കൃഷ്ണ വീണ്ടും വീണ്ടും
തേങ്ങീവിളിക്കുന്നു,
കൃഷ്ണാ വരികയെൻ
നഗ്നതയിലാടയായ്.
രമ്യതയ്ക്കായഞ്ചായ്
മേനി പങ്കിട്ടതും
ചൂതിൽ പണയ-
യുരുപ്പടിയായതും
കുരുസദസ്സിൽ നഗ്ന-
യായന്നു നിന്നതും
ഈ ഞാൻ, പെണ്ണെന്നു
പേർ, ഇരുചേരിയിലു-
മൊരുപോൽ വ്രണിതകൾ,
മനസ്സു മരിച്ചവർ.
ഇന്നിതാ നിൽക്കുന്നു
മറ്റൊരു വേദിയിൽ
തുടരുന്ന വസ്ത്രാ-
ക്ഷേപകഥകളിൽ.
അവതാരപുരുഷന്മാ-
രനവധിയീവഴി
നടശില പാകി-
ക്കടന്നു പോയെങ്കിലും
ഇരുപുറമാർത്തു-
വളരുന്ന ജാതി-
ത്തിമിരവനങ്ങളി-
ലൊളിപാർത്തിരിക്കുന്നു,
നിരവധിയുഗ്ര-
വിഷയുരഗങ്ങ,ളവ
യാഹരിക്കുന്നതീ ദേശം;
തുടരുന്നു പോർവിളി.
വാളായ് പരിചയായ്
ഈ ഞാൻ -സ്ത്രീ - നിൽപ്പു,
രണഭൂവിലാക്ഷേപ
നമ്രയായ് നഗ്നയായ്.
ഇതു വസ്ത്രാക്ഷേപമ-
ല്ലിനിയൊരു യുദ്ധകാ-
ണ്ഡത്തിൻ്റെയാമുഖ-
ശംഖനാദം.
ഇതു മണിപ്പൂര,ല്ലൊ-
ടുങ്ങിടാ കുരുപാണ്ഡ-
വരണഭേരിതൻ
തുടർനിനദം.
അപമാനിത,യെൻ്റെ
ജഠരത്തിൽ നിന്നുയിർ-
ക്കൊണ്ടൊരു ജ്വാലയാ-
ലീഭൂവിടം.
എരിഞ്ഞൊടുങ്ങും മുൻപേ-
യണയുക;
കത്തുമെൻ
നഗ്നതയെ തറ്റുടുപ്പിക്കുക.
മതവൈരകാളിന്ദ-
ഗർവ്വദർപ്പങ്ങളിൽ
മർദ്ദനൃത്തം പുന-
രാടീടുക.
മലിനജലപാനത്താ-
ലിനിയുമെൻ പൈതങ്ങ-
ളൊടുങ്ങൊല്ലാ, ഞാനവർ-
ക്കമ്മയല്ലോ
No comments:
Post a Comment