Tuesday, 26 November 2024

'ഇവനെ ഞാനറിയില്ല'

ആ മരണവാർത്ത  

എന്നെത്തേടിയെത്തിയപ്പോഴേക്കും

വല്ലാതെ വൈകിയിരുന്നു.

ശവം ചീഞ്ഞുനാറിയിരുന്നു.

മാംസമഴുകി

എല്ലുകൾ വേർപെട്ടിരുന്നു.

സ്വപ്നങ്ങളുറങ്ങിയ കണ്ണുകൾ

അപ്രത്യക്ഷമായിരുന്നു.

ചുംബനങ്ങളൊളിപ്പിച്ച ചുണ്ടുകൾ

അലിഞ്ഞഴിഞ്ഞിരുന്നു..

ആലിംഗനം കാത്തിട്ടെന്ന പോലെ

കൈകളുടെ അസ്ഥികൾ

ഇരുപുറവും 

വിടർന്നു കിടന്നിരുന്നു.

നട്ടെല്ല് ഒരു നേർരേഖയായവശേഷിച്ചു.

ഏറെ പ്രഹരങ്ങളേറ്റ്

കഠിനപ്പെട്ടതിനാലാകണം

ചീഞ്ഞ മംസത്തുണ്ടായി ഹൃദയം 

ബാക്കിയായത്‌.


ആരുമറിയാതെപോയ

ഒരു മരണത്തിൻ്റെ 

അവശേഷിച്ച ഏകരേഖാപത്രമായ

ആ ഹൃദയവുമായി

ഞാനോടി.

അതിനുള്ളിൽ അപ്പോഴും 

ഉറയാതവശേഷിച്ച

ഒരു തുള്ളി പ്രണയത്തെ

ഓർമ്മകളുടെ ഇൻക്യുബേറ്ററിൽ

എടുത്തു വച്ചപ്പോഴേക്കും

അകലെ 

മൂന്നാം വട്ടം കോഴി കൂകിയിരുന്നു.

നീയെന്നെ

മൂന്നുവട്ടം തള്ളിപ്പറഞ്ഞിരുന്നു.


No comments: