പറന്നകലുന്ന ഓരോ ചിറകടിയിലും
ശ്രദ്ധാപൂർവ്വമുള്ള
ഒരു കൂടൊരുക്കത്തിന്റെ
നൈരന്തര്യമുണ്ട്.
പ്രണയത്തൂവലുകൾ
കോതിക്കോതി മിനുക്കിയ
സ്വപ്നങ്ങളുണ്ട്.
അടയിരിക്കും കാവലിന്റെ
നിതാന്തകാത്തിരിപ്പുണ്ട്.
തോടുമുട്ടിപ്പിളർത്തി
കൊക്കു നീട്ടുന്ന
ഹ്ളാദപുളകങ്ങളുണ്ട്.
പേമാരിയിലും തീവെയിലിലും കുടയാകുന്ന
ത്യാഗമുണ്ട്.
ചുണ്ടുകളിലേക്ക് ചുണ്ടുകൾ പകരുന്ന
അതിജീവനത്തിന്റെ
ശ്രാന്തരഹിത അമൃതേത്തുകളുണ്ട്
പറന്നകലുന്ന ഓരോചിറകടിയിലും
നെഞ്ചിലേക്കു ചേർത്തടുക്കുന്ന
ഓർമ്മത്തോടിൻ്റെ
ബാക്കികളുണ്ട്.
ചിറകേറിയകന്നുപോയ
കാറ്റുണ്ട്, കുളിരുണ്ട്.
പൊടുന്നനെ പൊട്ടിവീണൊരു
വേനലിനെ,
പെറുക്കിയെടുത്ത തൂവൽത്തുണ്ടുകളാൽ
വീശിത്തണുപ്പിക്കുന്ന
ഒരു മുഴുവൻകാടിൻ്റെ
സ്പന്ദനം നിലച്ച
ഹൃദയമുണ്ട്.
xxxxxxxxxxxxxxxxxxxxxxxxxxxx
No comments:
Post a Comment