Friday, 17 October 2025

വിട്ടുപോയിടം ........


മാരുതപ്രചണ്ഡമായ് 

നീ വീശിയടിച്ചില്ല.

ഭ്രാന്തൻ തിരകളായി 

തല്ലിത്തകർത്തതില്ല.

വർഷക്കൊടുംമാരിയായ്

പെയ്തു കവിഞ്ഞതില്ല.

കൽപ്പാന്തപ്രളയമായ്

ക്ഷോഭമണിഞ്ഞതില്ല.

സ്വസ്ഥപ്രതലങ്ങളിൽ

ഉരുൾപൊട്ടി വീണുമില്ല.

പുൽക്കൊടിത്തുമ്പിനേയും

ശിരസ്സു കുനിപ്പിക്കാത്ത

 നിൻ ശ്രേഷ്ഠപാദപതന-

ധന്യതയാരും കണ്ടില്ല.


മന്ദമാരുതനായി

എന്നെ തഴുകിപ്പോകേ

അശ്രുക്ഷാരവും, ദീർഘ-

നിശ്വാസബാഷ്പങ്ങളും

നാമ്പിടുവിച്ച ബൗദ്ധ-

ചിന്താഗ്നിജ്ജ്വാലകളെ

നിന്നുള്ളം പേറിയെന്നും

നീയതിൽ പൊള്ളിയെന്നും

നീ പോയ് മറയും വരെയും

ഞാനൊട്ടുമറിഞ്ഞില്ല.


പൂരണാർത്ഥം പുറകിൽ

ശൂന്യതയൊന്നുപേക്ഷിച്ച്

നീ പോകേ, കുഴയ്ക്കുമാ

സമസ്യയ്ക്കുത്തരം കാണാ-

നാകാതെ നാഥനില്ലാ-

ക്കളരി പകയ്ക്കവേ,

നിന്നസാന്നിദ്ധ്യം തീർത്ത

ശൂന്യത പൂരിപ്പിക്കാൻ

മറ്റൊരു ശൂന്യതയെ

തിരഞ്ഞെടുക്കുന്നു കാലം.

ആ മികവിനു മുന്നിൽ

അമ്പരക്കുന്നൂ ഞങ്ങൾ;

തോറ്റ പഠിതാക്കളായി

മുട്ടുകുത്തി നിൽക്കുന്നു;

ദുർഘടം ചില ശൂന്യ-

പൂരണസമസ്യയ്ക്ക്

ശൂന്യതയോളം ചേർന്ന

ഉത്തരം വേറില്ലെന്ന്

ശിക്ഷയായ് പരശ്ശതം

ആവർത്തിച്ചെഴുതുന്നു.