രാമരാജ്യവും വാഴ്ക, രാമനീതിയും വാഴ്ക,
രാജാധിരാജൻ, നിൻ്റെ തത്വശാസ്ത്രവും വാഴ്ക.
മര്യാദരാമാ,യെന്നെ ത്യജിച്ചു വഴിമാറേ
വികാരശൂന്യം നിൻ്റെ മുഖം!! ഞാനറിയില്ല.
ശൈവചാപം ഭേദിച്ച് വാമഭാഗമാക്കിയോൾ.
മനസ്സാമയോധ്യയിൽ നീ കുടിയിരുത്തിയോള്‍.
കനവില്‍ മനോജ്ഞമാം കൊട്ടാരം പണിതീർത്തു,
ഹൃദയസിംഹാസനറാണിയായ് നീ വാഴിച്ചോള്‍.
അത്യുഷ്ണമൊരു വരപാലനവനചാരീ
നിന് ദിവ്യപദങ്ങളിൽ മാത്രമെൻ സുഖം കണ്ടു.
രജതകൊട്ടാരവും രത്നസിംഹാസനവും
ജലരേഖയ്ക്കു സമം മറഞ്ഞുപോയീടിലും
വൈരാഗിയായി വനം പൂകാന്‍ നീ പോകേ,
നിന്റെ മനസ്സിന് രാജ്ഞീപദം പുണ്യമെന്നറിഞ്ഞവൾ.
അതിനായ് മാത്രം നിന്റെ കാലടി പിന്തുടര്‍ന്നോള്‍.
അവികലമായ് ഭക്തി, പ്രേമവും കാത്തിടുവോള്‍.
അവിചാരിതം പതീവിരഹിയാ,യേകയായ്
ശോകാർദ്രയാ,യശോകവനത്തില്‍ കഴിയിലും
അഗ്നിശുദ്ധയായ് വീണ്ടും രാമപാദം ചേര്‍ന്നവള്‍.
ഇന്നു നിന് നീതിവിരല്‍ത്തുമ്പെൻ നേരെ നീളുന്നോ?!!
സേതുബന്ധനം തീര്‍ത്തു, പ്രിയയെ വീണ്ടെടുക്കാന്‍
ധീരനായ് ദശശിരസ്സറുത്തവൻ നീയെന്നോ?!
അപ്പോഴും ജയിപ്പതു നിന് രാജനീതിയെന്നോ?!
അഗ്നിപരീക്ഷ പോലും നിൻ പേർ ജ്വലിക്കാനെന്നോ?!
പരിത്യജിച്ചു കാട്ടിലയപ്പതേതു നീതി??
വിരഹാഗ്നി പൊള്ളിക്കേ കാണ്മതോ രാമമുഖം!!
ദശം രാവണൻമുഖം; ശതമോ നിന് മുഖങ്ങള്‍!!
മര്യാദരാമാ നിന്നെ ഞാനൊട്ടുമറിഞ്ഞില്ല
മടങ്ങുന്നു ഞാന്‍, ഭൗമമാതൃഗർഭത്തിലേക്ക്.
അനുസ്യൂതമായെന്നെ കാക്കും കനിവിലേക്ക്.
പതിവൃതാഗ്നിശുദ്ധ സീത,യെന്നറിയിലും
പാതിമെയ്യിനെ പരിപാലിക്കാന്‍ കഴിയാത്ത
രാമനീതിയും വാഴ്ക, രാമരാജ്യവും വാഴ്ക,
മര്യാദാപുരുഷോത്തമന് രാമൻ നീണാൾ വാഴ്ക.
xxxxxxxxxxxxxxxxxxxxxxxxxxxxx
31 comments:
നേരത്തേ തന്ന സൂചനയില്‍ നിന്ന് ഇത്തരമൊരെണ്ണം പ്രതീക്ഷിച്ചിരുന്നു. നന്നായിരിക്കുന്നു രാമണ്റ്റെ രാജനീതി.. :-)
മടങ്ങുന്നു ഞാന്‍ ഭൂമിമാതാവിന്നുദരത്തിലേക്ക്...
എന്തായാലും കാത്തിരിക്കൂ....ഇനിയൊരു പതിനാലു കൊല്ലം വേണ്ടിവരില്ലായിരിക്കും..
ഈശ്വരാ..എന്തായിത്..കവിത എഴുതാന്‍ അറിഞ്ഞുകൂടാ എന്നു പറഞ്ഞിട്ട്...തികഞ്ഞ കവിത.... [ഒരു ബാലാമണിയമ്മ,വിജയലക്ഷ്മി ശൈലി] ഈ ലേഡീസ് എപ്പൊഴും നുണയെ പറയൂ..i am notflattering -a perfect poem..at least i feel so ...congrats..
ലക്ഷ്മി,
നന്നായിരിക്കുന്നു സീതായനം. എന്റെ ചില വരികള്‍ കൂടിയിട്ടോട്ടേ നിങ്ങളുടെ അനുവാദത്തോടെ.
ബാലിയെ ചതിയില്‍ കൊന്നു
താര തന് താലിയറുത്തപ്പോള്‍
പുകള്‍ പെറ്റ രാമനീതിയെവിടെ
രാമ രഘുവംശ കുലപതേ
അഗ്നിശുദ്ധയാം ജാനകിയെ
പൂര്‍ണ്ണ ഗര്ഭിണിയാം പ്രിയ പത്നിയെ
രജകജല്പനം കേട്ടു പുറന്തള്ളിയ രഘുരാമ
രാമനീതിയോ രാവണനീതിയോ കേമം
ഇന്നു നിന് അയോധ്യയെവിടെ രാമ
എന്റെ നെഞ്ചിലെ പച്ച മുറിവുപോലെ
നീറി നീറിയുരുകുന്നു പവിത്രമാം രാമഭൂമി
അറിയുക നീയിതു സീതായനം
ഇതു കൊള്ളാം ലക്ഷ്മി... എനിക്ക് പണ്ടേ രാമനെ അത്ര വല്യ പിടുത്തമില്ല! ഒരു മര്യാദ രാമന് വന്നിരിക്കുന്നു...
(ഭഗവാനെ ഇങ്ങനെ എഴുതിയതിനു എനിക്കിട്ടു പാര പണിയല്ലെ ...)
ലക്ഷ്മീ..,.....ഭൂമിയുടെ മടിത്തട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്ന സീതയെ ഉള്‍ക്കൊണ്ട വരികള്‍....ഈ പുതിയ സീതായനം അതുകൊണ്ടു തന്നെ ഒരുപാടിഷ്ടായി.....:)
പൊള്ളയായ തത്വങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞിടപ്പെട്ട ജീവിതത്തിന്റെ നൊമ്പരം സീതയിലൂടെ വരികളില്‍ കാണുന്നു.....ആശംസകള്‍....
സൂര്യോദയം...ഇനിയൊമൊരങ്കത്തിനു ബാല്യമുണ്ടാവുമോ എന്നാണ് ഞാന്‍ ശങ്കിച്ചിരുന്നത്. so far ഇല്ല എന്നു കണ്ടതില്‍ സന്തോഷം
സജിഅച്ചായാ...ശരി, കാത്തിരുന്നേക്കാം
നിഗൂഡഭൂമി...യ്യോ ഇങ്ങിനെയൊന്നും പറയാതെ. ഞാന്‍ ഒന്നുമല്ല എന്ന് എനിക്കറിഞ്ഞു കൂടെ[നുണച്ചി എന്ന ആരോപണത്തിനെതിരെ കേസെടുക്കാന്‍ ഏതാ വകുപ്പ്]
ശ്രീനന്ദ...എന്റെ ഈ വരികള്‍ വായിച്ചിട്ട് ഇത്രയും നല്ല വരികള്‍ ഇവിടെ എഴുതിചേര്ത്തതിനു ഞാന്‍ എങ്ങിനെയാ നന്ദി പറയേണ്ടത്.സന്തോഷായീട്ടോ
സീമ...(ഭഗവാനെ ഇങ്ങനെ എഴുതിയതിനു എനിക്കിട്ടു പാര പണിയല്ലെ ...)
ഹ ഹ. അങ്ങിനെയൊന്നും ഇല്ലാട്ടോ സീമ. പലര്‍ക്കും പല അഭിപ്രായമല്ലേ
rare rose...വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി കെട്ടോ
വന്ന എല്ലാവര്ക്കും നന്ദി
ലക്ഷ്മീ, ഒരങ്കത്തിനല്ല ഒരായിരം അങ്കത്തിനു പോകാം ട്ടോ
നല്ല ഇഷ്ടായി ഈ കവിത. അഭിനവ രാമന് !!!
രാമനീതിയും വാഴ്ക; രാമരാജ്യവും വാഴ്ക
മര്യാദാപുരുഷോത്തമന് നിന് തത്വശാസ്ത്രവും വാഴ്ക
തീക്ഷണമായ വരികള്‍ രണ്ടുമൂന്നാവര്‍ത്തി വായിച്ചു
ലക്ഷമി ഒന്നു മനസിലാക്കാന്‍
എന്റമ്മോ...
ഇത്രയുമൊക്കെ വായിച്ച് മനസ്സിലാക്കാനുള്ള അക്ഷരാഭ്യാസമൊന്നും എനിക്കില്ലേ ?...... :) :)
ആശംസകള്‍
എന്റമ്മോ...
ഇത്രയുമൊക്കെ വായിച്ച് മനസ്സിലാക്കാനുള്ള അക്ഷരാഭ്യാസമൊന്നും എനിക്കില്ലേ ?...... :) :)
ആശംസകള്‍
മുഖവുര,
സീത എന്ന ഭാര്യയുടെ,വിരഹിണിയുടെ പക്ഷത്തു നിന്നുള്ള ഒരു വീക്ഷണം നന്നായിട്ടുണ്ട്.ഒറ്റ വായനയില്‍ ഒരു താളത്തിന്റെ തുടക്കം പോലെ തോന്നിച്ചു, ഒരൊന്നരവരി കഴിയുമ്പഴേയ്ക്കും കടും ബ്രേക്ക് അത് അങ്ങനെ കവിതയില്‍ ഉടനീളം.വൃത്തത്തിലുള്ള ഒന്നിനെ അടിച്ചു ചതുരത്തിലാക്കിയ പോലെ എന്നാല്‍ ചതുരമൊട്ടായില്ലതാനും.അങ്ങനേയും എഴുതിക്കൂടെ എന്നു ചോദിച്ചാല്‍ എന്തു കൊണ്ടു പാടില്ല എന്നു തിരിച്ചു ചോദിക്കാം,എങ്കിലും ഞാനതിനെ കുറച്ചു തല്ലി വളച്ചു വട്ടത്തിലാക്കാന്‍ നോക്കി.(എന്റെ വിവരക്കേടെന്നു കൂട്ടിക്കോളൂ) അപ്പോള്‍ ഇങ്ങനെയായി. മുഴുവനും കഴിയുന്നില്ല കാരണം ചിലയിടങ്ങളില്‍ രചയിതാവ് വാക്കുകള്‍ ഉരുക്കിയൊഴിച്ചിരിക്കുകയാണ് നിവര്ത്താനൊന്നും പറ്റിയില്ല. കാരണമായി തോന്നുന്നത് അതുരുക്കിയിരിക്കുന്നത് ജീവിതത്തിന്റെ മൂശയിലായതു കൊണ്ടാവാം എന്നാണ്.
നോക്കുക താഴെ.
രാമരാജ്യവും വാഴ്ക, രാമനീതിയും വാഴ്ക,
മര്യാദരാമന് നിന്റെ തത്വശാസ്ത്രവും വാഴ്ക
അഭിനവരാമാ,യെന്നെ വിട്ടു നീ വഴി മാറേ
വികാരശൂന്യം നിന്റെ മുഖം ഞാനറിയില്ല
മനസ്സാമയോദ്ധ്യയില് നീ കുടിയിരുത്തിയോള്‍
ശൈവചാപം ഭേദിച്ചു വാമഭാഗമാക്കിയോള്‍,
കനവില്‍ മനോജ്ഞമാം കൊട്ടാരം പണി തീര്‍ത്തു
സ്വര്‍ണ്ണസിംഹാസനത്തില്‍ റാണിയായ് വാഴിച്ചവള്‍.
അത്യുഷ്ണമൊരു വരപാലനവനചാരി
നിന്ദിവ്യപാദാംബുജം നീതിയെന്നറിഞ്ഞവള്.
കനക കൊട്ടാരവും രാജസിംഹാസനവും
കനവിന് കോട്ട തുല്യം എരിഞ്ഞങ്ങമരിലും
വൈരാഗിയായി വനം പൂകുവാന്‍ നീ പോകവേ
നിന് മനോ റാണീപദം പുണ്യമെന്നറിഞ്ഞവള്‍
അതിനായ് മാത്രം നിന്റെ കാലടി പിന്തുടര്‍ന്നോള്‍
അവികലമാം ഭക്തി, പ്രേമവും കാത്തിടുവോള്‍
അവിചാരിതം പതീ വിരഹിണിയായന്നു
വിധിയാല്‍ ലങ്കയിലെ വനത്തില്‍ കഴിയിലും
അഗ്നിശുദ്ധയായ് വീണ്ടും രാമപാദം ചേര്‍ന്നവള്‍
ഇന്നു നിന് നീതിവിരല് തുമ്പെന്റെ നേരേയെന്നോ?
സേതുബന്ധനം തീര്‍ത്തു പത്നിയെ വീണ്ടെടുക്കാന്‍
ദുഷ്ടനാം രാവണനെ കൊന്നവന് നീതന്നെയോ?!
അവിടെ ജയിപ്പതു നിന് രാജനീതിയെന്നോ?!
അഗ്നിപരീക്ഷ നിന്റെ നാമം തിളങ്ങുവാനോ?!
പത്നിയെ കൊടും കാട്ടിലയപ്പതേതുനീതി??
വിരഹ വഹ്നിയില്‍ ഞാന്‍ കാണ്മതോ രാമമുഖം!!
ദശാനനന്‍ ലങ്കാപതി, ശതമോ നിന് മുഖങ്ങള്‍!!
അഭിനവരാമാ നിന്നെ ഞാനൊട്ടുമറിഞ്ഞില്ല.
യാത്രയാവുന്നു ഞാനെന്‍ മാതാവിന് മടിയിലേ-
ക്കേകാന്തമെങ്കിലുമാ പുണരും കരത്തിലേയ്ക്ക്
പാതിവ്രതാഗ്നിശുദ്ധ സീതയെന്നറിയിലും
പാതിമെയ്യായവളെ പാലിക്കാന്‍ കഴിയാത്ത
രാമനീതിയും വാഴ്ക; രാമരാജ്യവും വാഴ്ക
മര്യാദാപുരുഷോത്തമന് നിന്
തത്വശാസ്ത്രവും വാഴ്ക.
വായിച്ചിട്ട് ഡിലിറ്റു ചെയ്തേക്കുക കമന്റ് വേറെയിടുന്നുണ്ട്.ഇങ്ങനെ ആക്കണം എന്നു പറയില്ല ആത്മാവിഷ്കാരം എന്നത് എല്ലാ തരം വായനക്കാരെയും തൃപ്തിപ്പെടുത്താനുള്ളതല്ലല്ലോ.
വെള്ളം എന്നാല്‍ ശുദ്ധമായിരിക്കണം എന്നതിലപ്പുറം, അത് പരിശുദ്ധമായിരിക്കണം കൃത്യമായും എച് ടു ഒ മാത്രമായിരിക്കണമെന്നു പറഞ്ഞാല്‍ കുടി മുട്ടുകയാണുണ്ടാവുക.രാമനും അതു പറ്റിയെന്നാണു തോന്നുന്നത്.
അതു ലോകത്തിനു മനസ്സിലാക്കുവാനായിരിക്കാം കഥാകാരന് സീതയെ മണ്ണിലേയ്ക്കയച്ചത്.
രാജനീതിയില്‍ ഒട്ടും മായമില്ലെങ്കിലേ പ്രജാവാസികളില് അല്പമെങ്കിലും നീതി ബോധമുണ്ടാവുകയുള്ളൂ നീതി ബോധമില്ലാത്ത ജനത നിലനില്‍ക്കില്ല എന്ന ഉത്തമബോധ്യമായിരിക്കാം രാമനെന്ന രാജാവിനെ പത്നിയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച വികാരം. എന്നാല്‍ രാമനെന്ന മനുഷ്യനെ,ഭര്‍ത്താവിനെകൂടി കാണാനാവുമെങ്കില്‍ സീതയേക്കാള്‍ ഒട്ടും കുറവയിരിക്കില്ല അദ്ധേഹത്തിന്റെ ദുഖഃവുമെന്നു മനസ്സിലാവും.
പ്രിയ, അനൂപ്, നിരക്ഷരന്...ഒരുപാടു താങ്ക്സ്.
കാവാലന്...ആ കവിത ഡെലീറ്റ് ചെയ്യുന്ന പ്രശ്നമുദിക്കുന്നില്ല. അതിത്ര മനോഹരമായീ ചെയ്തതിനു ഞാന്‍ എങ്ങിനെയാ നന്ദി പറയുക.
ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ വിശ്വസിക്കുമോ? വൃത്തവും ഛന്ദസ്സും ഒക്കെ നോക്കി എനിക്ക് കവിത എഴുതാന്‍ അറിയില്ല എന്നു പറഞ്ഞാല്‍?. മനസ്സില്‍ വരുന്ന പോലെ അങ്ങു എഴുതി വയ്ക്കുന്നു എന്നേ ഉള്ളു. ഞാന്‍ കവിതാകാരി അല്ല എന്നു പറയാന്‍ കാരണവും അതു തന്നെ. കവിത എന്നു പറഞ്ഞാല്‍ അത് വൃത്തവും ഛന്ദസ്സുമുള്ള എഴുത്തുകളാണ് എന്നതിനാല്‍ തന്നെ എന്റെ എഴുത്തുകളെ കവിതകള്‍ എന്നു ഞാന്‍ വിളിക്കാറില്ല. പക്ഷെ അതിനെ ഇങ്ങിനെ purify ചെയ്തു തന്നതിനു ഒരുപാട് ഒരുപാട് നന്ദി
ഒരാളെക്കൂടി ........
ഈ ഭൂമിദേവി ...സ്വീകരിക്കുമൊ ........
എനിക്കു മടുത്തു..
എന്റെ വരികളേക്കാള്‍ അല്‍പ്പം കൂടി ഒരു സോഫ്റ്റ് ലുക് തന്നോ കാവാലത്തിന്റെ വരികള്‍ക്കെന്നു ശങ്കയുണ്ടെങ്കിലും അതിനു നല്ല ഒരു താളം കിട്ടുന്നുണ്ട്. സുഗമമായ ഒഴുക്ക്. എങ്കിലും ഒരു കറക്ഷന് പറയട്ടേ
‘പത്നിയെ കൊടും കാട്ടിലയപ്പതേതുനീതി??
വിരഹ വഹ്നിയില്‍ ഞാന്‍ കാണ്മതോ രാമമുഖം!!‘
എന്ന സ്ഥാനത്ത് ഞാന്‍ പറഞ്ഞത്
‘വിരഹാഗ്നിയില്‍ ഞാന്‍ പൊള്ളവേ കാണ്മതേതു രാമമുഖം!!‘ ഇങ്ങിനെയാണ്
അഗ്നി പരീക്ഷയില്‍ പൊള്ളല്‍ ഏല്‍ക്കാഞ്ഞ സീത പക്ഷെ രാമന്റെ വിരഹാഗ്നിയില്‍ പൊള്ളി എന്നു പറയണമെന്നുണ്ടായിരുന്നെനിക്ക്. അത്തരം ഒരു മെയ്ക് അപ്പിനു സാധ്യത ഉണ്ടോ?
ഈ വരികള്‍ വായിച്ചെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടു...ചിന്തകള്‍ നന്നായി...വരികളും...
illa, vaakukalkk ozhukkilla, (ozhukkulla vakkukalkk azhakum kurav...., bodhapoorvam parayunnathu pole...) sorry for manglish comment.
Hi Lakshmy,
FIrst time here. Very good one :)
Isn't the black background hard to read?, Maybe it's just me.
ഇതാണു ഞാന്‍ പറഞ്ഞത് ആത്മാവിഷ്കാരത്തിലെ കൈകടത്തലായിത്തീരും ചില തിരുത്തുകളെന്ന് .(പ്രത്യേകിച്ച് ഇവിടന്നങ്ങോട്ട് അവസാനം വരെയുള്ള എല്ലാവരികളും)അതു കൊണ്ട് തിരുത്തേണ്ടെന്നു തോന്നുന്ന ഭാഗം ഞാനങ്ങനെ പറഞ്ഞെന്നു കരുതി തിരുത്തരുത്.സീത എന്ന കഥാപാത്രം രചയിതാവിന്റെ മാനസീക വ്യാപാരങ്ങള്‍ കൂടി വഹിക്കേണ്ടി വരുന്നിടത്താണ് വിഷയം ആരംഭിക്കുന്നത്.
വഹ്നി എന്നതിന് അഗ്നി എന്നു കൂടി അര്‍ത്ഥമുണ്ടല്ലോ പക്ഷേ അതിലുപരിയായി പൊള്ളി എന്ന വേദനയെ ആണ് കവിതയില്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്.ചില വാക്കുകളൊന്നും തിരുത്താന്‍ എന്നെക്കൊണ്ടു കഴിയുന്നില്ലെന്നു പറഞ്ഞിതിതാണ്.പരമാവധി അര്‍ത്ഥ ഭംഗം വരാതെ തിരുത്തിയതാണ്,അപ്പോഴും അത് അല്പം ഭാവതീവ്രത കുറഞ്ഞു പോയി.അതില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ച സീതയുടെ പ്രതികാരത്തോളമെത്തുന്ന കുറ്റപ്പെടുത്തലുകള്‍ എന്റെ വര്‍ക്കില്‍ പരാതി മാത്രമായി ചുരുങ്ങി.
'കവിത എന്നത് കവികള്‍ എഴുതുന്നതല്ല'.അത് നേരെ തിരിച്ചു പറഞ്ഞാല്‍ ഏതാണ്ട് ശരിയാവും 'കവിത എഴുതിയയാള്‍ കവി'എന്നു പറഞ്ഞാല്‍.എഴുതി അത് നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ,ഉദ്ധേശിച്ചതു മുഴുവനും ഉള്‍കൊള്ളുന്നുണ്ടോ എന്നൊക്കെ നോക്കി പബ്ലിഷ് ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്നേ ഞാനുദ്ധേശിച്ചുള്ളൂ.
ഓടോ:കാവാലം എന്ന മഹാവ്യക്തിത്വവുമായി എനിക്ക് യാതൊരു കണക്ഷനുമില്ല.കാവലാന്‍ എന്ന പേര് ബ്ലോഗില്‍ ഉപയോഗിക്കുന്നത് ഒരു സ്വയം ഓര്‍മ്മപ്പെടുത്തലിന്റെ ഭാഗമായാണ്.
വായിച്ചു മനസ്സിലാക്കാന്‍ ഒരുപാടു ബുദ്ധിമുട്ടി...
ഈ മണ്ടന്‍ വീണ്ടും വായിക്കേണ്ടി വന്നു...
ആശംസകള്‍......
