Tuesday, 11 March 2025

'ചട്ടപ്പടി' തെറ്റിയെന്നാൽ

 ചട്ടം പഠിപ്പിച്ചു മെരുക്കിയ ആനകൾ

ഇടയാറേയില്ല. 


[തിരുത്ത്-

തൊട്ടുമുൻപിലത്തെ വരിയിലെ

'റേയില്ല' എന്നതിനു പകരം 'റില്ല' എന്നു വായിക്കുക.

അപ്പോൾ, ഇടയലിൻ്റെ 

വളരേ നേർത്തൊരു സാധ്യത 

തെളിഞ്ഞുവരുന്നത് ശ്രദ്ധിക്കുക.]



മെരുങ്ങുമ്പോൾ

അവയ്ക്കുള്ളിൽ

ഒരു കാടുറങ്ങുന്നു.

കാട്ടുനീതി മയങ്ങുന്നു. 


'ചട്ടപ്പടി' ആനകളെ

പട്ടമണിയിക്കാം.

തേവരുടെ തിടമ്പെഴുന്നള്ളിക്കാം.

അപ്പോൾ അവ

തലയെടുപ്പോടെ നിൽക്കും.

അങ്കുശത്തിൻ്റെ മൂർച്ചയിൽ 

അസ്വാതന്ത്ര്യത്തിൻ്റെ 

കൂച്ചുചങ്ങലകൾ മറക്കും.


ഇടയ്ക്കെങ്ങാൻ അവയ്ക്കുള്ളിലെ

കാടുണർന്നുപോയെന്നാലോ,

അടിച്ചമർത്തണം;

ചുറ്റും നിന്ന് വളഞ്ഞാക്രമിക്കണം. 

നന്നായി മെരുക്കിയെടുത്ത

കുങ്കിയാനകളുടെ സേവനവും 

ഇത്തരുണത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്.

അവ തളർന്നു എന്നുറപ്പാക്കിയിട്ട്

കൂച്ചുചങ്ങലകൾ ഒന്നുകൂടി മുറുക്കി,

സ്വാതന്ത്ര്യത്തിൻ്റെ മൈലേജ് 

പിന്നെയും കുറക്കണം. 


എന്നിരുന്നാലും

അപൂർവ്വം ചിലവ

അത്യപൂർവ്വം ചില വേളകളിൽ

ചങ്ങല പൊട്ടിച്ചേക്കാം.

തലയിലേറ്റിയ തിടമ്പ് 

കുലുക്കി താഴെയിട്ടേക്കാം. 

നെറ്റിപ്പട്ടം കുടഞ്ഞെറിഞ്ഞേക്കാം.



സ്വാതന്ത്ര്യമറിഞ്ഞ ആനയ്ക്കു മുന്നിൽ

വീറോടെ നിൽക്കരുത്. 

അതപ്പോൾ നിങ്ങൾ ചട്ടം പഠിപ്പിച്ച 

വെറുമൊരു ആനയല്ല.

തനിവന്യവിളിക്ക് മറുപടി പറയുന്ന

കാട്ടുമൃഗമാണ്.



മയക്കുവെടി വച്ചുവീഴ്ത്തുക എന്നൊരു സാധ്യത

അപ്പോഴും നിങ്ങൾക്കുമുന്നിലുണ്ട്.

അതും മറികടന്ന് കാടേറിയെന്നാൽ

പിന്നെയവയെ മറന്നേക്കുക.

സിന്ദൂരം തൊട്ട് നെറ്റിപ്പട്ടം കെട്ടാനും 

തിടമ്പേറ്റാനും

അവ പിന്നെ തിരികെ വരി'യേയില്ല'.

['യേയില്ല' എന്നുതന്നെയാണ്. തിരുത്തില്ല]

ഒറ്റയാ'ൾ' എന്ന, 

ഒട്ടും പരിചിതമല്ലാത്ത ഒരു ആനപ്പദം

അവയ്ക്കുവേണ്ടി ഞാൻ

എഴുതിച്ചേർക്കുന്നു.


ഇപ്പോഴെനിക്കറിയാം 

നിങ്ങളെന്താണ് പറയാൻ പോകുന്നതെന്ന്.

പിടിയാനകൾ തിടമ്പേറ്റാറില്ലെന്നല്ലേ?

ഹാ കഷ്ടം!! നിങ്ങളത് കണ്ടി''ട്ടേ''യില്ലെന്നോ?!!!



