നിൻ്റെ ഒരേയൊരു വിളിയിൽ
ഞാനിതാ നിന്നിലേക്കോടിയണഞ്ഞിരിക്കുന്നു.
കാത്തിരുന്നിരുന്നില്ലെങ്കിലും
നീ വരുമെന്നെനിക്കുറപ്പുണ്ടായിരുന്നു.
നവോഢയെപ്പോൽ
ഞാൻ ഒരുങ്ങിയിരുന്നു.
മുടിയിലെ മുല്ലപ്പൂമാലക്ക്
നീ വരുമെന്നറിയാമായിരുന്നിരിക്കണം.
പതിവിലുമേറെ അവ
സുഗന്ധമണിഞ്ഞിരുന്നു.
എൻ്റെ പട്ടുപുടവയും
എന്തോ രഹസ്യം സൂക്ഷിച്ചിരുന്നു.
അഞ്ചലത്തിലെ സ്വർണ്ണക്കസവൊളി
മിന്നിത്തെളിഞ്ഞും ഒളിഞ്ഞും
നോക്കുന്നുണ്ടായിരുന്നു.
തരിവളകൾക്കും കാൽച്ചിലങ്കകൾക്കും
വല്ലാത്ത തിടുക്കമായിരുന്നു.
നീ വരുമെന്നറിഞ്ഞ്, അവ
അത്യാർത്ഥരെപ്പോലെ
നിലയ്ക്കാതെ നൃത്തമാടിയിരുന്നു.
അനുരക്തരാമെൻ സ്വേദബിന്ദുക്കൾക്കും
അതറിയാമായിരുന്നു.
ഗളശംഖിൻ വടിവിൽ നിന്ന്
ഉറവകൊണ്ട്,
കുചദുർഗതുംഗങ്ങളെ കവിഞ്ഞ്,
ആലിലമധ്യത്തിൻ നടുവിലൂടെ
നാഭിച്ചുഴിയിലേക്ക് ചാലിടുന്ന
മൃദുരോമരാജിയെ
പൊൻമുത്തുകളണിയിച്ച്
അവ
നീ വരുംപാതകളിൽ
തീർത്ഥം കുടഞ്ഞിരുന്നു.
എന്നിട്ടും
നിൻ്റെ ആഗമസന്ദേശങ്ങളെ
ഒറ്റുകൊടുക്കാത്ത വിധേയരെ
ഒന്നു കണ്ണെറിയുകപോലും ചെയ്യാതെ
അപ്രതീക്ഷിതവേളയിൽ
നീ വന്നു.
എൻ്റെ തരിവളകളെ
ഉടച്ചുകളയുംവിധം
കൈ കവർന്നു.
കാൽച്ചിലങ്കകൾ തെറിച്ചുവീഴുംവിധം.
നെഞ്ചിൽ ചേർത്തു.
എൻ്റെ ആത്മാവിലേക്കുറ്റുനോക്കി.
.
നീയും ഞാനുമെന്ന
ദ്വന്ദ്വമകന്ന
ആ അനർഘനിമിഷത്തിൽ
നീ കാംക്ഷിക്കാത്തവയെയെല്ലാം ഞാൻ
ഉരിഞ്ഞെറിഞ്ഞു.
അംഗരാഗങ്ങൾ...
ആടയാഭരണങ്ങൾ..
'എൻ്റെ' എന്ന വാക്കിനൊപ്പം
ഈ ദേഹം പോലും.
പിന്നെ
നിൻ്റെ മേനിത്തണുപ്പിലേക്കമർന്നലിഞ്ഞു.