Monday, 11 March 2024

രാമണങ്ങൾ

ഡിയോ..

റാല്ഫ് ലോറൻ..

ഗൂച്ചി..

സെൽഫ്രിജെസ്....

ഓരോ രാവിലും താരാട്ടിയുറക്കി,

പുലരിയിൽ അഴ വിളിച്ചുണർത്തുന്ന

പലതരം ഗന്ധങ്ങൾ.

 

പകലുകൾക്ക്

നെടുവീർപ്പാറ്റുന്ന

അമ്മവിയർപ്പിൻ ഗന്ധം.

കുപ്പിവളക്കിലുക്കങ്ങൾ

ചെമ്പകമാല കൊരുക്കുന്ന

സ്വപ്നഗന്ധം.

 

വൈകുന്നേരക്കാറ്റണിയുന്നു,

മുല്ലപ്പൂവും

വിലകുറഞ്ഞ

ലിപ്സ്റ്റിക്കും.

 

ചീവീടിൻ്റെ ഗാനത്തെ മുറിക്കാത്ത

ഇളംപാദസരങ്ങൾ

പതിവില്ലാതെ കലമ്പിയ

ഒരു രാത്രിക്ക് ശേഷം

ചോരപോൽ ചുവന്നദിച്ച

പുലരിയിൽ,

വിളിച്ചുണർത്തപ്പെട്ട

ഒടുവിലത്തെ രാമണത്തിനു ശേഷം

അഴ പിന്നെ താരാട്ടു പാടിയിട്ടില്ല.

പകലുകൾ വിയർക്കുകയോ

ചെമ്പകമാല കോർക്കുകയോ ചെയ്തിട്ടില്ല.

 

വാടിപ്പോയ

ഇത്തിരി മുല്ലപ്പൂമണമാണെങ്കിലോ,

കാലാന്തരത്തിൽ

വായുവിലലിഞ്ഞ്

മാഞ്ഞ്

മറഞ്ഞുപോയി.


No comments: