ചെഞ്ചായത്തിരശ്ശീലയുടെ
പശ്ചാത്തലത്തിൽ
അസ്തമയവേളയിൽ
പശ്ചിമാംബരമൊരുക്കുന്ന
ഓപ്പറാഹൗസ് കണ്ടോ?
അജ്ഞാതനായൊരു കണ്ടക്റ്ററുടെ
വിരൽച്ചലനത്തിനൊത്ത്
ഉയർന്നും, താഴ്ന്നും,
വിവിധരൂപങ്ങൾ രചിച്ചും,
പിന്നെ
കോണിഫർമരത്തിലെ ഗ്രീൻറൂമിൽ
ഒരു നിമിഷം വിശ്രമിച്ച്
വീണ്ടും ഉയർന്നുപൊങ്ങി,
ചൈനീസ് സംഘനർത്തകരെപ്പോലെ
മതിമറന്ന് നൃത്തമാടുന്ന
സ്റ്റാർലിങ്ങ്സ് പക്ഷിക്കൂട്ടത്തെയോ?
അവയോട്
എന്തിനു നൃത്തമാടുന്നു എന്നു ചോദിക്കരുത്.
പകരം
ആകാശമാകെ പറന്നുനിറയുന്ന
ചിറകുകൾ
സ്വയമെടുത്തണിഞ്ഞുപറക്കുക.
ഇടംവലം തിരക്കിലോടുന്ന നഗരം,
ഇലച്ചാർത്തിനുള്ളിൽ
ഒളിപ്പിച്ചുപിടിച്ചിട്ടുള്ള
ഗ്രാമപാതകളിലൂടെ പോകാനിടയായാൽ,
തെറ്റാലിയിൽ നിന്നു തെറിച്ച പോലെ
കുറുകെ പെട്ടെന്നൊരു മാൻകൂട്ടം
ചാടിമറയുന്നതു കണ്ടേക്കാം.
അവയ്ക്കു വഴിതെറ്റി എന്നു ധരിക്കരുത്.
അവ വഴിത്താരകൾ തീർക്കാത്തവ.
അഥവാ,
എല്ലാ വഴികളും അവയ്ക്കുള്ളവ.
ഒന്നിളവേൽക്കാനായി
വൃക്ഷത്തണലിൽ ചാരിയിരിക്കേ,
കൊറിക്കുന്ന നിലക്കടല
ചോദിച്ചുവാങ്ങുന്ന
അണ്ണാറക്കണ്ണനുമൊന്നു കൊടുത്ത്,
'പകുക്കുമ്പോൾ ഇരട്ടിക്കുന്ന
മാധുര്യത്തിൻ രസം നുകരുന്നു' എന്ന്
സോഷ്യൽമീഡിയാവോളിൽ
ചിത്രമാകുന്നതിനു മുൻപ്
മനസ്സിലാക്കുക,
അവൻ ചോദിച്ചുവാങ്ങിയത്
അവന് അവകാശപ്പെട്ടത്..
മഴക്കോളിരുണ്ട അപരാഹ്നത്തിൽ
ഡബിൾഡക്കർ ബസിൻ്റെ
മുകൾനിലയിലിരുന്ന്
നാട്ടിൻപുറങ്ങളിലേക്ക് യാത്ര പോകവേ,
ഏകാന്തതയിലൊരു വീട്,
പച്ചപ്പുൽപ്പരവതാനി ചുരുൾനിവർത്തിയലങ്കരിച്ച,
ശാന്തമായ തൻ്റെ
മുറ്റത്ത്,
പീലി വിരിച്ച്
വൃത്തത്തിൽ നൃത്തം ചെയ്യുന്നൊരു
ആണ്മയിലിനെ നോക്കി നിൽക്കുന്നത്
കണ്ടിട്ടുണ്ടോ?
ഉൾക്കണ്ണൊന്നു തുറന്നാൽ കാണാം
ആ മയിലിനൊപ്പം
താളത്തിൽ ചുവടുവച്ച്,
പീലികൾ വിടർത്തിയാടുന്ന വീടിനെ.
നോക്കൂ,
ഇവരെയറിയാൻ, നിങ്ങളാദ്യം
പ്രകൃതിയണിയിക്കാത്ത
കാൽച്ചങ്ങലകളെ
ഊരിയെറിയൂ.
എന്നിട്ട്
നഗരത്തിലേക്കു തിരിയുന്നതിൻ്റെ
എതിർദിശയിലുള്ള പാതയിലൂടെ
യാത്ര ചെയ്തു വരൂ.
അവിടെ,
ചോദ്യങ്ങളെറിയപ്പെടാത്ത കാട്,
നിങ്ങൾക്ക്
സ്വാഗതമോതി ഗാഢം പുണരും.
നിങ്ങളപ്പോൾ
സ്റ്റാർലിങ്ങ്പക്ഷിക്കൂട്ടത്തിലെ
സംഘനർത്തകരാകും.
അണ്ണാർക്കണ്ണൻ്റെ വിരൽത്തുമ്പു പിടിച്ച്
കാടകം തേടും.
മാൻകുഞ്ഞിൻ്റെ കുളമ്പണിഞ്ഞ്
ചാടി മറയും.
നിങ്ങൾ സ്വയം,
അതിരുകളില്ലാതെ പടർന്നുപന്തലിക്കുന്ന
കാടാകും.
വരിക..
xxxxxxxxxxxxxxxxxxxxxxxxxxxx
No comments:
Post a Comment