Tuesday, 19 November 2024

ബുദ്ധശലഭത്തിൻ്റെ ധ്യാനവഴികൾ

ഓർമ്മകളേ...

പട്ടുനൂൽക്കെട്ടുകളിൽ

ചുറ്റിപ്പിണഞ്ഞ്

എന്തേയിങ്ങനെ

അശ്രാന്തസഞ്ചാരം നടത്തുന്നു.


ഗൗതമൻ്റെ

സഞ്ചാരവഴികളിലിപ്പോൾ

ഒരു ചിറകടി

കേൾക്കുന്നില്ലേ?


ഉപേക്ഷിക്കപ്പെട്ട കൂട്ടിലെ

കിളിച്ചൂടേൽക്കാതെ

പട്ടുപോയ മുട്ടകൾ പോലെ

പൊഴിച്ചിട്ട ചിത്രവർണ്ണങ്ങൾ 

കാണുന്നില്ലേ?


പറന്നകലുമ്പോൾ

ചൂടിൻ കമ്പളം

എടുക്കാൻ മറന്നതല്ല;

എടുക്കാൻ മടിച്ചതാണ്.


അത്രമേൽ ലോലമാകേണ്ടതുണ്ടല്ലോ

ധ്യാനമാർഗങ്ങളിലെ 

ശലഭച്ചിറകുകൾക്ക്



Wednesday, 13 November 2024

കനമില്ലാതെ....

അലയുന്നുണ്ട്‌...

എന്തിനീ യാത്രയെന്ന

ഏതാണു ലക്ഷ്യമെന്ന

മുൾമുനകളിൽ നിന്ന്

പൊങ്ങിപ്പറന്ന്

പഞ്ഞിപ്പതുപതുപ്പ്

കാറ്റിൽ കലർത്തി

ഒരപ്പൂപ്പൻതാടി.


സ്വപ്നഭാരങ്ങളുടെ 

ചങ്ങാടക്കെട്ടിലെ യാത്ര

അവനുള്ളതല്ല.

വിളക്കുമാടത്തിലെരിയുന്ന

മാർഗദീപത്തിനെണ്ണയും

അവൻ പകർന്നതല്ല.


കാറ്റു പാകുമ്പോൾ

വീണുരേണ്ട വിത്തും

മരമായ്, കരുത്തായ്

ചൊരിയേണ്ട തണലും

പൂക്കളെ, കായ്കളെ 

പൊലിക്കേണ്ട കൈകളും

കിളിക്കൂടു നെയ്യുന്ന

ഇലച്ചാർത്തിൻ മറവും

ഭൂമിയെ പുണരുന്ന

വേരിൻ്റെ ചൂടും

തന്നിലുണ്ടെന്നത്

തന്നോടും പറയാതെ

ഒഴുകുകയാണവൻ

കൃതകൃത്യധന്യനായ്.


Sunday, 10 November 2024

എൻ്റെ ചങ്ങായീ......

എൻ്റെ ചങ്ങായീ.....

നിന്നോട് ഞാൻ കൂട്ട് വെട്ടി


നീ ഒന്നോർക്കണമായിരുന്നു,

വന്നു വിളിക്കുമ്പൊഴേ

ഒരെതിർപ്പുമില്ലാതെ

ഞാൻ ഇറങ്ങി വരുന്നുണ്ടെന്ന്.

നീ പോകുന്നിടത്തൊക്കെ

കൂടെത്തന്നെയുണ്ടെന്ന്.


എന്നിട്ടും എപ്പോഴും

പാതിവഴിയിൽ 

ഇരുട്ടിൽ

എന്നെ തനിച്ചാക്കി നീ

എങ്ങോ ഒളിക്കുന്നു.


ഒരു സമ്മാനമെന്ന 

മധുരം നീട്ടി

ഇന്നലെയും നീയെന്നെ 

അനുചാരിയാക്കി.

ആരും കാണാത്ത

രഹസ്യപ്പൂന്തോട്ടത്തിൽ

പൂക്കളും ലതകളും

കെട്ടിയ ഊഞ്ഞാലിൽ

ഇരുന്നാടുന്നൊരു

മാലാഖയുണ്ടെന്ന്

നീ എന്നോട് പറഞ്ഞത്

ഞാൻ വിശ്വസിച്ചു. 

കൂടെയിരുന്നാടാൻ

നീയെന്നെ ക്ഷണിച്ചു.


എൻ്റെ കണ്ണു കെട്ടി നീ

ഊഞ്ഞാലിലാട്ടി.

കാക്കത്തൊള്ളായിരം റോസാപ്പൂക്കൾ

ആ നിമിഷം അവിടെ 

ഒന്നിച്ചു വിരിഞ്ഞിട്ടുണ്ടാകണം. 

പൂമണത്തോടൊപ്പം

എൻ്റെ കൂടെ

ഊഞ്ഞാലാടിയിരുന്നത്

ആ മാലാഖ തന്നെയാവണം.

കാണാൻ ഞാൻ

കണ്ണുകളുടെ കെട്ടഴിക്കാൻ നോക്കി. 

നീയപ്പോൾ എന്നെ 

ഊഞ്ഞാലിൽ നിന്നു തള്ളിയിട്ട്

ഓടിക്കളഞ്ഞു.

ഇനി നിൻ്റെ കൂടെ ഞാൻ

എങ്ങോട്ടും വരില്ല.... സത്യം.



കണ്ണുകൾക്കു മുറുകേ തഴുതിട്ടാണ്

ഇന്നു ഞാൻ ഉറങ്ങാൻ കിടന്നത്.

എന്നാലും എനിക്കറിയാം

നീ വരും.

പൂട്ടിയ കണ്ണുകളിൽ

മുട്ടി വിളിക്കും

ഉറക്കം വന്ന്

ഓടാമ്പലൂരും

ഇമകൾക്കുള്ളിലൂടെ നീ

ഉള്ളിൽ കടക്കും

എന്നെ വിളിക്കും.

വാശിക്കമ്പളം വലിച്ചെറിഞ്ഞ്

ഞാനിന്നും

നിൻ്റെ കൂടെ വരും.

ആ  ഊഞ്ഞാലിൽ

വീണ്ടുമൊന്നിരിക്കാൻ..

മനസ്സിൻ്റെ നിലവറയിലെ

വാസനക്കുപ്പി  തട്ടിത്തുറന്നൊഴുകുന്ന

സുഗന്ധത്തെ കൂട്ടിരുത്തി

ഒന്നുകൂടിയാടാൻ..


ആയത്തിലായത്തിൽ

ഉഞ്ഞാലിലാടുമ്പോൾ

ഇന്നലെപ്പോലെ എന്നെ നീ

തള്ളിയിടരുത്.

ഓർമ്മ വരച്ച

അമ്മിഞ്ഞമണത്തിൻ റോസാപ്പൂക്കൾ

കണ്ണിൽ വിടർത്താൻ

ഇനി ഞാൻ കണ്ണിലെ 

കെട്ടഴിക്കില്ല.

സത്യം





ഒരിക്കൽ മാത്രം നനയേണ്ട പുഴ

ഒരിക്കൽ മാത്രം നനയേണ്ട 

ഒരു പുഴയുണ്ട്.

കാലൊന്നു നനച്ചു പോയാൽ

നിങ്ങളെ അത്

വഴുതി വീഴിക്കുമെന്നുറപ്പ്.

അടിയൊഴുക്കിൻ്റെ ആഴങ്ങളിലേക്ക് 

മുക്കിത്താഴ്ത്തുമെന്നും

ചുഴികൾ നിങ്ങളെ ചുഴറ്റുന്ന

കാന്തവലയങ്ങളാകുമെന്നും

നിങ്ങളെ മാത്രം കാത്തുകാത്തിരിക്കുന്ന

അത്യഗാധതകളിലേക്ക് 

വലിച്ചെടുക്കുമെന്നും ഉറപ്പ്. 

അയിരിൽ നിന്നു വേർതിരിയുന്ന

ലോഹമെന്ന പോലെ

നിങ്ങളിലെ നിങ്ങൾ 

ഉരുവാകുന്നതിൻ്റെ നൈർമ്മല്യത്തിൽ

ഒരു ഗർഭസ്തരം നിങ്ങളെ പൊതിയും.

പിന്നെയെല്ലാം ശാന്തം.

ചുറ്റുമുള്ള ജലമപ്പോൾ

സ്വച്ഛവും നിർമ്മലവുമാകും.

ആ ജലക്കണ്ണാടിക്ക്

നിങ്ങളുടെ കണ്ണുകളാണ്.

ലോകത്തേറ്റവും സുന്ദരൻ/സുന്ദരി 

നിങ്ങളെന്ന്,

സത്യം മാത്രം പറയും

ആ കണ്ണാടിക്കണ്ണുകൾ.



ഒരിക്കൽ നനഞ്ഞാൽ

കരകയറാനാവാത്ത,

ഒരു സൂര്യനും 

ബാഷ്പീകരിക്കാനാവാത്ത,

ഒരു തണുപ്പിനും

ഘനീഭവിപ്പിക്കാനാകാത്ത

ഒരു പുഴയുണ്ടെല്ലാവരിലും.

അതിൽ 

ഒരിക്കൽ പോലും 

നനയാത്തവരുമുണ്ട്.



Tuesday, 5 November 2024

ദി ട്രാഫിക് കോപ്

അയാൾ ഒരു നർത്തകൻ.


മുൻപിലേക്ക്.. പുറകിലേക്ക്

ഇടതുവലതുവശങ്ങളിലേക്ക്

അനായാസം ചലിക്കുന്ന പാദങ്ങൾ. 

അലസമെങ്കിലും

അളന്നു കുറിച്ച 

അടവുകൾ.

മുദ്രാങ്കിതമംഗുലീയങ്ങൾ.

നാൽക്കവല നൃത്തവേദി.

കാണികളുടെ അടക്കിയ വീർപ്പുകളിൽ

അയാളുടെ നൃത്തച്ചുവടുകൾ.

അംഗവിക്ഷേപങ്ങൾ.



കൈകളിലൊളിപ്പിച്ച മുദ്രകളെ

അയാൾ ഒരു ദിക്കിലേക്കെറിയുമ്പോൾ

ഒരു വാഹനത്തിര

ആ ദിശയിലേക്ക്

ഞൊറിനിവർത്തുന്നു.

കെട്ടിനിൽക്കുന്ന ജലാശയങ്ങളായ്

മറ്റു മൂന്നു പക്കങ്ങളും

അയാളുടെ കൈമുദ്രകൾ നിവർന്നു പരക്കാൻ

തിരകളൊതുക്കി

കാത്തുനിൽക്കുന്നു.


അടുത്ത നിമിഷം കൈകളിൽ നിന്ന്

മറ്റൊരു തിരയെ അയാൾ 

അഴിച്ചു വിടുന്നു.

കുഞ്ഞുനത്തോലി മുതൽ 

വൻ സ്രാവുകൾ വരെ 

ആ മെക്സിക്കൻ തിരയിൽ

ഒഴുകിപ്പരക്കുന്നു.


പിന്നെ 

ഒരു സൂഫിനൃത്തച്ചുവടിൻ കറക്കത്തിൽ

കാണികളൊന്നാകെ 

സ്തബ്ധരാവുമ്പോൾ

ചുളിവു വീണ ഏതോ കൈകൾ

അയാളുടെ കരം ഗ്രഹിച്ച്

വേദിക്കു കുറുകെ

പതറുന്ന ചുവടുകൾ വയ്ക്കുന്നു.

ഹാമെലിനിലെ പൈഡ് പൈപ്പറിൻ്റെ

കുഴൽനാദത്തെയെന്ന പോലെ

സ്കൂൾബാഗുകളേന്തിയ 

കുഞ്ഞുപാദങ്ങളും

വാൽ ഇരുവശത്തേക്കും ദ്രുതം ചലിപ്പിച്ച്

ഒരു നാൽക്കാലിയും

ആ സംഘനൃത്തത്തിൽ പങ്കുചേർന്ന്

അയാൾക്കു പുറകെ നീങ്ങുന്നു.



വൻതിരകൾക്കു മുൻപേ

ഒരു നിമിഷം ഉൾവലിയുന്ന 

കടലിൻ്റെ  ശാന്തതയെ

തൊട്ടടുത്ത നിമിഷം

അയാൾ കൈച്ചുരുളിൽ നിന്നും 

തിരമാലകളായ് പായിക്കുന്നു.

ഉച്ചക്കൊടുംസൂര്യനും

അയാൾക്കൊപ്പം ചുവടുവച്ചു നീങ്ങുന്നു.

വിയർപ്പിൻ്റെ നടുക്കടലിൽ

അത്യുഷ്ണത്തിരകൾക്കു മുകളിലൂടെ

 അതിവിദഗ്ധനൊരു കപ്പിത്താൻ കപ്പിത്താൻ

കപ്പലിനെ നൃത്തത്തിലോട്ടുന്നു.



അപൂർവ്വം  ചില നേരങ്ങളിൽ 

നാൽക്കവല

നങ്കൂരം മുറിഞ്ഞ കപ്പൽ പോലെ

വട്ടച്ചുഴിയിൽ ചുറ്റും. 

അദ്ധ്യാപകനില്ലാത്ത 

പ്രൈമറി ക്ലാസ്റൂം പോലെ

ആരവങ്ങളുയർത്തും

നിവർത്തിയെടുക്കാനാവാത്ത 

കുരുക്കുകൾക്കുള്ളിൽ

കവലയപ്പോൾ

അയാളുടെ കൈമുദ്രകൾ തിരയും.


ഒരൽപ്പം വൈകിയ അദ്ധ്യാപകൻ്റെ 

വെപ്രാളത്തോടെ

ഏറ്റവും സങ്കീർണ്ണമായ പ്രശ്നോത്തരിക്കുള്ള 

സൂത്രവാക്യവുമായി

അയളപ്പോൾ ഓടിയണയും.

ഒരൊറ്റ ഹസ്തചലനത്താൽ 

കടുംകെട്ടുകളെ അഴിച്ചു വിടും.

വിദഗ്ധനായൊരു മ്യൂസിക് കണ്ടക്റ്ററുടെ 

വിരൽത്താളത്തിനൊത്ത് അപ്പോൾ

ഒരു  ഓപ്പറ വീണ്ടും

ആരംഭിക്കുകയായി.

നേർരേഖയിലും ചാഞ്ഞും ചരിഞ്ഞും

നർത്തകർ

അയാൾക്കു ചുറ്റും

നൃത്തമാടി നീങ്ങുകയായി.





Wednesday, 30 October 2024

തേടൽ

തേടിയിറങ്ങുമ്പോൾ
കണ്ടെടുക്കുമെന്ന കാതലുറപ്പുള്ള
ബോധിവൃക്ഷശാഖകൾ
ഏതോ അജ്ഞാതദ്വീപുകളിൽ നിന്ന്
മന്ത്രവിരൽ നീട്ടി വിളിച്ചിരുന്നു.
മൂടൽമഞ്ഞിൻ വിരിമറയ്ക്കുള്ളിലെ
പാതികൂമ്പിയ തളിരിലമിഴികൾ
ധ്യാനഭാവം പൂണ്ടിരുന്നു.
ധ്രുവച്ചിറകുകളിൽ പറന്നണഞ്ഞൊരു
മായാദീപ്തി
ദൂരത്തെ കൺകെട്ടി മയക്കിയിരുന്നു.

വാക്കിൻ വിള്ളൽപ്പിളർപ്പുകളിലൂടെ
നോക്കുകൾ കൂലംകുത്തിയൊഴുകുന്ന
കിഴുക്കാം തൂക്കാം ഗർത്തങ്ങളിലൂടെ
പക്ഷിച്ചിറകു മുറിക്കുന്ന
നിശ്വാസക്കൊടുങ്കാറ്റിലൂടെ
കാഴ്ചയെ കണ്ണുകെട്ടും തിരമാലകളിലൂടെ
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
ഹൃദയച്ചുവപ്പുള്ള
ആ മാന്ത്രികദ്വീപിൽ
നീയുണ്ടാകുമെന്ന

പ്രതീക്ഷയുടെ തോണി തുഴഞ്ഞ്

ഒഴുക്കിനെതിരെയുള്ള

ദുർഘടയാത്ര.


പാതിവഴിയിൽ
തുഴത്തണ്ടൊടിച്ച്
അഗാധതയിലേക്കെടുത്തെറിയുന്ന
ജലപാതം.

കുത്തൊഴുക്ക് തകർത്ത
പാറക്കെട്ടുകൾക്കൊപ്പം
മുങ്ങിമറഞ്ഞ മായാദ്വീപിൻ്റെ
ഓർമ്മബാക്കിയായി
ചുഴിയിൽ മറയുന്നു,
കുതിർന്നുമിഴിഞ്ഞ ഒരേകനേത്രം


പിന്നെ
ജലത്തോളേറിയ ദലം പോൽ
അയാസരഹിതമായി
ഒഴുക്കിനൊത്ത് അങ്ങിനെ...



ആഴങ്ങളിൽ നിന്ന്
മെല്ലെയുയർന്നു വന്ന
ഇരുകൈകൾ
തോണിയിൽ പിടുത്തമിട്ടത്‌
അപ്പോഴാണ്.
വലിച്ചുയർത്തി നോക്കുമ്പോഴുണ്ട്
ചിരിയിൽ
തടാകപ്പരപ്പുകളുടെ ശാന്തതയൊളിപ്പിച്ച
ഒരുവൾ

പ്രകാശപൂരിതമായ
പവിഴദ്വീപിൻ തീരങ്ങളിലൂടെ
ഞങ്ങളിപ്പോൾ
കരം കോർത്ത് നടക്കുന്നു.
ശരൽക്കാലവർണ്ണങ്ങൾ
പാവാട ചുറ്റിയ
തീരജലത്തിൽ
ഒരൊറ്റ പ്രതിച്ഛായ
ഞങ്ങൾക്കൊപ്പം
ചിരിച്ചു നീങ്ങുന്നു.


















Monday, 28 October 2024

പക്ഷികൾ വായിക്കപ്പെടുന്നത്‌...


തെളിഞ്ഞ ആകാശം

ചിറകു വിരിച്ചു പാറുന്നൊരു പറവയെ

സ്വാതന്ത്ര്യമെന്നു വായിക്കുമ്പോൾ,


കൺവാട്ടം പിടിച്ച്

അങ്ങുയരെ...

അങ്ങങ്ങുയരെ

അങ്ങ് മേഘങ്ങളോളം ഉയരെ

പറവപ്പൊട്ടിനെ കാണുന്ന

ഒരു കൂട്ടം കുഞ്ഞുങ്ങൾ

പരുന്തെന്ന്,

ഇരയെ റാഞ്ചാൻ ചുറ്റുകയാവാമെന്ന്...

അല്ലല്ല.. പ്രാവെന്ന്,

ഇറച്ചി രുചികരമെന്ന്...

തത്തയെന്ന്,

കൂട്ടിലിട്ടു മെരുക്കാമെന്ന്...

മൈനയെന്ന്,

പാട്ടു പാടിക്കാമെന്ന്...

കുയിലെന്ന്,

മറുമൊഴി കൂകാമെന്ന്...

പഞ്ചവർണ്ണക്കിളിയെന്ന്,

ഇരുട്ടിലടയ്ക്കാമെന്ന്...

കൗശലം  കവണയിൽ

കല്ലു  പായിക്കുന്നു.


ഭൂമിയെ സൗന്ദര്യമെന്നു വായിക്കുന്ന 

പറവക്കണ്ണുകളോ,

അങ്ങു താഴെ...

അങ്ങങ്ങു താഴെ....

അങ്ങു പാതാളത്തോളം താഴെ...

ചെറുമനുഷ്യരെ കാണുന്നു. 

അവരുടെ കല്ലുകളി കാണുന്നു. 


പേരറിയാപ്പക്ഷിയപ്പോൾ

ദിക്കുകൾ നിറയുന്ന  ചിറകുകൾ വീശി,

മേഘങ്ങളെ പറപ്പിച്ച്

അങ്ങകലെ..

അങ്ങങ്ങകലെ...

അങ്ങ് ചക്രവാളങ്ങളോളം അകലെ.

സുവർണ്ണവെളിച്ചം നെറ്റിയിലണിഞ്ഞ

ഒറ്റനക്ഷത്രം ലക്ഷ്യമാക്കി

പറന്നുപോകുന്നു.

Saturday, 26 October 2024

വാനിറ്റി

 വാനിറ്റി - ദുരഭിമാനം!!


ഇരയായിരുന്നു ഞാനതിന്-

പേരിന്നാഭിജാത്യത്താൽ.

രൂപസൗകുമാര്യത്താൽ.

സാമൂഹ്യമൂല്യത്താൽ.


സ്വന്തമാക്കിയിരുന്നു ഞാൻ-

ക്രെഡിറ്റ് കാർഡുകളെ, 

ചെക്ക് ബുക്കുകളെ,

വിലയേറിയ മൊബൈൽ ഫോണിനെ,

ബ്രാൻ്റഡ് സൺ ഗ്ലാസുകളെ,

മെയ്ക്കപ്പ് സെറ്റുകളെ.


