കാടിനൊരു
ചൂരൊണ്ട്.
ചൂരിനോ ചേലൊണ്ട്.
ചേലൊള്ള ചൂരായി,
കാട്ടുമഹൻ വരണൊണ്ട്.
കറുകാട്ടുതേനുണ്ട്,
നറുകദളിപ്പഴമുണ്ട്,
കാട്ടാറിലാറാടി,
കാട്ടുമഹൻ വരണൊണ്ട്.
ഇരുകാതും
വീശീട്ട്,
രാജനട നടക്കുമ്പൊ
നെടുമാർഗ്ഗേയുണ്ടാരോ,
തടിപോലെ കെടക്കണ്.
തടിയതാ മറിയണ്.
തടിയതാ തിരിയണ്.
തടിക്കുമൊരു
ചൂരൊണ്ട്.
ചൂരിലൊരു
കാടൊണ്ട്.
കാട്ടുറാക്കിൻ മാട്ടം
കഴുത്തോളം മോന്തീട്ടും,
അടിതെറ്റി
വീണിട്ടും,
തടിപോലെയുരുണ്ടിട്ടും,
റാക്കുതോക്കും ചൂരിൽ
ചേലൊള്ള കാടൊണ്ട്.
കാടിനൊരു
ചൂരൊണ്ട്.
ചൂരിലൊരു
നേരൊണ്ട്.
നേരൊള്ള കാട്ടുമഹൻ
ചൂരുപിടിക്കണ്.
മണമൊന്നെന്നറിയണ്.
അലിവുള്ളിൽ പതയണ്.
കനിവോലും
കാലോണ്ട്
തടി മെല്ലെയുരുട്ടണ്.
വഴിയോരം ചേർക്കണ്.
ഗജരാജൻ നീങ്ങണ്.
തുമ്പിക്കൈ പൊക്കണ്.
കൊമ്പു കുലുക്കണ്.
ചിന്നം വിളിക്കണ്.
അടിവച്ചു
മറയണ്.
കാടൊരു ഊരാണേ..
ഊരൊരു വീടാണേ..
വീട്ടാരൊരു
കൂട്ടാണേ..
കൂട്ടാരോ ഉയിരാണേ…
xxxxxxxxxxxxxxxxxxxxxxxxxx
No comments:
Post a Comment