Thursday 17 October 2024

സമ്പൂർണ്ണതയിൽ പാകം ചെയ്യുന്ന വിധം

 പാതിയുറക്കത്തെ 

കൈക്കുമ്പിൾജലത്തിൽ മുക്കിയൊഴുക്കി

ഉണർന്നെണീക്കും.

'അടിച്ചുതളിച്ചുചിതം' വരുത്തി

ഐശ്വരത്തെ കുടിയിരുത്തും.

'അടുക്കളപ്പൂങ്കാവന'ത്തിലേറ്റും.

ഗ്യാസ് സ്റ്റവ്വിനെ പാടെ അവഗണിച്ച്

മൺകലം വിറകടുപ്പിൽ വച്ച്

പുകയൂതിയൂതിക്കത്തിച്ചെന്നെ

വേവിച്ചെടുക്കും.

മിക്സിയേയും ഗ്രൈൻ്ററേയും 

മൂകസാക്ഷികളാക്കി,

അരകല്ലിൽ അരച്ച മസാലക്കൂട്ടു ചേർത്ത്

രുചിയോടെ എന്നെ പാകപ്പെടുത്തും.

അഴുക്കിനെ പാടെ ഇളക്കിമാറ്റാൻ

അലക്കുകല്ലിനരികിൽ

സോപ്പിട്ട്

മലപോലെ എന്നെ കുതിർത്തു വയ്ക്കും. 

കുളിപ്പിച്ച് കുറിയണിയിക്കും.

ഈറനിറ്റുന്ന മുടിത്തുമ്പിൽ

ഒരു തുളസിക്കതിർ ചൂടിത്തരും.

ഏലക്ക ഇടിച്ചിട്ട്

പാകത്തിനു പാൽ ചേർത്ത്

കടുപ്പത്തിൽ തിളപ്പിച്ചെന്നെ 

കപ്പിൽ നിറയ്ക്കും.

ഏഴര എന്നെന്നിൽ അലാറമുണരും.

നിന്നെ ഗാഡം പുണരുന്ന 

പുതപ്പു നീക്കി, 

അപ്പോൾ

മെല്ലെ ഞാൻ നിന്നെ വിളിച്ചുണർത്തും.

ആവി പറക്കുന്ന എന്നെ നീട്ടും.

കടുപ്പവും രുചിയും കെങ്കേമമെന്ന്

പാകപ്പെട്ട എന്നെ നീ സ്വീകരിക്കും

അപ്പോൾ

സമ്പൂർണ്ണസ്ത്രീപ്പട്ടം എടുത്തു ചുറ്റി 

നിറവോടെ

ഞാൻ തിരിഞ്ഞുനടക്കും.

പിന്നെ

നിൻ്റെ റ്റൂത്ത്ബ്രെഷിൽ

പേസ്റ്റു തേച്ചു വയ്ക്കും





Tuesday 15 October 2024

നീ നർത്തകി

 നീ വിൺനർത്തകി 

നിൻ്റെ വിരലുകളിൽ 

ഹംസങ്ങൾ

ചിറകടിച്ചു പറക്കുന്നു.

നിൻ്റെ അധരങ്ങളിൽ

പ്രാവിണകൾ  കുറുകുന്നു.

മിഴികളിൽ  

ഇണമയിലുകൾ കൊക്കുരുമ്മുന്നു


നീ  സാഗരനർത്തകി

നിൻ്റെ വാക്കുകളുടെ ലവണങ്ങളിൽ

നക്ഷത്രമൽസ്യങ്ങൾ നീന്തുന്നു

നോക്കിൻ്റെ ദ്വീപുകളിൽ

പവിഴങ്ങളും മുത്തുച്ചിപ്പികളും

രഹസ്യങ്ങളൊളിപ്പിക്കുന്നു.

ഉടയാടഞൊറികളിൽ

മൽസ്യകന്യകൾ 

കസവു തുന്നുന്നു.


നീ ഋതുനർത്തകി.

നിൻ്റെ ഊഷ്മളശ്വാസത്തിൽ

വസന്തം 

തേരേറിയണയുന്നു.

മുടിയിഴകളിൽ 

മുല്ലവല്ലികൾ തളിർക്കുന്നു.

കാൽച്ചുവട്ടിൽ

പനിനീർപ്പൂ

മെത്ത വിരിക്കുന്നു. 

ചുണ്ടുകളിലെ മദഗന്ധത്തിൽ

ഏഴിലം പാല

പൂക്കുന്നു.




നീ കാവ്യനർത്തകി

രാവിലും പകലിലും

ഋതുസന്ധ്യാനേരത്തും

എൻ്റെ കനവിലും

നിനവിലും

നീ നൃത്തമാടുന്നു. 







ചെറ... ആഴി...

 അങ്ങേ ചെറയിൽ നീയുണ്ട്. 

വെള്ളിച്ചായമിറ്റിച്ചിറ്റിച്ച്

നിലാവ്‌ നിൻ്റെ

രജതരേഖാരൂപമെഴുതുന്നുണ്ട്‌.


ഇങ്ങേ ചെറയിൽ

ഇരുട്ടിൽ

ഞാനുണ്ട്‌.

മന്ദം വീശുന്ന കാറ്റ്

നിൻ്റെ ഗന്ധത്താൽ

എന്നെ വരക്കുന്നുണ്ട്‌.


നമുക്കിടയിൽ 

ഈ കായലുണ്ട്‌.

ഉള്ളിൽ

നക്ഷത്രത്തിര തല്ലും

ആഴിയുണ്ട്. 

ആഴത്തിലെവിടെയോ മുങ്ങിക്കിടപ്പുണ്ട്‌,

നിന്നിലേക്കെന്നിലേക്കുള്ള തോണി. 

മുങ്ങിയെടുക്കുവാനാകാതെ,

നനയാതെ,

അക്കരെ ഇക്കരെ

നമ്മളുണ്ട്. 

മൂകരായ്

രണ്ടു ചെറകളുണ്ട്.  

പരൽപ്പിടച്ചിൽ

 എന്നിട്ടുമയാൾ 

വലയെറിഞ്ഞുകൊണ്ടിരുന്നു.

വീശിയെറിഞ്ഞ വലയിൽ

നിറഞ്ഞുപുളയുന്ന നിലാപ്പരലുകളെ

വെറുതെ

വഞ്ചിയിൽ കുടഞ്ഞിട്ടുകൊണ്ടിരുന്നു.

വഞ്ചിയിൽ ഓളം തല്ലുന്ന 

ഇത്തിരി വെള്ളത്തിൽ

പരലുകളോടി നടന്നു


നേരം പുലർന്നു. 

രാ കടൽക്കാക്കകൾ

അയാളുടെ കണ്ണിലെ പരലുകളെ

റാഞ്ചി പറന്നു. 

തീരമണഞ്ഞ വഞ്ചിയുടെ 

പഴകിപ്പൊളിഞ്ഞ പടിയിലിരുന്ന്

ഇത്തിരി വെള്ളത്തിൽ

കുഞ്ഞുകാലുകളിളക്കി

അയാളുടെ കുഞ്ഞുങ്ങൾ

പരലുകളെ തിരഞ്ഞു. 


തല കുനിച്ചിരുന്ന് അയാൾ

പൊട്ടിയ ഇരുൾവല

തുന്നിക്കൊണ്ടിരുന്നു.


ഇരുൾക്കണ്ണികൾ ഭേദിച്ച

പരലുകൾ 

വാനമാകെ നിറഞ്ഞിരുന്നു.

വാനമപ്പോൾ

മഴയെ വീശിയെറിഞ്ഞു. 


വലക്കണ്ണികളാൽ പൊതിഞ്ഞ്

അയാളും

കുഞ്ഞുങ്ങളും

അയാളുടെ ഓലക്കുടിലും. 


വലയിലിപ്പോൾ 

നിറയുന്ന പരൽപ്പിടച്ചിൽ



Thursday 10 October 2024

ഇപ്പോൾ കിട്ടിയ വാർത്ത

 ഇപ്പോൾ കിട്ടിയ വാർത്തയിൽ

പത്രക്കടലാസിൽ 

അയാൾ കമിഴ്ന്നു കിടപ്പുണ്ടായിരുന്നു;

ചുറ്റും ചോരക്കളം തീർത്ത്

പുറകിലൊരു കഠാര

എഴുന്നു നിൽപ്പുണ്ടായിരുന്നു.



പേർ അത്രമേൽ സുപരിചിതം

ഇൻസെറ്റിലെ പടത്തിലെ മുഖം,

അത്രമേൽ സുപരിചിതം. 

എന്നാലോ..

വാർത്തയിലെ അയാൾ ഒട്ടും പരിചിതനല്ല.

കള്ളക്കടത്തുമാഫിയ അംഗമത്രേ

സ്വർണ്ണക്കടത്തിനിടയിൽ കുത്തേറ്റത്രേ!!


നോക്ക്, ഇത് നിങ്ങളല്ല

പത്രവാർത്തയിൽ കമിഴ്ന്നു കിടക്കാതെ, 

എൻ്റെ  കൈപിടിച്ചെഴുന്നേൽക്ക്.

ഈ വാർത്തയിൽ

നിങ്ങളില്ല എന്ന് 

ഉറക്കെയലറ്


വിറക്കുന്ന എൻ്റെ കൈ അയാൾ പിടിച്ചില്ല

ഇത് 'മുൻ കൂട്ടിയെഴുതപ്പെട്ട'തെന്നും

'നിനക്കു തിരുത്താനാവാത്തതെന്നും'

അയാളുടെ നിശ്ശബ്ദത കമിഴ്ന്നു കിടന്നു.


പകച്ചു നിന്ന് സമയം പോയതറിഞ്ഞില്ല. 

എൻ്റെ മൊബൈൽ ഫോൺ എവിടെ?

ഇന്നലെ രാത്രിയിൽ കൂടെയിറങ്ങി വന്ന 

കാമിനിയെവിടെ?

അവൾ കൊണ്ടു വന്ന ബാഗും 

ഞങ്ങൾ വന്ന ബൈക്കുമെവിടെ?

അയ്യോ... എൻ്റെ നിഴലെവിടെ?


കഠാരക്കുത്തേറ്റ് ചോരയൊലിപ്പിച്ചു കിടന്ന

പ്രഭാതവാർത്തയിൽ നിന്ന്

ഉയർന്നെഴുന്നേറ്റുപോരാനാകാതെ

അയാളുടെ നിഴൽ

അനക്കമറ്റു കിടന്നു.