ഒതുങ്ങിയ എൻ്റെ ഉടലിനെ 

ചുറ്റിയിരുന്നു ലോകം-

ഫ്ലൈറ്റുകളിൽ, 

കാറുകളിൽ,


എൻ്റെ സാന്നിധ്യമഹങ്കരിപ്പിച്ചിരുന്നു,

ഫൈവ് സ്റ്റാർ ഹോട്ടലുകളെ,

ജിമ്മുകളെ,

ഡാൻസ് ബാറുകളെ.


എന്നെ അലങ്കാരമാക്കിയിരുന്നു,

ഒഫീഷ്യൽ മീറ്റിങ്ങുകൾ.


എന്നിൽ തിളങ്ങിയിരുന്നു-

ഇരവുകളിലെ

കാൻ്റിൽ ലൈറ്റ് ഡിന്നറുകൾ.



എന്നിലൂടെ 

കണക്കുകൾ എഴുതിത്തള്ളിയിരുന്ന

കുലീനവർഷങ്ങൾ!!



കാലമിപ്പോൾ

അവർഗ്ലാസ് കീഴ്മേൽ മറിക്കുന്നു.

ജരകൾക്കൊപ്പം 

ചൊരിമണലിൽ

ഞാൻ ഭൂമിയുടെ മറുപുറത്തേക്ക്

തിരസ്കൃതയാവുന്നു.


അകാലത്തിൽ ചുളിവു വീണ

നെയിൽ പോളിഷ് ഇടാത്ത

വിണ്ടുപൊട്ടിയ നഖങ്ങളുള്ള 

ഏതോ കൈകളാൽ

ഞാൻ കോരിയെടുക്കപ്പെടുന്നു.

നന്ദിമിടിക്കുന്ന  

നെഞ്ചോടു ചേർക്കപ്പെടുന്നു.


ജീവിതം എന്നെ

താലോലിച്ചാശ്ലേഷിക്കുന്നു. 


ഇന്ന്,

കാലഗണനയില്ലാത്ത തിരക്കുകളാൽ

കുത്തിനിറയ്ക്കപ്പെടുന്നു,

എൻ്റെ പ്രഭാതങ്ങൾ.



നാട്ടിൻപുറവും 

പൊട്ടിപ്പൊളിഞ്ഞ റോഡും

സർക്കാർ ബസും 

കുലുങ്ങിക്കുലുങ്ങി ടൗണിലേക്കും 

തിരിച്ചുമുള്ള യാത്രകളും

എൻ്റെ ലോകത്തെ ചുറ്റുന്നു.



രണ്ടറ്റം മുട്ടാത്ത കണക്കുകൾ

എൻ്റെ ഭാരം വർദ്ധിപ്പിച്ച്

ഏറ്റുന്ന തോളു പറിക്കുന്നു. 


ചോറ്റുപാത്രത്താൽ, 

കുപ്പിവെള്ളത്താൽ,

കമ്പി പൊട്ടിയ കുടയാൽ,

അമ്മയ്ക്കു വാങ്ങാനുള്ള കഷായത്തിൻ്റെ

ഒഴിഞ്ഞ കുപ്പിയാൽ ഒക്കെ

മഹോദരം ബാധിച്ച്   വയർ വിള്ളുമ്പോൾ

പൊട്ടിയടരായ ഒരു ബ്രാൻ്റ് നെയിം

എൻ്റെ പള്ളയിലിരുന്ന്

ചിറി കോട്ടുന്നു.


എന്നിട്ടും നിറവോടെ ഞാൻ 

തിരക്കിട്ടോടുന്നു;

ബ്രാൻ്റഡ് ആകാത്ത ഒരുപാടു നെടുവീർപ്പുകളെ 

കുത്തിനിറച്ച്

ഇപ്പോൾ ഇതുവഴി ഒരു വണ്ടി വരും

അതു പിടിക്കേണ്ടതുണ്ട്.

വൈകിപ്പോയിയെന്നാൽ

അധികാരഗർവ്വിനു മുന്നിൽ

തലകുനിച്ചു നിൽക്കേണ്ടി വരുന്ന 

മാനിയായ ഒരുവളുടെ

[ദുരയില്ലാ] അഭിമാനം

കാക്കേണ്ടതുണ്ട്.