Friday, 23 February 2024

അത്രമേലൊറ്റയ്ക്ക്‌...

ഒരു തിരിവിനപ്പുറം

കോർത്തുപിടിച്ചിരുന്ന വിരലുകൾ

എവിടെയോ അഴിഞ്ഞുവീണിരിക്കുന്നു.

ആ നിമിഷം,

കൂട്ടത്തിൽ നിന്നും 

വശീകരിച്ചൊറ്റപ്പെടുത്തിയ

മാന്ത്രികനെപ്പോലെ,

ആകാശത്തിരശ്ശീല കുത്തിക്കീറി,

കാടിന്റെ 

ഉയർന്ന മുഖം പ്രത്യക്ഷപ്പെട്ട്

അട്ടഹസിക്കുന്നു.

ചെളിയാടകൾ അണിയിക്കുന്നു.

മന്ത്രവടി ചുഴറ്റി

അനുഗാമിയാക്കുന്നു.

 

കല്ലും മുള്ളും കുപ്പിച്ചില്ലുകളും

സഞ്ചാരത്തെ

രക്തക്കൊടികൾ നാട്ടി അടയാളപ്പെടുത്തുന്നു.

പുല്ലും വള്ളിപ്പടർപ്പുകളും

വസ്ത്രത്തുമ്പു പിടിച്ച്

താഴോട്ടു വലിക്കുന്നു.

പിന്നെ, എഴുന്നേറ്റുവന്ന്

കെട്ടിപ്പുണരുന്നു.

 

ഇരുട്ട്‌,  കണ്ണുകെട്ടി, വട്ടംകറക്കി

ഒളിച്ചുകളിക്കാനിറക്കി വിടുന്നു.

പിന്നെ 'ഞാനിവിടെ... ഞാനിവിടെ, എന്ന്

കൂമൻമൂളലായ്, കുറുനരിയോരിയായ്,

കരിന്തേൾക്കുത്തലായ്, അരുവിക്കിലുക്കമായ്,

മത്തഗജത്തിന്നമറലായ്, സിംഹഗർജ്ജനമായ്,

പിടിതരാത്ത

ഒച്ചായ് വഴുതുന്നു.

 

പോകെപ്പോകെ

ജലരാക്ഷസർ

മലമുകളുകളിൽ നിന്ന് കുതിച്ചുചാടി

മുന്നിൽ വീഴുന്നു.

വെൺഖഡ്ഗങ്ങളാൽ

ദേഹം വെട്ടിമുറിച്ച്‌, 

മുറിക്കഷ്ണങ്ങൾ വാരിയെറിയുന്നു.

 

ശിഥിലപിണ്ഡം വലിച്ചുനീന്തി

നനഞ്ഞിഴഞ്ഞ്‌

ചതുപ്പുകളിലും അഗ്ഗാധഗർത്തങ്ങളിലും

തെന്നിവീണും പിരണ്ടെഴുന്നേറ്റും

മഴക്കാടുകളിലൊളിച്ചും

മിന്നാമിന്നിവിളക്കുകൾക്ക്‌

കൺവാട്ടം പിടിച്ചും

രൂപംകൊണ്ടും രൂപമില്ലായ്മകൊണ്ടും

കാടിന്റെ കണ്ണുകെട്ടി,

മറ്റൊരു കാടാകുമ്പോഴും

ഉള്ളിൽ

എന്റെനാടേ... എന്റെ നാടേ... എന്ന്

നിശ്ശബ്ദം നിലവിളിച്ച്‌

ഒറ്റയ്ക്ക്‌...

അത്രമേലൊറ്റയ്ക്ക്...

ഒരു വഴി,

വിരൽത്തുമ്പിൽ നിന്നൂർന്നുപോയ

നാടുതേടി അലയുന്നു.


 

 

 

 

 


No comments: