കാറ്റെറിഞ്ഞ
ചക്കരമാമ്പഴം.
വീണു പൊട്ടിയ
ഓട്.
ഇടയിലൂടെ
അകത്ത് വീണുടഞ്ഞു ചിതറിയ
ചില്ലുവെളിച്ചം.
വെളിച്ചം ...
ഇരുണ്ട നിലവറകളിലേക്ക്
ഇറങ്ങി വരുന്ന
ഗോവണി.
കണ്ണു മൂടുന്ന
കറുത്ത ശീലത്തുണ്ടിനെ
മുറിച്ചെറിയുന്ന
കത്രികത്തിളക്കം.
ഇരുട്ടു കൊണ്ട്
ഒളിപ്പിച്ചവയെ
വെളിപ്പെടുത്തുന്ന
തിരിവെട്ടം.
കറുപ്പിൻ്റെ അഖണ്ഡസാമ്രാജ്യത്തിലെ
വാൾത്തലക്കളങ്കം
.
കളങ്കം....
അഞ്ചിപ്പിക്കുന്ന
പ്രകാശത്തിന്നെതിരെ
നിവർത്തിയ കുട.
തുടുത്ത ഇളം കവിളിൽ
അമ്മ തൊടുവിച്ച
കരിമഷി.
തെളിജലത്തിന്റെ
തിരുനെറ്റിയിൽ
കുറി ചാർത്തുന്ന
തോണി.
പ്രണയപൂർണിമയ്ക്കു
കുറുകെ പറന്ന
ചക്രവാകപ്പക്ഷി.
അമൂർത്തതയിലും നിറവായ
നീ...
ഞാൻ.....
No comments:
Post a Comment