Monday, 10 March 2025

മൂന്ന് അടുപ്പുകല്ലുകൾ പോലെ അവർ

മൂന്ന് അടുപ്പുകല്ലുകൾ പോലെ

മുഖത്തോട് മുഖം നോക്കി  അവർ  

മൂന്ന് പെണ്ണുങ്ങൾ.

തീപ്പൊള്ളലിൻ നൈരന്തര്യത്താൽ 

കറുത്തുപോയവർ

നെഞ്ചിലെ തിളപ്പിനെ

പുഞ്ചിരിയുടെ അടപ്പിട്ടുമറച്ചവർ.

ഇറ്റുജീവിതവറ്റുണ്ണുവാൻ

ഒരേ തീ വിഴുങ്ങി,

ഒരേ നോവ് വേവിച്ചുവാർത്തവർ.

ഒടുവിൽ പാഴ്ക്കൽത്തുണ്ടുകളായി

പെരുവഴിയിലേക്ക്

എടുത്തെറിയപ്പെട്ടവർ.


അടുപ്പിന് കല്ലുകൾ

മൂന്നു വേണം

അടുപ്പുകൂട്ടാൻ

ഒരിടവും വേണം.


ഇടം തേടിത്തേടി നടന്നവർ

ഒടുവിൽ 

ജീവിതം നിലയ്ക്കാതെ പായുന്ന 

ഇരട്ടവരികൾക്കു നടുവിൽ

വിരാമച്ചിഹ്നം പോലെ ഒരടുപ്പ് കൂട്ടി.

ആർത്തലച്ച് കൂകിവന്ന

പച്ചിരുമ്പിൻ്റെ വിശപ്പിന്

വയർ നിറച്ചുണ്ണാൻ

ഇലയിട്ടുവിളമ്പി.



വാരിവലിച്ചുണ്ട വികൃതിക്കുട്ടി

അനേകമനേകം ചോദ്യങ്ങളുടേയും

ആശ്ചര്യച്ചിഹ്നങ്ങളുടേയും

അർദ്ധവിരാമങ്ങളുടേയും

അവശിഷ്ടങ്ങൾ

ചുറ്റും വിതറി 

പാഞ്ഞുപോയി.



എട്ടുദിക്കുകളിൽ നിന്നും

പൊട്ടും പൊടിയും എത്ര പെറുക്കിച്ചേർത്തിട്ടും

ജീവിതമെന്ന് കൂട്ടിവായിക്കാനാകാതെ

പരീക്ഷയിൽ തോറ്റ കുട്ടിയെപ്പോലുഴറുന്നു

ഇപ്പോഴിതിലെ വീശുന്നൊരു കാറ്റ്.

ചിരിമഞ്ഞ

 എന്നു മുതലാണ് 

നിൻ്റെ ചിത്രത്തുന്നലുകളിലെ

സൂര്യകാന്തിപ്പൂക്കളുടെ

നിറം മങ്ങിത്തുടങ്ങിയതെന്നും

അതിസൂഷ്മക്കരവിരുതിൽ അങ്കുരിച്ച

മുകുളങ്ങളോരോന്നും

വിരിയാൻ മറന്നതെന്നും

തീർച്ചയില്ല.

ഓർക്കുന്നു, 

അന്നുമുതൽ

ചിരിമഞ്ഞയെ മായ്ച്ച്

ഒരു വിഷാദം നിൻ്റെ

ഇണക്കൂട്ടുകാരിയായത്.

നിങ്ങൾ ഒന്നും സംസാരിച്ചില്ല.

പരസ്പരം ഒന്ന് നോക്കിയതു പോലുമില്ല. 

വാടിനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾക്കിടയിൽ

കറുത്ത എന്തോ ഒന്ന് തുന്നുന്നതിനായി

നൂൽ തിരയുമ്പോഴൊക്കെ

മൂളിവന്നൊരു മുരൾച്ച

നിൻ്റെ വിരൽ മുറിച്ചു.

അപ്പോഴൊക്കെ 

ഇറ്റുവീണ 

ചുവന്ന വേദനയെ തുടച്ചുനീക്കി,

നിൻ്റെ കൂട്ടുകാരി

മുറിവൂതിയാറ്റി, പൊതിഞ്ഞുകെട്ടി.


