Saturday, 14 January 2023

ഒരേനുകക്കാളകൾ/ മരമടി

കിടമൽസരം നമുക്കിടയിലെന്തിനു സഖേ?

മരമടിക്കോടുവതു നമ്മുടെ കർമ്മം.

ഉഴവുചാലോ കൊടും ടാറിൻ കാഠിന്യമോ

ഇഴ വേർപ്പെടുത്താതിരിക്ക ഭേദം.

ലക്ഷ്യത്തിലൊന്നാമതെത്തുംവരെ,

യോട്ടക്കാരൻ്റെ പ്രഹരം നമുക്കു യോഗം.

ഇടംകയ്യനെങ്കിൽ, നിൻ പുറമേറെപ്പൊളിയുന്നു.

വലംകയ്യനാലെ എൻ പുറവും.

ഏറ്റക്കുറവുകൾ മാറിമറിയുമ്പോൾ

ഊറ്റത്താൽ, താപത്താലെന്തു നേട്ടം!

ആർ തെളിക്കുന്നുവെന്നാകിലും 

തോൽചാട്ടവാറിന്നടി തോൽ പൊളിച്ചിടുമ്പോൾ,

പടുമൽസരം നമുക്കിടയിൽ വേണ്ടാ സഖേ

പായുകയെന്നതേ നമ്മുടെ ധർമ്മം.

 

വമ്പ് നാം ചിന്തിച്ചിരുന്നു, തീറ്റിച്ചേറെ

കൊമ്പരായ് നമ്മെ പാലിക്കുമ്പൊഴും,

മഞ്ഞളരിപ്പൊടിയാലേയലങ്കരി-

ച്ചിളനീരഭിഷേകം ചെയ്യുമ്പൊഴും,

മരമടിത്താളത്തിനനുതാളമൊപ്പിച്ചു

കുളമ്പടിയാൽ ചുവടു വയ്ക്കുമ്പൊഴും,

നുകമൊന്നു മുതുകിൽ ചേർത്തുകെട്ടേ,

രത്നമകുടമതെന്നോർത്തു ചീർക്കുമ്പൊഴും.

ഓർത്തില്ല, തുടിതാളം മുറുകുന്ന നേരത്ത്

ചാട്ടവാർ മുതുകിൽ പുളയുമെന്ന്.

പാർത്തില്ല, പോറ്റിയ കയ്യാൽത്തന്നെ

പുറംതൊലി തല്ലിപ്പൊളിക്കുമെന്ന്.

ഒന്നാമെതെത്തുവാനവർ പൊരുതേ,

ലക്ഷ്യമെന്തെന്നറിയാതെ നമ്മൾപായേ,

വാമഭാഗേ നീയുണ്ടെന്നതെന്നാശ്വാസം.

വലതുവശം ഞാൻ നിനക്കാശ്വാസം.

ഓടിത്തളരുമ്പോൾ ഞൊടിയിട തല ചായ്ക്കാൻ

നിൻ്റെ തോളൊന്നു ഞാൻ തേടിടുമ്പോൾ

കാണുന്നു, ഏറെ കിതപ്പിനിടയിലും,

നീ തിരയുന്നതോ എൻ്റെ തോളും.

അറിയുന്നു ഞാൻ, നിൻ വിയർപ്പിനൊപ്പം

നിൻ്റെയശ്രുവും ധാര പൊഴിക്കുന്നതും,

എൻ സ്വേദക്ഷാരമോ കണ്ണീനീരുപ്പിനാ-

ലേറുന്നുണ്ടെന്നു നീയറിയുന്നതും.

 

പൊട്ടിച്ചെറിയാൻ കൊതിക്കുകിലും

പൊട്ടാത്ത കെട്ടിനാൽ ബന്ധിതർ നാം.

കെട്ടിപ്പിടിക്കുന്ന സോദരത്വം നെഞ്ചിൽ

കാത്തു, ദൂരം തുല്യം കാക്കുന്നവർ;

എന്നാലെത്തിത്തൊടുവാനാവാത്ത വണ്ണം

സമദൂരത്തിൽ നമ്മെയകറ്റി നിർത്തി,

തോളിൽ രാജാംഗംപോൽ ചാർത്തിത്തരും മേക്കോൽ

മോടിയല്ലെന്നറിയാനെത്ര വൈകി!!

 

തളരുമ്പോൾ വീഴാതെ ഞാനെന്നെ കാക്കുന്നു,

വീണാലോ ഞാനോ നിനക്കു ഭാരം.

ഇടറുന്ന നിൻ കാൽകൾ കാണെ ഞാൻ കരയുന്നു,

വീഴാതെ നീ നിന്നെ കാക്കുന്നല്ലോ!!

ചാട്ടവാർ സീൽക്കാരമാർത്തു വിളിക്കേ,

വൃഥാ മൽസരപ്പൊരുളറിയുമ്പൊഴും

ഓട്ടത്തിൻ വേഗത്തെയൊട്ടും കുറക്കുവാ-

നാവാത്തൊരേനുകക്കാളകൾ നാം.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 


No comments: