Friday, 14 July 2023

മുറുക്കിത്തുപ്പിച്ചെടി*

മുത്തശ്ശിയൊരു

ചെപ്പടിവിദ്യക്കാരിയായിരുന്നു.

 

തളിർവെറ്റിലപ്പച്ചയും

ചുണ്ണാമ്പിൻ വെളുപ്പും

പാക്കിന്നിളം തവിട്ടും കൂടി

കടുംചുവപ്പു നിറമാക്കുന്ന

മന്ത്രവിദ്യയൊളിപ്പിച്ച

മുത്തശ്ശിവായിലെ അത്ഭുതമായിരുന്നു

ഉണ്ണിക്കണ്ണിലെ ഒരു കൗതുകം.

 

നീട്ടിത്തുപ്പിയെറിഞ്ഞ

താമ്പൂലവിത്തുകൾ,

പിറ്റേന്ന്

പച്ച, ചുവപ്പ്, ബ്രൗൺ നിറങ്ങൾ ഇടകലർന്ന

ഇലകളായ് കിളിർക്കുന്ന

''മുറുക്കിത്തുപ്പിച്ചെടി''യായിരുന്നു,

അതിനേക്കാൾ അതിശയം.

 

അത്ഭുതം കുഞ്ഞിക്കൺമിഴിക്കുമ്പോൾ

ചെഞ്ചോരിവായ് തുറന്ന്,

പല്ലില്ലാമോണ കാട്ടി,

ചിരിക്കുന്നു, മുത്തശ്ശി.

മുത്തശ്ശിക്കൊപ്പം

ചെഞ്ചോരിച്ചിരിയിലുദിക്കുന്നു,

പ്രഭാതങ്ങൾ.

 

ഉണരുമ്പോൾ മുതൽ

മുത്തശ്ശിയോരം പറ്റുന്ന

അതിശയക്കുടുക്കയുടെ

കുഞ്ഞിക്കണ്ണുകൾ നിറക്കാൻ,

വെറ്റിലത്താമ്പാളം

തുറന്നുവച്ചിട്ടുണ്ടാവും, മുത്തശ്ശി.

 

വീണ്ടും വീണ്ടും

പച്ചയും, വെളുപ്പും, ഇളംതവിട്ടും,

പിന്നെ ചുവപ്പും നിറങ്ങളിൽ,

മുത്തശ്ശിവായിലും മുറ്റത്തിന്നതിരിലും

വിരിയുന്നുണ്ടാകും ഇന്ദ്രജാലങ്ങൾ.

 

''മുറ്റം തുപ്പിനിറയ്ക്കല്ലേയമ്മേ''യെന്ന്

അമ്മ പരിഭവിക്കുമ്പോൾ,

''ഈ കുഞ്ഞിപ്പെണ്ണിതെവിടെയൊളിപ്പിച്ചെൻ്റെ

കോളാമ്പി''യെന്ന്

മുത്തശ്ശി പരതുമ്പോൾ,

കവിൾനിറഞ്ഞ താമ്പൂലം

മുറ്റത്ത് പാകിമുളപ്പിക്കേണ്ട

മുറുക്കിത്തുപ്പിച്ചെടിയിൽ

ഇതൾവിരിഞ്ഞു വരാനുള്ള

നിറങ്ങളെക്കുറിച്ചു മാത്രമാവും

കുഞ്ഞുമനസ്സിൻ്റെ ചിന്തകൾ.

 

തുപ്പൽകോളാമ്പികൾ എന്നും ഒളിച്ചിരുന്നു.

താമ്പൂലവിത്തു പാകിമുളച്ച്,

മുറുക്കിത്തുപ്പിച്ചെടി തളിർത്ത്,

മുറ്റംനിറ,ഞ്ഞുണ്ണി മനം നിറഞ്ഞു.

 

പിന്നെയൊരു നാൾ

ജാലങ്ങളെല്ലാം ഭദ്രമായെടുത്തുവച്ച്,

മുത്തശ്ശി താമ്പാളമടച്ചു.

പുതുവിത്തു വീണുമുളയ്ക്കാതെ

മുറുക്കിത്തുപ്പിച്ചെടികൾ

ഇല്ലാതായി.

ഓർമ്മകൾ പോലും കരിഞ്ഞ്,

മുറ്റം ഊഷരമായി.

 

വർഷങ്ങൾക്കിപ്പുറം

പുതുവീടിൻ്റെ

കോൺക്രീറ്റ് പാകിയ മുറ്റത്തിനു വേണ്ടി,

അലങ്കാരച്ചെടികൾക്കായി

ഗൂഗിൾസെർച്ച് ചെയ്യുമ്പോൾ,

ഓഫർ.

ക്ലിക്ക് ചെയ്തപ്പോൾ,

പച്ച, ചുവപ്പ്, തവിട്ട് നിറങ്ങളിൽ

ആകെത്തളിരിട്ട്

സ്ക്രീൻ നിറയുന്നു

മുത്തശ്ശിച്ചിരി!!

 

ഇന്ന്,

നിറയെ മുറിച്ചുനട്ട ചട്ടികളിൽ

മുറ്റം മുഴുക്കേ

നാളെ ഇതൾനീർത്തേണ്ട

മുത്തശ്ശിച്ചിരികൾക്കായ്

ഓർമ്മത്താമ്പൂലം ചവച്ചുതുപ്പുന്നു,

ഞാനെന്ന മജീഷ്യൻ.

xxxxxxxxxxxxxxxxxxxxxxxxxxxxxx

 

*കണ്ണാടിച്ചെടി

No comments: