Sunday, 10 November 2024

എൻ്റെ ചങ്ങായീ......

എൻ്റെ ചങ്ങായീ.....

നിന്നോട് ഞാൻ കൂട്ട് വെട്ടി


നീ ഒന്നോർക്കണമായിരുന്നു,

വന്നു വിളിക്കുമ്പൊഴേ

ഒരെതിർപ്പുമില്ലാതെ

ഞാൻ ഇറങ്ങി വരുന്നുണ്ടെന്ന്.

നീ പോകുന്നിടത്തൊക്കെ

കൂടെത്തന്നെയുണ്ടെന്ന്.


എന്നിട്ടും എപ്പോഴും

പാതിവഴിയിൽ 

ഇരുട്ടിൽ

എന്നെ തനിച്ചാക്കി നീ

എങ്ങോ ഒളിക്കുന്നു.


ഒരു സമ്മാനമെന്ന 

മധുരം നീട്ടി

ഇന്നലെയും നീയെന്നെ 

അനുചാരിയാക്കി.

ആരും കാണാത്ത

രഹസ്യപ്പൂന്തോട്ടത്തിൽ

പൂക്കളും ലതകളും

കെട്ടിയ ഊഞ്ഞാലിൽ

ഇരുന്നാടുന്നൊരു

മാലാഖയുണ്ടെന്ന്

നീ എന്നോട് പറഞ്ഞത്

ഞാൻ വിശ്വസിച്ചു. 

കൂടെയിരുന്നാടാൻ

നീയെന്നെ ക്ഷണിച്ചു.


എൻ്റെ കണ്ണു കെട്ടി നീ

ഊഞ്ഞാലിലാട്ടി.

കാക്കത്തൊള്ളായിരം റോസാപ്പൂക്കൾ

ആ നിമിഷം അവിടെ 

ഒന്നിച്ചു വിരിഞ്ഞിട്ടുണ്ടാകണം. 

പൂമണത്തോടൊപ്പം

എൻ്റെ കൂടെ

ഊഞ്ഞാലാടിയിരുന്നത്

ആ മാലാഖ തന്നെയാവണം.

കാണാൻ ഞാൻ

കണ്ണുകളുടെ കെട്ടഴിക്കാൻ നോക്കി. 

നീയപ്പോൾ എന്നെ 

ഊഞ്ഞാലിൽ നിന്നു തള്ളിയിട്ട്

ഓടിക്കളഞ്ഞു.

ഇനി നിൻ്റെ കൂടെ ഞാൻ

എങ്ങോട്ടും വരില്ല.... സത്യം.



കണ്ണുകൾക്കു മുറുകേ തഴുതിട്ടാണ്

ഇന്നു ഞാൻ ഉറങ്ങാൻ കിടന്നത്.

എന്നാലും എനിക്കറിയാം

നീ വരും.

പൂട്ടിയ കണ്ണുകളിൽ

മുട്ടി വിളിക്കും

ഉറക്കം വന്ന്

ഓടാമ്പലൂരും

ഇമകൾക്കുള്ളിലൂടെ നീ

ഉള്ളിൽ കടക്കും

എന്നെ വിളിക്കും.

വാശിക്കമ്പളം വലിച്ചെറിഞ്ഞ്

ഞാനിന്നും

നിൻ്റെ കൂടെ വരും.

ആ  ഊഞ്ഞാലിൽ

വീണ്ടുമൊന്നിരിക്കാൻ..

മനസ്സിൻ്റെ നിലവറയിലെ

വാസനക്കുപ്പി  തട്ടിത്തുറന്നൊഴുകുന്ന

അമ്മിഞ്ഞമണത്തെ കൂട്ടിരുത്തി

ഒന്നുകൂടിയാടാൻ..


ആയത്തിലായത്തിൽ

ഉഞ്ഞാലിലാടുമ്പോൾ

ഇന്നലെപ്പോലെ എന്നെ 

തള്ളിയിടരുത്.

ഓർമ്മ വരച്ച

അമ്മച്ചിരിയുടെ റോസാപ്പൂക്കൾ

കണ്ണിൽ വിടർത്താൻ

ഇനി ഞാൻ കണ്ണിലെ 

കെട്ടഴിക്കില്ല.

സത്യം





No comments: