Wednesday, 5 February 2025

ഇനിയുമുണ്ടെനിക്കേറെ പറയാൻ

ഞാനപ്പോൾ 

എന്നോട് സംസാരിക്കുന്നു. 

മനുഷ്യരാരുമത് കേൾക്കുന്നില്ല.



അടരുന്ന  ഇലയത് കേൾക്കുന്നു.

പാതിവഴിയിൽ കാതോർക്കുന്നു.

ചുളുകവിളിൽ തലോടി,

ഞാനടർന്നുവീഴുന്നു.


ഇഴയുന്ന  പുഴുവത് കേൾക്കുന്നു.

തിരിഞ്ഞുനിൽക്കുന്നു.

പുഞ്ചിരിനൂലിഴയിലൂടെ

ഞാനിഴഞ്ഞുകയറുന്നു.


വിടരുന്ന  പൂമൊട്ടത് കേൾക്കുന്നു.

മലരാൻ മറക്കുന്നു.

തുടുചൊടിയിലൊരു ചുംബനമേകി

ഞാൻ വിടർന്ന് ചിരിക്കുന്നു. 


വീശുന്ന കാറ്റത് കേൾക്കുന്നു.

സ്തംഭിച്ച് നിൽക്കുന്നു.

കൈക്കുമ്പിൾമണമൂതിപ്പറപ്പിച്ച്

ഞാൻ കുളിരുവാരിയെറിയുന്നു.


പറക്കുന്ന  കിളിയത് കേൾക്കുന്നു.

ചിറകുകൾ ഉറയുന്നു.

കതിർമണിയൊന്ന് കൊത്തിയെടുത്ത്

ഞാൻ പറന്നുപോകുന്നു.


ഒഴുകുന്ന പുഴയത് കേൾക്കുന്നു.

നിശ്ചലമാകുന്നു.

കളകളം ഒരു പാട്ടുമൂളി

ഞാൻ വെള്ളിച്ചില്ലിൽ തെന്നുന്നു..


ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

മനുഷ്യരാരുമത് കേൾക്കുന്നില്ല.


പൂവിൻ്റേയും കാറ്റിൻ്റേയും, 

കിളിയുടേയും നദിയുടേയും

ഭാഷകളിൽ സംസാരിച്ച് 

ഞാൻ തിരക്കിട്ടുപോകുന്നു. 

ഇനിയുമുണ്ടെനിക്കേറെപ്പറയാൻ.

No comments: