Monday, 10 March 2025

ചിരിമഞ്ഞ

 എന്നു മുതലാണ് 

നിൻ്റെ ചിത്രത്തുന്നലുകളിലെ

സൂര്യകാന്തിപ്പൂക്കളുടെ

നിറം മങ്ങിത്തുടങ്ങിയതെന്നും

അതിസൂഷ്മക്കരവിരുതിൽ അങ്കുരിച്ച

മുകുളങ്ങളോരോന്നും

വിരിയാൻ മറന്നതെന്നും

തീർച്ചയില്ല.

ഓർക്കുന്നു, 

അന്നുമുതൽ

ചിരിമഞ്ഞയെ മായ്ച്ച്

ഒരു വിഷാദം നിൻ്റെ

ഇണക്കൂട്ടുകാരിയായത്.

നിങ്ങൾ ഒന്നും സംസാരിച്ചില്ല.

പരസ്പരം ഒന്ന് നോക്കിയതു പോലുമില്ല. 

വാടിനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾക്കിടയിൽ

കറുത്ത എന്തോ ഒന്ന് തുന്നുന്നതിനായി

നൂൽ തിരയുമ്പോഴൊക്കെ

മൂളിവന്നൊരു മുരൾച്ച

നിൻ്റെ വിരൽ മുറിച്ചു.

അപ്പോഴൊക്കെ 

ഇറ്റുവീണ 

ചുവന്ന വേദനയെ തുടച്ചുനീക്കി,

നിൻ്റെ കൂട്ടുകാരി

മുറിവൂതിയാറ്റി, പൊതിഞ്ഞുകെട്ടി.


സൂര്യകാന്തിപ്പാടത്തെ

അവസാനപൂവിലെ 

അവസായിതളും കരിഞ്ഞുവീഴും മുൻപായാണ്

നൂൽക്കൂട്ടങ്ങൾക്കിടയിൽ

ഒളിഞ്ഞിരുന്ന 

കറുത്തൊരു മൂളൽ

നിൻ്റെ കൂട്ടുകാരിയുടെ കാൽച്ചുവടുകൾക്കടിയിൽ

ഞെരിഞ്ഞമരുന്നതറിഞ്ഞ്

നീ കണ്ണു പൊത്തിയത്. 

മുഖം മറച്ച,

മുറിവാർന്ന നിൻ്റെ വിരലുകളെ

അവൾ 

പൂവായ് വിടർത്തി.

ഉദിച്ചുയർന്ന അവളുടെ മുഖത്തിനു ചുറ്റും

അപ്പോൾ

സ്വർണ്ണദലങ്ങൾ പ്രഭാവലയമൊരുക്കിയത്

നീ കണ്ടു. 

അവൾ നിന്നെ നോക്കിച്ചിരിച്ചു.

'മഞ്ഞ' എന്ന അവളുടെ പേർ

നീ വീണ്ടും വിളിച്ചു. 

ശേഷം

പരസ്പരം കോർത്ത വിരലുകൾ 

ചിറകുകളാക്കി,

നിങ്ങൾ

സൂര്യകാന്തിവനങ്ങളിലേക്ക്

പറന്നുപോയി. 


 

No comments: