Friday, 12 June 2009

ചിറകൊടിഞ്ഞ്... മണ്ണടിഞ്ഞ്...

വഴിവക്കിലെ

പൊന്തക്കരികിലായാണ്

വീണുകിടപ്പുണ്ടായിരുന്നത്;

കഴുത്തു പിരിഞ്ഞ്

തൂവലുകൾചിതറി

വിളർത്തകണ്ണുകൾ പാതികൂമ്പി...

 

ഇന്നലേയും കണ്ടതാണ് ,

ചിക്കിച്ചികയുന്നത്,

കൂട്ടുകാരൊത്ത്

പങ്കുവയ്ക്കുന്നത്.

തമ്മിൽ കളിയിൽകൊത്തി

ചിലച്ചുപറക്കുന്നതും

കൊക്കും ചിറകും

ഉരുമ്മിക്കുറുകുന്നതും.

 

ഇന്ന്

കൂട്ടുകുഞ്ഞുചിറകുകളെല്ലാം

തിരിച്ചുവരാതെങ്ങോ

പറന്നു പോയിരിക്കുന്നു.

പകരം ചുറ്റും

ശബ്ദംനഷ്ടപ്പെട്ട്

നിശ്ചലരായ

ചെറുമൺ‌കൂനകൾ മാത്രം.

അവയ്ക്കിടയിൽ,

വീണുകിടക്കുന്നു,

ചിറകൊടിഞ്ഞൊരു വെൺമ..

പാതികൂമ്പിയ

മിഴികളിലപ്പോഴുമുണ്ട്

മണ്ണടിയാത്ത നൈർമല്യം



Saturday, 21 March 2009

തടാകങ്ങളെ കുറിച്ച്..

പർവ്വതങ്ങളിൽ നിന്നുത്ഭവിച്ച്

കളിചിരികളോടെ

കൈവഴികളായൊഴുകി

പുഴയായ് വളർന്ന്

തീരക്കാഴ്ചകൾ കണ്ട്

സ്വപ്നങ്ങളിലുറങ്ങി

ഒടുവിൽ

ഒരു സാഗരലയനത്തിൽ

ധന്യത നേടുന്ന പോലെയല്ല

തടാകങ്ങളുടെ കാര്യം.

അവ,

എന്നും മുഖം നോക്കുന്നത്

സ്വന്തം നെഞ്ചിലേക്കടർന്നുവീണ

ഒരു കീറ് ആകാശത്തിലാണ്.

അമാവാസിരാത്രികളിൽ

അവ അന്വേഷിക്കുന്നത്

കളഞ്ഞുപോയ

പ്രതിബിംബങ്ങളെയാണ്.

ഉദിക്കാൻ മറന്നുപോകുന്ന

വെളിച്ചത്തിൽ

അവ തിരയുന്നത്

സ്വന്തം സ്വത്വത്തെത്തന്നെയാണ്.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


Sunday, 11 January 2009

കുശലം മറന്ന്....

നെടുവീർപ്പുകളെ വെളുപ്പുടുപ്പിച്ച്

സ്വപ്നങ്ങളുരുക്കി വിളക്കിയ

ജപമാലയേന്തി

നിർവ്വികാരതയുടെ മണവാട്ടിയായി

നിന്നെക്കണ്ട അവിചാരിതക്കും

കലാലയപ്പടവുകളോടും മരച്ചുവടുകളോടും

അടക്കംപറഞ്ഞ, നിന്റെ

നിറമുള്ള വിചാരങ്ങൾക്കുമിടയിൽ

കാലം

ഏതാനും വത്സരജപമന്ത്രങ്ങൾ

ഉരുക്കഴിച്ചിരുന്നു.

 

നീ മുട്ടുകുത്തുന്ന

അൾത്താരയിലിപ്പോൾ

അത്യുന്നതങ്ങളിൽ

മുൾക്കിരീടവും മരക്കുരിശ്ശും പേറി

രക്തംകിനിയുന്ന ആണിപ്പഴുതുകളും

ഈറനുണങ്ങാത്ത കണ്ണീർപ്പാടുകളുമായി

പിതാവ്.

കുശലം മറന്ന്

നിനക്കരികിൽ

ഞാനും.

Xxxxxxxxxxxxxxxxxxxxxxxxxxxxx


Friday, 10 October 2008

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ.....ഒരു

നിദ്രതന്നായുസ്സിൽ

വിടർന്നുപൊലിയുന്ന

വർണ്ണക്കുമിളകൾ.

ഉണർച്ചയിൽ, മന-

മടയ്ക്കുംകിളിക്കൂട്ടിൽ

ബന്ധിതരാകുന്ന

പഞ്ചവർണ്ണക്കിളികൾ.

ഉറങ്ങുമ്പോൾ, മനസ്സിൻ

വാതിൽ മലരുമ്പോൾ

അന്തരാത്മാവിൽനി- 

ന്നവപറന്നുയരുന്നു.

വർണ്ണച്ചിറകുകൾ

നീളേവിരിച്ചിട്ടു

ആവോളം നശ്വര-

വാനിൽ പറക്കുന്നു.

സ്നേഹത്തിൻ മധുവൂറും

പൂക്കൾ നിറയുന്ന

മായീകാരാമത്തിൽ

മെല്ലവേ ചെല്ലുന്നു.

ആത്മാവിൻ ദാഹങ്ങ-

ളാകുമപ്പക്ഷികൾ

ആമോദമാപ്പൂന്തേ-

നൂറ്റിക്കുടിക്കുന്നു.

നിദ്രപൊലിയുമ്പോൾ,

മനം വീണ്ടുമുണരുമ്പോൾ

ഉണ്മക്കൊടുംതാപം

ചുറ്റുമെരിയുമ്പോൾ

സ്വപ്നത്തിൻ പഞ്ചവർ-

ണ്ണത്തൂവൽചേലുള്ള

പക്ഷികൾ മനസ്സിൽ

ചത്തുമലക്കുന്നു.

കരിഞ്ഞപക്ഷിത്തൂവ-

ലോർമ്മയായ് കൺകോണിൽ

ഒരുചെറുനീർത്തുള്ളി

മാത്രം തിളങ്ങുന്നു.

 

സ്വപ്നങ്ങൾ....അലക-

ളുറങ്ങും മനസ്സിന്റെ

നീർപ്പരപ്പിൽ വിരിയും

വെറും ജലക്കുമിളകൾ.

മാരിവില്ലിന്നേഴു-

വർണ്ണത്താലൊരു ചിത്ര-

ജാലം വിരിയിക്കും

മായികക്കാഴ്ചകൾ.

കൈവരാൻദാഹിക്കും

പ്രിയതരലോകത്തെ-

യാകെ ബിംബിപ്പിക്കും

കുഞ്ഞുനീർപ്പോളകൾ.

നിദ്രവിട്ടുണരുമ്പോൾ,

മനസ്സിലെ നീരാഴി

അലയാർന്നുവീണ്ടുമീ

ലോകത്തെ കാണുമ്പോൾ,

ആ വർണ്ണക്കുമിളകൾ

പൊട്ടിനശിക്കുന്നു.

ഒരു ബാഷ്പബിന്ദു കവിൾ

തൊട്ടുനനക്കുന്നു.

 

സ്വപ്നങ്ങൾ, തകരുന്ന

വെറും ജലക്കുമിളകൾ.

അൽ‌പ്പായുസ്സാകുന്ന

പഞ്ചവർണ്ണക്കിളികൾ.

ഉണരുന്നകൺകളിൽ

പൊലിയുന്നദീപങ്ങൾ.

അന്തരാത്മാവിന്റെ

വിഫലമാം വാഞ്‌ഛകൾ.

 


Thursday, 12 June 2008

സീതായനം

രാമരാജ്യവും വാഴ്ക, രാമനീതിയും വാഴ്ക,

രാജാധിരാജൻ, നിൻ്റെ തത്വശാസ്ത്രവും വാഴ്ക.

മര്യാദരാമാ,യെന്നെ ത്യജിച്ചു വഴിമാറേ

വികാരശൂന്യം നിൻ്റെ മുഖം!! ഞാനറിയില്ല.

 

ശൈവചാപം ഭേദിച്ച്   വാമഭാഗമാക്കിയോൾ.

മനസ്സാമയോധ്യയിൽ നീ കുടിയിരുത്തിയോള്‍.

കനവില്‍ മനോജ്ഞമാം കൊട്ടാരം പണിതീർത്തു,

ഹൃദയസിംഹാസനറാണിയായ് നീ വാഴിച്ചോള്‍.

 

അത്യുഷ്ണമൊരു വരപാലനവനചാരീ 

നിന്‍ ദിവ്യപദങ്ങളിൽ മാത്രമെൻ സുഖം കണ്ടു.

രജതകൊട്ടാരവും രത്നസിംഹാസനവും

ജലരേഖയ്ക്കു സമം മറഞ്ഞുപോയീടിലും

വൈരാഗിയായി വനം പൂകാന്‍ നീ പോകേ,

നിന്റെ മനസ്സിന്‍ രാജ്ഞീപദം പുണ്യമെന്നറിഞ്ഞവൾ.

അതിനായ് മാത്രം നിന്റെ കാലടി പിന്തുടര്‍ന്നോള്‍.

അവികലമായ് ഭക്തി, പ്രേമവും കാത്തിടുവോള്‍.

 

അവിചാരിതം പതീവിരഹിയാ,യേകയായ്

ശോകാർദ്രയാ,യശോകവനത്തില്‍ കഴിയിലും

അഗ്നിശുദ്ധയായ് വീണ്ടും രാമപാദം ചേര്‍ന്നവള്‍.

ഇന്നു നിന്‍ നീതിവിരല്‍ത്തുമ്പെൻ നേരെ നീളുന്നോ?!!

സേതുബന്ധനം തീര്‍ത്തു, പ്രിയയെ വീണ്ടെടുക്കാന്‍

ധീരനായ് ദശശിരസ്സറുത്തവൻ നീയെന്നോ?!

അപ്പോഴും ജയിപ്പതു നിന്‍ രാജനീതിയെന്നോ?!

അഗ്നിപരീക്ഷ പോലും നിൻ പേർ ജ്വലിക്കാനെന്നോ?!

 

പരിത്യജിച്ചു കാട്ടിലയപ്പതേതു നീതി??

വിരഹാഗ്നി പൊള്ളിക്കേ കാണ്മതോ രാമമുഖം!!

ദശം രാവണൻമുഖം; ശതമോ നിന്‍ മുഖങ്ങള്‍!!

മര്യാദരാമാ നിന്നെ ഞാനൊട്ടുമറിഞ്ഞില്ല

മടങ്ങുന്നു ഞാന്‍, ഭൗമമാതൃഗർഭത്തിലേക്ക്.

അനുസ്യൂതമായെന്നെ കാക്കും കനിവിലേക്ക്.

 

പതിവൃതാഗ്നിശുദ്ധ സീത,യെന്നറിയിലും

പാതിമെയ്യിനെ പരിപാലിക്കാന്‍ കഴിയാത്ത

രാമനീതിയും വാഴ്ക, രാമരാജ്യവും വാഴ്ക,

മര്യാദാപുരുഷോത്തമന്‍ രാമൻ നീണാൾ വാഴ്ക.

xxxxxxxxxxxxxxxxxxxxxxxxxxxxx

 

 

 


Friday, 9 May 2008

ഉള്ളി


 ദളങ്ങളോരോന്നായ്

മുറിച്ചെറിഞ്ഞ്

തേടിയതെന്തായിരുന്നു?

പിന്നെ

ഒന്നുമില്ലെന്നു കണ്ട്

പിന്‍‌വാങ്ങിയതെന്തേ?

പുറംപോലെ തന്നെ

ഉള്ളെന്ന് ചൊല്ലീട്ടും

വിശ്വസിക്കാഞ്ഞതെന്തേ?

ഒടുവില്‍

വെറുതെ മിനക്കെട്ടെന്നും

കണ്ണുനീറ്റിയെന്നും

നെടുവീര്‍പ്പോ!

ക്ഷമിക്കുക,

ഉള്ളില്‍

രഹസ്യത്തിന്റെ രത്നങ്ങളൊളിപ്പിച്ച

മാതളപ്പഴമല്ല;

ഇത്

പൊള്ളലുള്ളിലൊതുക്കുന്ന

വെറുമൊരു

കണ്ണീർക്കുടം മാത്രം.

xxxxxxxxxxxxxxxxxxxxxxxxx


Tuesday, 6 May 2008

എന്തേ..

ഒരു നിറപൂര്‍ണ്ണിമ നെഞ്ചിലൊതുക്കിയ

നിലാവാനമെന്തേ കറുത്തുപോയ്,

ദൂരെയത്താരകച്ചിരിയിലൊളിപ്പിച്ച

വൈഡൂര്യരത്നപ്രഭയുമണഞ്ഞു, കിനാവിലീ-

കണ്‍കളിലെനിക്കായ് കരുതിയ സ്വപ്നത്തിന്‍-

പൂക്കൾ വിടരാതെ കരിഞ്ഞുപോ-

യറ്റത്തെ പാതവളവോരം ചെല്ലുംമിഴികളൊരു

കാണാച്ചങ്ങലയില്‍ കുടുങ്ങിപ്പോയി.

 

ഏതോ സൌഹൃദസത്രങ്ങളില്‍,

ഏകമിനിയുള്ള യാത്രയെന്നോര്‍ക്കാതെ,യറിയാതെ

മനസ്സു പങ്കിട്ടോര്‍ നാം ; പിരിയുന്ന നേരത്തു

നിനക്കേകാൻ കാത്തതാം മിഴിനീർപ്പൂച്ചെണ്ടിൻ്റെ

ഭാരമധികമെന്നോര്‍ത്തിട്ടോ,യകലുമ്പോൾ

എന്നോടു ചൊല്ലേണ്ട യാത്രാമൊഴികളെ

എങ്ങുമേ തേടി,ക്കാണാതെ തളര്‍ന്നിട്ടോ

എന്തേ ഞാൻ നിദ്രകൊള്ളുന്നേരം മാറാപ്പു-

മേന്തിനീ പോയിമറഞ്ഞു,യിന്നെന്‍ വലം-

ഭാഗേയവശേഷിക്കും തൽപ്പച്ചുളിവിലായ്

നീ മറന്നുവച്ചുപോയ മൊഴിമുത്തില്‍

നിന്‍ ജീവൽത്തുടി തേടിടുന്നു;  നീ പോകേ

നിന്‍ പാദപതനങ്ങള്‍ നെഞ്ചേറ്റിയ പാതയില്‍

ഇടറുന്ന ചുവടുമായ്, എന്തിനെന്നറിയാതെ

വായുവില്‍ തുഴയുന്ന കൈകളോടൊരു കുഞ്ഞു-

പൈതലായ് മനസ്സു തേങ്ങുന്നു; വിരല്‍ത്തുമ്പു-

കവർന്നു ചുവടു വയ്പ്പിക്കും കരത്തിന്റെ

കരുതലിന്‍ നേരു തേടുന്നു; നനുനനെ

ഓര്‍മ്മകളൊരു മഴയായ് പെയ്യും പാതയില്‍

ഒറ്റയ്ക്കു ഞാന്‍ നനയുന്നു; കുട ചൂടിക്കും

മനസ്സിന്റെ ചൂടു തേടുന്നു; ഈ വഴിയോര-

ത്തെന്നും ഞാന്‍ നിന്നെത്തേടുന്നു.