സൂര്യകാന്തിപ്പാടത്തെ

അവസാനപൂവിലെ 

അവസായിതളും കരിഞ്ഞുവീഴും മുൻപായാണ്

നൂൽക്കൂട്ടങ്ങൾക്കിടയിൽ

ഒളിഞ്ഞിരുന്ന 

കറുത്തൊരു മൂളൽ

നിൻ്റെ കൂട്ടുകാരിയുടെ കാൽച്ചുവടുകൾക്കടിയിൽ

ഞെരിഞ്ഞമരുന്നതറിഞ്ഞ്

നീ കണ്ണു പൊത്തിയത്. 

മുഖം മറച്ച,

മുറിവാർന്ന നിൻ്റെ വിരലുകളെ

അവൾ 

പൂവായ് വിടർത്തി.

ഉദിച്ചുയർന്ന അവളുടെ മുഖത്തിനു ചുറ്റും

അപ്പോൾ

സ്വർണ്ണദലങ്ങൾ പ്രഭാവലയമൊരുക്കിയത്

നീ കണ്ടു. 

അവൾ നിന്നെ നോക്കിച്ചിരിച്ചു.

'മഞ്ഞ' എന്ന അവളുടെ പേർ

നീ വീണ്ടും വിളിച്ചു. 

ശേഷം

പരസ്പരം കോർത്ത വിരലുകൾ 

ചിറകുകളാക്കി,

നിങ്ങൾ

സൂര്യകാന്തിവനങ്ങളിലേക്ക്

പറന്നുപോയി. 


 

Friday, 14 February 2025

നീ വരുന്നേരം...

നിൻ്റെ ഒരേയൊരു വിളിയിൽ

ഞാനിതാ നിന്നിലേക്കോടിയണഞ്ഞിരിക്കുന്നു. 

കാത്തിരുന്നിരുന്നില്ലെങ്കിലും

നീ വരുമെന്നെനിക്കുറപ്പുണ്ടായിരുന്നു.

നവോഢയെപ്പോൽ

ഞാൻ ഒരുങ്ങിയിരുന്നു.


മുടിയിലെ മുല്ലപ്പൂമാലക്ക്

നീ വരുമെന്നറിയാമായിരുന്നിരിക്കണം.

പതിവിലുമേറെ അവ

സുഗന്ധമണിഞ്ഞിരുന്നു.


എൻ്റെ പട്ടുപുടവയും

എന്തോ രഹസ്യം സൂക്ഷിച്ചിരുന്നു.

അഞ്ചലത്തിലെ സ്വർണ്ണക്കസവൊളി

മിന്നിത്തെളിഞ്ഞും ഒളിഞ്ഞും 

നോക്കുന്നുണ്ടായിരുന്നു.


തരിവളകൾക്കും കാൽച്ചിലങ്കകൾക്കും

വല്ലാത്ത തിടുക്കമായിരുന്നു.

നീ വരുമെന്നറിഞ്ഞ്, അവ

അത്യാർത്ഥരെപ്പോലെ

നിലയ്ക്കാതെ നൃത്തമാടിയിരുന്നു.


അനുരക്തരാമെൻ സ്വേദബിന്ദുക്കൾക്കും

അതറിയാമായിരുന്നു.

ഗളശംഖിൻ വടിവിൽ നിന്ന്

ഉറവകൊണ്ട്,

കുചദുർഗതുംഗങ്ങളെ കവിഞ്ഞ്,

ആലിലമധ്യത്തിൻ നടുവിലൂടെ

നാഭിച്ചുഴിയിലേക്ക് ചാലിടുന്ന 

മൃദുരോമരാജിയെ

പൊൻമുത്തുകളണിയിച്ച്

അവ

നീ വരുംപാതകളിൽ

തീർത്ഥം കുടഞ്ഞിരുന്നു. 


എന്നിട്ടും

നിൻ്റെ ആഗമസന്ദേശങ്ങളെ 

ഒറ്റുകൊടുക്കാത്ത വിധേയരെ 

ഒന്നു കണ്ണെറിയുകപോലും ചെയ്യാതെ

അപ്രതീക്ഷിതവേളയിൽ

നീ വന്നു. 

എൻ്റെ തരിവളകളെ 

ഉടച്ചുകളയുംവിധം

കൈ കവർന്നു.

കാൽച്ചിലങ്കകൾ തെറിച്ചുവീഴുംവിധം.

നെഞ്ചിൽ ചേർത്തു.

