Thursday 11 July 2024

ബുക്ക്മാർക്ക്

സായാഹ്നം.

വായനാമുറി.

ഷെൽഫിൽ അലസമിരിക്കുന്നു,

പുസ്തകങ്ങൾ.


വലിച്ചെടുത്തു തുറക്കുമ്പോൾ

ഒന്നിൽ,

ചിറകുവിരിച്ചുപറന്നയിടങ്ങളെ

അടയാളപ്പെടുത്തി,

ഒരു തൂവൽ.


കാറ്റ്,

പൊഴിഞ്ഞ ചിറകുകളെ

കൂട്ടിച്ചേർക്കുന്നു

അറിയാതെ പോയ ദൂരങ്ങളിലേക്ക്

പറത്തുന്നു.

അകലെ,

ചക്രവാളങ്ങൾ തേടി.

ഒരു പക്ഷി പറന്നു പോകുന്നു.


നീലയിൽ, മഞ്ഞയിൽ, ചുവപ്പിൽ, ഓറഞ്ചിൽ

ചക്രവാളമിപ്പോൾ

താളുകൾ മറിക്കുന്നു.

ഒരു താളിൽ നിന്നും മറുതാളിലേക്ക്

തുടർച്ചയായി

പക്ഷികളെ വായിക്കുന്നു.

അവസാനകിളിയേയും വായിച്ച്,

പുസ്തകമടക്കുമ്പോൾ,

വായനാമുറിയുടെ

പടിഞ്ഞാറോട്ട് തുറക്കുന്ന ജാലകങ്ങൾ അടച്ച്

ഞാനെൻ്റെ

ചാരുകസാലയിൽ

ചാഞ്ഞിരിക്കുന്നു.


ധ്രുവങ്ങൾ ചുറ്റിവന്ന

ഒരു പറ്റം ദേശാടനക്കിളികൾ

ഒരിക്കലുമടയ്ക്കാത്ത കിഴക്കേ ജന്നലിലൂടെയപ്പൊൾ

കൂട്ടത്തോടെ പ്രവേശിക്കുന്നു.

നെഞ്ചിൻകൂട്ടിൽ

ചേക്കേറുന്നു.

ചിറകുകളൊതുക്കിയൊരു നിദ്ര 

കണ്ണുകളിൽ

കൊക്കുരുമ്മുന്നു.

തുറന്നുവച്ച പുസ്തകമൊന്ന്

നെഞ്ചോടു ചേർത്ത്

ഞാൻ മയങ്ങുന്നു.


പ്രപഞ്ചം എന്നിലൊരു 

തൂവലടയാളം വയ്ക്കുന്നു.


No comments: