ബ്രെയ്ക്ഫാസ്റ്റ് റ്റേബിളിൽ
എതിരേ നീ.
പതിവില്ലാത്ത വിധം
തണുത്തും... നിറഞ്ഞും... നിശ്ചലമായും
ഒരു കപ്പ് ചായ.
തമ്മിൽ കൊളുത്താതെ
ശ്രദ്ധിച്ചുപിൻവലിച്ച
നോട്ടം.
ചില്ലുജനാലയുടെ
മരച്ചട്ടക്കൂടിൽ
ചുളിവീഴാത്ത
പുതമഞ്ഞുദൂരങ്ങൾ
ഇടയകലങ്ങളിൽ
കണ്ണടയ്ക്കാതിരുന്ന്
മഞ്ഞപ്പൂക്കൾ തുന്നിച്ചേർക്കുന്ന
നിയോൺ ബൾബുകൾ.
ഉറക്കമുണരാതെ പ്രഭാതം.
പതിവുപോലെ
അഭിവാദ്യം ചെയ്ത്
ഒളിച്ചേ കണ്ടേ എന്ന്
കടന്നുപോകുന്നു,
തണുത്ത കാറ്റും ഈറൻ മണവും.
പതിവുപോലെ
നിൻ്റെ കാലുരുമ്മി
പരിചയം പുതുക്കുന്നു,
കുറുംകുറുകൽ
നീ നിശ്ശബ്ദത പുതച്ചെഴുന്നേൽക്കുന്നു.
ഞെരിഞ്ഞമരുന്ന
മഞ്ഞപ്പൂക്കൾക്കപ്പുറം
പാദകളങ്കങ്ങൾ മായ്ച്ച്
ചുളിനിവരുന്നു,
അകലങ്ങളിൽ
മഞ്ഞ്
ഞാനപ്പോൾ
മുറിയി[വി] ൽ,
നീയുപേക്ഷിച്ചുപോയ മണം കുഴച്ച്
ഭൂമിയിലെ
ആദിമമനുഷ്യനെ നിർമ്മിക്കുന്നു
No comments:
Post a Comment