എൻ്റെ ആത്മാവിലേക്കുറ്റുനോക്കി.

നീയും ഞാനുമെന്ന

ദ്വന്ദ്വമകന്ന

ആ അനർഘനിമിഷത്തിൽ

നീ കാംക്ഷിക്കാത്തവയെയെല്ലാം ഞാൻ

ഉരിഞ്ഞെറിഞ്ഞു. 

അംഗരാഗങ്ങൾ...

ആടയാഭരണങ്ങൾ..

'എൻ്റെ' എന്ന വാക്കിനൊപ്പം 

ഈ ദേഹം പോലും.


പിന്നെ 

നിൻ്റെ മേനിത്തണുപ്പിലേക്കമർന്നലിഞ്ഞു.





Wednesday, 5 February 2025

ഇനിയുമുണ്ടെനിക്കേറെപ്പറയാൻ..

ഞാനപ്പോൾ 

എന്നോട് സംസാരിക്കുന്നു. 

മനുഷ്യരാരുമത് കേൾക്കുന്നില്ല.



അടരുന്ന  ഇലയത് കേൾക്കുന്നു.

പാതിവഴിയിൽ കാതോർക്കുന്നു.

ചുളുകവിളിൽ തലോടി,

ഞാനടർന്നുവീഴുന്നു.


ഇഴയുന്ന  പുഴുവത് കേൾക്കുന്നു.

തിരിഞ്ഞുനിൽക്കുന്നു.

പുഞ്ചിരിനൂലിഴയിലൂടെ

ഞാനിഴഞ്ഞുകയറുന്നു.


വിടരുന്ന  പൂമൊട്ടത് കേൾക്കുന്നു.

മലരാൻ മറക്കുന്നു.

തുടുചൊടിയിലൊരു ചുംബനമേകി

ഞാൻ വിടർന്ന് ചിരിക്കുന്നു. 


വീശുന്ന കാറ്റത് കേൾക്കുന്നു.

സ്തംഭിച്ച് നിൽക്കുന്നു.

കൈക്കുമ്പിൾമണമൂതിപ്പറപ്പിച്ച്

ഞാൻ കുളിരുവാരിയെറിയുന്നു.


പറക്കുന്ന  കിളിയത് കേൾക്കുന്നു.

ചിറകുകൾ ഉറയുന്നു.

കതിർമണിയൊന്ന് കൊത്തിയെടുത്ത്

ഞാൻ പറന്നുപോകുന്നു.


ഒഴുകുന്ന പുഴയത് കേൾക്കുന്നു.

നിശ്ചലമാകുന്നു.

കളകളം ഒരു പാട്ടുമൂളി

ഞാൻ വെള്ളിച്ചില്ലിൽ തെന്നുന്നു..


ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

മനുഷ്യരാരുമത് കേൾക്കുന്നില്ല.


പൂവിൻ്റേയും കാറ്റിൻ്റേയും, 

കിളിയുടേയും നദിയുടേയും

ഭാഷകളിൽ സംസാരിച്ച് 

ഞാൻ തിരക്കിട്ടുപോകുന്നു. 

ഉണ്ടല്ലൊ ഇനിയുമെനി,ക്കേറെപ്പറയാൻ.

Monday, 27 January 2025

അയാൾ ഒരു നർത്തകൻ

 മുൻപിലേക്ക്.. പുറകിലേക്ക്

ഇടതുവലതുവശങ്ങളിലേക്ക്
അനായാസം ചലിക്കുന്ന പാദങ്ങൾ.
അലസമെങ്കിലും
അളന്നു കുറിച്ച
അടവുകൾ.
മുദ്രാങ്കിതമംഗുലീയങ്ങൾ.
നാൽക്കവല നൃത്തവേദി.
കാണികളുടെ അടക്കിയ വീർപ്പുകളിൽ
അയാളുടെ നൃത്തച്ചുവടുകൾ.
അംഗവിക്ഷേപങ്ങൾ.





കൈകളിലൊളിപ്പിച്ച മുദ്രകളെ
അയാൾ ഒരു ദിക്കിലേക്കെറിയുമ്പോൾ
ഒരു വാഹനത്തിര
ആ ദിശയിലേക്ക്
ഞൊറിനിവർത്തുന്നു.
മറ്റു മൂന്നു പക്കങ്ങളിൽ
കെട്ടിനിൽക്കുന്ന ജലാശയങ്ങൾ
അയാളുടെ കൈമുദ്രകൾ നിവർന്നു പരക്കാൻ
തിരകളൊതുക്കി
കാത്തുനിൽക്കുന്നു.



അടുത്ത നിമിഷം കൈപ്പിടിയിൽ നിന്നും
മറ്റൊരു തിരയെ അയാൾ
തുറന്നുവിടുന്നു.
കുഞ്ഞുനത്തോലി മുതൽ
വൻ സ്രാവുകൾ വരെ
ആ മെക്സിക്കൻ തിരയിൽ
ഒഴുകിപ്പരക്കുന്നു.



പിന്നെ
ഒരു സൂഫിനൃത്തച്ചുവടിൻ കറക്കത്തിൽ
കാണികളൊന്നാകെ
സ്തബ്ധരാവുമ്പോൾ
ചുളിവു വീണ ഏതോ കൈകൾ
അയാളുടെ കരം ഗ്രഹിച്ച്
വേദിക്കു കുറുകെ
പതറുന്ന ചുവടുകൾ വയ്ക്കുന്നു.
ഹാമെലിനിലെ പൈഡ് പൈപ്പറിൻ്റെ
കുഴൽനാദത്തെയെന്ന പോലെ
സ്കൂൾബാഗുകളേന്തിയ
കുഞ്ഞുപാദങ്ങളും
വാൽ ഇരുവശത്തേക്കും ദ്രുതം ചലിപ്പിച്ച്
ഒരു നാൽക്കാലിയും
ആ സംഘനൃത്തത്തിൽ പങ്കുചേർന്ന്
അയാൾക്കു പുറകെ നീങ്ങുന്നു.





വൻതിരകൾക്കു മുൻപേ
ഒരു നിമിഷം ഉൾവലിയുന്ന
കടലിൻ്റെ ശാന്തതയെ
തൊട്ടടുത്ത നിമിഷം
അയാൾ കൈച്ചുരുളിൽ നിന്നും
തിരമാലകളായ് പായിക്കുന്നു.
ഉച്ചക്കൊടുംസൂര്യനും
അയാൾക്കൊപ്പം ചുവടുവച്ചു നീങ്ങുന്നു.
വിയർപ്പിൻ്റെ നടുക്കടലിൽ
അത്യുഷ്ണത്തിരകൾക്കു മുകളിലൂടെ
ഉയരങ്ങളിലൊരു വിളക്കുമാടത്തിൻ ജ്വലനം
കപ്പലുകളെ നൃത്തത്തിലോട്ടുന്നു.





അപൂർവ്വം ചില നേരങ്ങളിൽ
നാൽക്കവല
നങ്കൂരം മുറിഞ്ഞ കപ്പലായ്
വട്ടച്ചുഴിയിൽ ചുറ്റും.
അദ്ധ്യാപകനില്ലാത്ത
പ്രൈമറി ക്ലാസ്റൂം പോലെ
ആരവങ്ങളുയർത്തും
നിവർത്തിയെടുക്കാനാവാത്ത
കുരുക്കുകൾക്കുള്ളിൽ
കവലയപ്പോൾ
അയാളുടെ കൈമുദ്രകൾ തിരയും.



ഒരൽപ്പം വൈകിയ അദ്ധ്യാപകൻ്റെ
വെപ്രാളത്തോടെ
ഏറ്റവും സങ്കീർണ്ണമായ പ്രശ്നോത്തരിക്കുള്ള
സൂത്രവാക്യവുമായി
അയളപ്പോൾ ഓടിയണയും.
ഒരൊറ്റ ഹസ്തചലനത്താൽ
കടുംകെട്ടുകളെ അഴിച്ചു വിടും.
വിദഗ്ധനായൊരു മ്യൂസിക് കണ്ടക്റ്ററുടെ
വിരൽത്താളത്തിനൊത്ത് അപ്പോൾ
ഒരു ഓപ്പറ വീണ്ടും
ആരംഭിക്കുകയായി.
നേർരേഖയിലും ചാഞ്ഞും ചരിഞ്ഞും
നർത്തകർ
ട്രാഫിക് കോപ് എന്ന
ആ തെരുവുനർത്തകനുചുറ്റും
നൃത്തമാടി നീങ്ങുകയായി.

Monday, 20 January 2025

അന്ന് ആ പ്രഭാതത്തിൽ

 ബ്രെയ്ക്ഫാസ്റ്റ് റ്റേബിളിൽ

എതിരേ നീ.


പതിവില്ലാത്ത വിധം

തണുത്തും... നിറഞ്ഞും... നിശ്ചലമായും

ഒരു കപ്പ് ചായ.

തമ്മിൽ കൊളുത്താതെ 

ശ്രദ്ധിച്ചുപിൻവലിച്ച

നോട്ടങ്ങൾ.


ചില്ലുജനാലയുടെ 

മരച്ചട്ടക്കൂടിൽ

ചുളിവീഴാത്ത 

പുതമഞ്ഞുദൂരങ്ങൾ

ഇടയകലങ്ങളിൽ

കണ്ണടയ്ക്കാതിരുന്ന് 

വെളുത്ത സാറ്റിൻപൂക്കൾ തുന്നിച്ചേർക്കുന്ന

വിളക്കുകാലുകൾ.

ഉറക്കമുണരാതെ പ്രഭാതം.


പതിവുപോലെ

അഭിവാദ്യം ചെയ്ത് 

ഒളിച്ചേ കണ്ടേ  എന്ന്

കടന്നുപോകുന്നു,

തണുത്ത കാറ്റും ഈറൻ മണവും.


പതിവുപോലെ

നിൻ്റെ കാലുരുമ്മി

പരിചയം പുതുക്കുന്നു,

കുറുംകുറുകൽ


 

നീ നിശ്ശബ്ദത പുതച്ചെഴുന്നേൽക്കുന്നു.



ഞെരിഞ്ഞമരുന്ന

വെള്ളപ്പൂക്കൾക്കപ്പുറം

പാദകളങ്കങ്ങൾ മായ്ച്ച് 

ചുളിനിവരുന്നു,

അകലങ്ങളിൽ 

മഞ്ഞിൻ കമ്പളം.


ഞാനപ്പോൾ

മുറിയി[വി] ൽ, 

നീയുപേക്ഷിച്ചുപോയ മണം കുഴച്ച്

ഭൂമിയിലെ 

ആദിമമനുഷ്യനെ നിർമ്മിക്കുന്നു



Wednesday, 8 January 2025

ഹന്ത!

 എക്കിൾ തികട്ടി വരുന്നു.

എത്ര വെള്ളം കുടിച്ചിട്ടും

രക്ഷയില്ല;  ഓർക്കാപ്പുറം 

പിന്നിൽ നിന്നും മുന്നിലേക്ക് 

ഒറ്റച്ചാട്ടം, കൂട്ടുകാരി. 

എക്കിളൊപ്പം വിഴുങ്ങിപ്പോയ് 

ഞെട്ടലൊന്ന്; എക്കിളിന് 

ഒറ്റമൂലി ഞെട്ടലെന്ന് 

ചിരിക്കുന്നു കൂട്ടുകാരി. 

'കൊടുക്കെടാ ഇടി'യെന്ന് 

ലേശം മുന്നേ സ്ക്രീനിൽ നോക്കി,

പല്ലടർന്ന്, എല്ലൊടിഞ്ഞ്, 

ആകമാനം ചോരമൂടി,

മണ്ടുമനീതിക്കു നേരെ

മുഷ്ടിയെറിഞ്ഞവൾ നീയോ?,

ഹസിക്കുന്നു കൂട്ടുകാരി.

ഇരുമ്പുദണ്ഡിനാലടി-

ച്ചൊതുക്കും നായകനൊപ്പം 

വായുവിനെയിടിച്ചത്

നേരുതന്നെ, എന്നാകിലും

അറിയാതെ കാൽചവിട്ടി

മണ്ഡൂകത്തിൻ പണ്ടം പൊട്ടിത്തകർന്നതു  

കണ്ടു മണ്ടിക്കരഞ്ഞതുമീ ഞാൻ തന്നെ.

എതിരിടും വൈരിയുടെ

എല്ലിനെ പർപ്പടകം പോൽ

പൊടിക്കുന്ന നായകൻ്റെ

മുഷ്ടിക്കുള്ളിൽ   ശക്തിയാം ഞാൻ, 

ഇരുട്ടിൽ ഞെരിയാണിച്ചോട്ടിൽ

കുമിള പൊട്ടുന്ന പോലെ

പൊട്ടിയ തവളയ്ക്കൊപ്പം

പപ്പടം പോൽ പൊടിഞ്ഞേപോയ്