പൂക്കളാൽ
കാറ്റിനാൽ
നനവിനാൽ
ഇഴ തുന്നിയ
കവിത പുതച്ച്
ഇരുൾവിളുമ്പിലിരുന്നു നീ
ജലത്തിൻ്റെ നെറ്റിയിൽ
പ്രണയമെന്നെഴുതുന്നു.
ഇരുട്ടിൽ മറഞ്ഞിരുന്ന്
ജടയും
താടിയും
അഴുക്കു നഖങ്ങളുമായ്,
നഗ്നതയറിയാത്ത ഒരാൾ
നിന്നെ വേട്ടയാടിപ്പിടിക്കുന്നു.
മൂർച്ചയേറിയ കല്ലാൽ
പച്ചമാംസം കീറിമുറിക്കുന്നു.
കാട്ടുതീയിൽ ചുട്ട്
ആർത്തിയോടെ
തിന്നു നിറയുന്നു.
വിശപ്പ് തീരുമ്പോൾ
ചവച്ചുതുപ്പിയ അസ്ഥികളിൽ
നീ എഴുതിയ പ്രണയ കവിത
തിരഞ്ഞുതിരഞ്ഞ്
തളർന്നു മയങ്ങുന്നു.
പച്ചമാംസം ഭുജിച്ച്
ലഹരിയൊടുങ്ങാത്ത തീ,
നിന്നിലെ
വിശക്കുന്ന കാട്ടാളൻ
ഉണരുവോളം
അയവിറക്കിക്കൊണ്ടിരിക്കുന്നു.
No comments:
Post a Comment