ഒരിക്കൽ മാത്രം നനയേണ്ട
ഒരു പുഴയുണ്ട്.
കാലൊന്നു നനച്ചു പോയാൽ
നിങ്ങളെ അത്
വഴുതി വീഴിക്കുമെന്നുറപ്പ്.
അടിയൊഴുക്കിൻ്റെ ആഴങ്ങളിലേക്ക്
മുക്കിത്താഴ്ത്തുമെന്നും
ചുഴികൾ നിങ്ങളെ ചുഴറ്റുന്ന
കാന്തവലയങ്ങളാകുമെന്നും
നിങ്ങളെ മാത്രം കാത്തുകാത്തിരിക്കുന്ന
അത്യഗാധതകളിലേക്ക്
വലിച്ചെടുക്കുമെന്നും ഉറപ്പ്.
അയിരിൽ നിന്നു വേർതിരിയുന്ന
ലോഹമെന്ന പോലെ
നിങ്ങളിലെ നിങ്ങൾ
ഉരുവാകുന്നതിൻ്റെ നൈർമ്മല്യത്തിൽ
ഒരു ഗർഭസ്തരം നിങ്ങളെ പൊതിയും.
പിന്നെയെല്ലാം ശാന്തം.
ചുറ്റുമുള്ള ജലമപ്പോൾ
സ്വച്ഛവും നിർമ്മലവുമാകും.
ആ ജലക്കണ്ണാടിക്ക്
നിങ്ങളുടെ കണ്ണുകളാണ്.
ലോകത്തേറ്റവും സുന്ദരൻ/സുന്ദരി
നിങ്ങളെന്ന്,
സത്യം മാത്രം പറയും
ആ കണ്ണാടിക്കണ്ണുകൾ.
ഒരിക്കൽ നനഞ്ഞാൽ
കരകയറാനാവാത്ത,
ഒരു സൂര്യനും
ബാഷ്പീകരിക്കാനാവാത്ത,
ഒരു തണുപ്പിനും
ഘനീഭവിപ്പിക്കാനാകാത്ത
ഒരു പുഴയുണ്ടെല്ലാവരിലും.
അതിൽ
ഒരിക്കൽ പോലും
നനയാത്തവരുമുണ്ട്.
No comments:
Post a Comment