ മുത്തും.



Friday, 5 July 2024

ഷഷ്.......


കരിമുത്തുമാലയൊന്ന്

പൊട്ടി.

ചിതറിത്തെറിച്ച്

മുത്തുമണികൾ 

നൃത്തം ചെയ്യുന്നു.


തിളങ്ങുന്നൊരു മുത്തെടുത്ത്

ചിറകുകളിൽ

തുന്നിപ്പിടിപ്പിച്ചു, ഒരു പറവ.


ഓളങ്ങളിൽ 

മുത്ത്‌ പതിപ്പിച്ചുപതിപ്പിച്ച്

കണ്ണാടി നോക്കുന്നു, അരുവി.


കണ്ണുകളിലൊളിപ്പിച്ചുവച്ച്

ആഴങ്ങളിലേക്ക് നീന്തുന്നു,

മൽസ്യങ്ങൾ.


കാൽനഖങ്ങളിലണിഞ്ഞ്

കാടു ചുറ്റുന്നു,

നായ്ക്കുട്ടി.


പൂവാടികൾ തോറും വിതറി

പരിമളമേറ്റുന്നു,

കാറ്റ്.



വാലിൻതുമ്പിൽ

കോർത്തുകെട്ടി,

തൊടിമുഴുവൻ തുള്ളിച്ചാടുന്നു,

പൈക്കിടാങ്ങൾ.


ഊഞ്ഞാലിലിരുത്തിയാട്ടി

ആകാശത്തെ പൊട്ടുതൊടുവിക്കുന്നു,

മാമരങ്ങൾ


ആഴങ്ങളിൽ

ഉപ്പുജലത്തിൽ

മുക്കിത്തോർത്തിയെടുക്കുന്നു,

ഭൂമി.


മരച്ചീനിത്തോട്ടങ്ങളിൽ   

പകൽച്ചൂട്‌ മായുമ്പോൾ

പൊടിയും

വിയർപ്പുമാറുമ്പോൾ,

കാൽ നീട്ടിയിരുന്ന്,

ചിതറിപ്പോയ മുത്തുകളെ

മടിയിൽ ഒരുമിച്ചുകൂട്ടി,

നൂലിൽ കോർത്തെടുക്കും,

കനവുകളിൽ, അവരുടെ

കറുത്ത അമ്മമാർ.


അമ്മമാറിൽ പറ്റിച്ചേർന്ന്

തിളങ്ങുന്ന മുത്തുമാലകൾ

ഇനിയുറങ്ങും.


ശബ്ദമുണ്ടാക്കരുത്.

ഉറക്കത്തിലും 

അവർ

പകൽബാക്കിയിലെ

നൃത്തമാടുകയാവും.

ഉണർന്നാൽ 

തടുത്തുകൂട്ടാനാവാത്ത വണ്ണം

വീണ്ടുമവർ 

പൊട്ടിച്ചിതറും.


ഷഷ്....... 

മസാക്കാകിഡ്സ് ഉറങ്ങുകയാവും.






Monday, 1 July 2024

ഫെയ്ല്യർ

 ഫാൻസി ലൈറ്റ്സ്‌ ഷോപ്പിനകത്തെ

ശീതളിമ.
റിമോട്ട്‌ കണ്ട്രോൾ ഓപ്പറേറ്റ്‌ ചെയ്ത്‌
ലൈറ്റുകൾ
മാറിമാറി തെളിക്കപ്പെടുന്നു.
എത്ര ശ്രമിച്ചിട്ടും
തെളിക്കാനാവാതെ
കോർണറിൽ
ഒറ്റപ്പെട്ട
പ്രിയപ്പെട്ട
ഒരു ലൈറ്റ്‌.
റിമോട്ട്‌ കണ്ട്രോൾ
ഞെക്കി ഞെക്കി തോറ്റ്‌, സ്റ്റാഫ്‌.
പ്രോഡക്റ്റ്‌ ഫെയ്ല്യറോ
സിസ്റ്റം ഫെയ്ല്യറോ
എന്നറിയാതെ
തിളക്കുന്ന ചൂടിലേക്കിറങ്ങുന്നു,
ഞാൻ.
എനിക്കു നേരേ
നീട്ടപ്പെടുന്നു,
ഒരു റിമോട്ട്‌ കണ്ട്രോൾ!!

മയക്കം

 ആസ്പത്രിവരാന്തയിൽ

വെയ്റ്റിംഗ്‌ ഏരിയായിൽ

ഊഴം കാത്തിരിക്കുന്നു.
പുതിയ ബഹുനിലക്കെട്ടിടങ്ങളാൽ
മുഖച്ചിത്രം മാറ്റി,
ആസ്പത്രി ചിരിക്കുന്നു.
കളർ ലൈറ്റുകളിൽ
പല നിറങ്ങളിൽ
പാവാട വിടർത്തുന്ന
ഫൗണ്ടൻ ജലം.
ഓരോ ഫൗണ്ടനരികിലും
അലങ്കാരപ്പനകൾ.
വെള്ളാരംകല്ലുകൾ
മുഖം മിനുക്കുന്ന
ഇടമുറ്റം.
പുറത്ത്‌
കത്തുന്ന നട്ടുച്ച.

ഉഷ്ണം
പാതി മയക്കുന്നു.
ചൂടുകാറ്റിൽ
മുടിയഴിച്ചിട്ട്
യക്ഷികൾ
ഭൂമി തൊടാതെ
പറന്നിറങ്ങുന്നു.
നഖവും ദംഷ്ട്രകളും
നീണ്ടിറങ്ങുന്നു.
ചോര മണക്കുന്ന
അട്ടഹാസങ്ങൾ
എന്നെ കോരിയെടുത്ത്‌
തിരികെ പറക്കുന്നു.
പനമുകളിൽ നിന്ന്
പല്ലും നഖവും മുടിയും മാത്രം
താഴെ വീഴുന്നു.
വീഴ്ചയുടെ ആഘാതത്തിൽ
മയക്കം വിട്ടുണരുന്നു.
വേച്ചുനടന്ന് ആസ്പത്രി വിടുമ്പോൾ
തിരിഞ്ഞു നോക്കുന്നു
ചിറിയിലെ ചോര തുടച്ച്‌
ആസ്പത്രി എന്നെ നോക്കി
കണ്ണിറുക്കിച്ചിരിക്കുന്നു.
കുറച്ചു പല്ലുകളും
നഖങ്ങളും
മുടിയും
കാറ്റിൽ പറന്നു പറന്നു പോകുന്നു