ക്ഷമിക്കുക... കണ്ണടച്ചുള്ള ആക്രോശമായിപ്പോയി... ഒരിത്തിരി കല്ലുകടിചെന്കിലും കവിത ഹൃദ്യമായിരുന്നു... ഇതിലേറെ പ്രതീക്ഷിച്ചു വന്നവന്റെ നിരാശയാണ് ആദ്യത്തെ കമന്റ്... വിട്ടുകളഞ്ഞെക്കുക...
ശ്രീ നന്ദയെ പക്ഷെ യോജിക്കാന്‍ കഴിയുന്നില്ലല്ലോ...
ശിവ....നന്ദി
confused...confusion വേണ്ടാ. black background മാറ്റിയിട്ടുണ്ട് കെട്ടോ. വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി
കാവലാന്‍....കാവാലം എന്ന് വിളിച്ചതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. കാവലാന്‍ എഴുതിയ വരികള്‍ എനിക്കൊരുപാടിഷ്ടമായി. പക്ഷെ ഞാന്‍ എന്റെ വരികള്‍ തിരുത്തുന്നില്ല. അത് അവിടെ അപ്രകാരം തന്നെ കിടന്നിട്ട് അതിന്റെ കമന്റായി ഈ തിരുത്ത് ഇവിടെ കിടക്കുന്നതു തന്നെയാണ് എനിക്കിഷ്ടം. അതു ഞാന്‍ തിരുത്തുന്നില്ലാ എന്നു പറഞ്ഞത്, കാവലാന്‍ പറഞ്ഞ പോലെ അതിന് ഒരു ആത്മാവിഷ്കാരത്തിന്റെ ഭാഷയുണ്ട് എന്നതു കൊണ്ട് തന്നെയാണ്
‘അത്യുഷ്ണമൊരുവരപാലനവനചാരി നിന്‘ ഇപ്രകാരം പോകാവുന്ന ചില വരികള്‍ എല്ലാത്തരം വായനക്കാര്‍ക്കും ഒരുപോലെ ഗ്രാഹ്യമാാവില്ല എന്ന തോന്നല്‍ കൊണ്ട് ചിലയിടത്ത് കുറേ കൂടി മനസ്സിലാക്കാവുന്ന രീതിയീല്‍ ആക്കാന്‍ മനപൂര്‍വ്വ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ചില വാക്കുകളുടെ കാര്യത്തില്‍, ഭാവതീവ്രത മുഴുവനായും പ്രതിഫലിപ്പീക്കാനാകില്ല എന്നതു കൊണ്ട് മാത്രം ഒരു വിധ വിട്ടുവീഴ്ചക്കും തയ്യാറായുമില്ല. അതു കൂണ്ട് തന്നെയാണ് ഞാനത് തിരുത്തുന്നില്ലാ എന്നു പറഞ്ഞതും. പക്ഷെ കാവലാന്റെ ‘യാത്രയാവുന്നു ഞാനെന്‍ മാതാവിന് മടിയിലേ-
ക്കേകാന്തമെങ്കിലുമാ പുണരും കരത്തിലേയ്ക്ക്‘ തുടങ്ങിയ ചില വരികള്‍, എനിക്ക് പൂര്‍ണ്ണമായും ത്രിപ്തി തോന്നിയവയാണ്. ഒന്നു മനസ്സിരുത്തിയിരുന്നെങ്കില്‍ എനിക്ക് ചെയ്യാമായിരുന്നവ. മനസ്സിരുത്തിയില്ല. പക്ഷെ എന്നാലും ഇതെല്ലാം ഇങ്ങിനൊക്കെ തന്നെ ഇവിടങ്ങു കിടക്കട്ടെ അല്ലേ?:)എന്റെ ഈ വരികളെ ഇത്രയധികം ശ്രദ്ധിച്ചതിനും തിരുത്തിയതിനും ഞാന്‍ വീണ്ടും വീണ്ടും നന്ദി പറയുന്നു
സ്നേഹിതന്...വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി കെട്ടോ
അച്ചായാ...ഇടി ഇടി:)
മുരളിക...ആദ്യത്തെ അഭിപ്രായവും അതിനു ശേഷം പറഞ്ഞ അഭിപ്രായവും ഇതിനു മുന്‍പത്തെ എന്റെ എഴുത്തുകള്‍ക്ക് പറഞ്ഞ അഭിപ്രായങ്ങളും തുല്യപ്രാധാന്യത്തോടെ കാണുന്നു. ആരോഗ്യകരമായ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ തന്നെയാണ് എനിക്കിഷ്ടം. ചുമ്മാ ‘കൊള്ളാം’ എന്നൊക്കെ കമന്റിടാം വേണമെങ്കില്‍. അപ്പോള്‍ ഞാന്‍ സംശയിക്കുക, ഇതു വായിച്ചിട്ടു തന്നെയാണോ, അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടു തന്നെയാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ്. കമന്റായി ടോപ്പിക്കിനോട് ബന്ധപ്പെട്ട വരികളും തിരുത്തലുകളുമൊക്കെ കാണുമ്പോഴാണ് എല്ലാവരും അതിന്റെ ആഴത്തിലേക്കിറങ്ങാന്‍ ശ്രമിച്ചു എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അതും, എന്നില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒക്കെ പ്രതീക്ഷിച്ചു എന്നുള്ളതും എനിക്ക് അഭിമാനം തരുന്ന കാര്യമല്ലേ? പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ശ്രമിക്കാം കെട്ടോ
കുറച്ച് ദിവസമായി ബ്ലോഗില്‍ കയറാന്‍ കഴിഞ്ഞില്ല. ഇനി എന്നാണ് ആക്റ്റീവ് ആകുക എന്നുറപ്പില്ല. knee യ്ക്ക് ഒരു ചെറിയ സര്‍ജറി. പക്ഷെ ഞാന്‍ തിരിച്ച് വരും. ഒരുപക്ഷെ അധികം വൈകാതെ തന്നെ. എന്നെ ആരും മറക്കില്ലാല്ലോ
ലക്ഷ്മീ..വളരെ നല്ല കവിത, നല്ല വരികള്‍, ഇത്ര ഗാഡമായ വരികള്‍ എനിക്കു സാധിച്ചിരുന്നെങ്കില്‍!!!
ഒരു പകുതി ശൂന്യമാം
ശയ്യയിലെണീട്ടിരുന്നൊര്ത്തുപോയ്
ആര്ത്തരക്ഷക്കോ പിറന്നു ഞാന്‍
- സരയുവിലേക്ക് - ഓ. എന്‍. വി.
വ്യാഖ്യാനങ്ങള്‍ക്ക് അന്ത്യമില്ല. രാമനും സീതയുമെല്ലാം ഓരൊരുത്തരുടെയും കാഴ്ചയില്‍ വ്യത്യസ്ഥരായി മാറുന്നു. ശരിതെറ്റുകള്‍ക്ക് അതീതരായി. ശരിയും, തെറ്റും ആപേക്ഷികമല്ലേ? കാണാപ്പുറങ്ങളിലെ കാഴ്ചകള്‍ എന്നും മനോഹരം.
വിവാദങ്ങളൊഴിഞ്ഞ് സമയമുള്ളപ്പോള്‍ എന്നിടത്തിലൊന്നെത്തിനോക്കുക.
Lakshmii thevarudaanaayil oru post ittittndu . Lakshmiyude peril
സപ്ന, ദാസ്...നന്ദി
ആനവാരിയുടെ ബ്ലോഗ് ഞാൻ ബോംബ് വച്ചു നശിപ്പിക്കും.[അല്ലെങ്കിലേ ഈയിടെ എനിക്കപ്പിടി ആനപ്പേടിയാ]
എന്നിട്ടും രാമന് ഒരു ഇതിഹാസവും
സീത ഒരു ദു:വുമായി തുടരുന്നു
അവനി വാഴ്വിന്റെ ഫലമോ ?
അതോ രാവണന്റെ ശാപമോ.
എന്തു തന്നെയായാലും ത്രേതായുഗം ഇനി മാറി മറിയില്ല.
കാത്തിരിക്കാം....
സീതായനം ഗംഭീരം, മനോഹരം
Post a Comment