കാർമേഘഭരിതമായ
എൻ്റെ വാനത്തേയും
പ്രകാശപൂരിതമായ
നിൻ്റെ വാനത്തേയും
കൃത്യമായി
വേർതിരിച്ച അതിരിൽ
അനാഥത്വം
പേറി നിന്നു,
നാം മറന്നുവച്ച
മഴവില്ല്.
മഴത്തുള്ളികളായി നിന്നിലേക്ക്
പെയ്തുനിറയാൻ
വെമ്പിയ
ആ നിമിഷത്തിലാണ്
വർണ്ണങ്ങളേഴും
ഒഴുകി മാഞ്ഞുപോയത്.
കാലംപെയ്തൊഴിഞ്ഞ ആകാശത്ത്
അലിഞ്ഞുനേർത്ത നിറങ്ങളാൽ
നിൻ്റെ ഛായാചിത്രങ്ങൾ വരയ്ക്കുമ്പോൾ
അവ
നിറം മങ്ങി
അവ്യക്തങ്ങളായ്ത്തീരുന്നു.
ഞാനവയ്ക്ക്
അമൂർത്തരചനകൾ എന്ന്
പേരിട്ടു.
ഇന്നിവിടെയൊരു ഗ്യാലറിയുണ്ട്.
അബ്സ്ട്രാക്റ്റ്ചിത്രങ്ങൾ നിറഞ്ഞത്.
സഞ്ചാരികൾക്കായി തുറന്നുകൊടുക്കാതെ
എന്നെന്നേക്കുമായി അടച്ചുപൂട്ടപ്പെട്ടത്.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
No comments:
Post a Comment