ചിത്രം വരച്ചു തുടങ്ങുന്നവരോടും
ചിത്രം വരക്കാൻ ആഗ്രഹിക്കുന്നവരോടുമായി
ഒന്നു ചോദിച്ചോട്ടേ?
ഏതു മീഡിയമാണ്
നിങ്ങളുപയോഗിക്കുന്നത്?
ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്?
ഒരിക്കൽ ചായമിട്ട് പൂർത്തിയാക്കിയതിനു മേൽ
പുതുമകൾ വരച്ചുചേർക്കുമ്പോൾ
ഉമ്മറത്ത് നിറംമങ്ങി മയങ്ങുന്ന
പഴമയുടെ ലാഞ്ചനകളെ
മുഴുവനായും മായ്ച്ചുകളയാനാകാത്ത
ജലച്ചായമാണോ
നിങ്ങളുടെ മീഡിയം?
ഉണങ്ങിയുറക്കാൻ സമയമെടുക്കുന്ന
എണ്ണച്ചായം?
മാന്ത്രികവർണ്ണങ്ങളോടെ
പെട്ടെന്നുണങ്ങിച്ചേരുന്ന
എക്രിലിക്?
മായ്ച്ചു വരക്കുമ്പോൾ
'ഇരുണ്ടുപോകട്ടെ ' എന്ന്
വെണ്മയെ ശപിച്ചിറങ്ങിപ്പോകുന്ന
ഗ്രാഫൈറ്റ് പെൻസിൽ?
ഉഗ്രപ്രതാപിയെങ്കിലും
ക്ഷിപ്രകോപി ചാർക്കോൾ?
വർണ്ണാഭയോടെ കുടിയിരുത്തിയിട്ടും
ആ നിമിഷം മുതൽ
ഒളിമങ്ങി അവ്യക്തമാകുന്ന,
ഫിക്സറ്റീവ് സ്പ്രേ കൊണ്ടുറപ്പിക്കാൻ ശ്രമിച്ചാൽ
ജീവച്ഛവമായിത്തീരുന്ന
സോഫ്റ്റ് പേസ്റ്റൽസ്?
ഇനിയുമുണ്ടല്ലോ
അനേകം മാദ്ധ്യമങ്ങൾ.
ഏതാണ് നിങ്ങളുടേത്?
യഥാസ്ഥാനങ്ങളിലുറപ്പിച്ച വരകളെ
മുഴുവനായും
മാറ്റിയെഴുതാനാവാത്ത
ജലച്ചായക്കാരോടല്ല,
തുടക്കക്കാരോടാണ് എനിക്കു പറയാനുള്ളത്.
നിങ്ങൾ റെഫർ ചെയ്യുന്ന
എണ്ണച്ചായ,ഏക്രിലിക് ചിത്രങ്ങൾക്കടിയിൽ
മറ്റനേകം ചിത്രങ്ങൾ
ഒളിച്ചിരിപ്പുണ്ടാകാമെന്നറിയാമോ?
ഒരിക്കൽ വരച്ചുപൂർത്തിയാക്കിയവയെ മറക്കാനും,
മങ്ങിയ ഒരു ഒളി കൊണ്ടുപോലും
സാന്നിദ്ധ്യമറിയിക്കാതെ
തികച്ചും പുതിയ ഒന്നിനെ
മുഴുവൻ തികവോടെയും വരച്ചുചേർക്കാനും
നിങ്ങളെ അനുവദിക്കുന്നവയാണ്
ഈ മാദ്ധ്യമങ്ങൾ
എന്നു നിങ്ങൾക്കറിയാമോ?
കേൾക്കൂ
നിങ്ങളിൽ ചിലരുടെ
കാൻവാസിൻ്റെ മൂലയിൽ
നിങ്ങൾ എണ്ണച്ചായത്തിൽ വരച്ച
എൻ്റെ ഛായാചിത്രത്തിനു മുകളിൽ
പുതിയ ചിത്രങ്ങൾ
എഴുതിച്ചേർത്തോളൂ
നിങ്ങളുടെ പ്രദർശനചിത്രങ്ങളുടെ ആഴങ്ങളിൽ
ആർക്കും കാണാനാവാതെ
എന്നെന്നേക്കുമായി
നിങ്ങൾ മറന്നു പോയ
ഞാനുണ്ടാകും.
എന്നും.
No comments:
Post a Comment