തികച്ചും സാധാരണമായിരുന്നു,
ആ വൈകുന്നേരവും
പ്രണയം മറന്നുപോയ
അയാൾ
അന്നും പതിവുപോലെ
ദിനാദ്ധ്വാനവിയർപ്പ്
വീശിവീശിയാറ്റിക്കൊണ്ടിരുന്നു.
പ്രണയം മറന്നുപോയ
അയാളുടെ ഭാര്യ
അടുപ്പൂതിയൂതി
പുക നിറച്ചുകൊണ്ടിരുന്നു.
പ്രണയം മറന്നുപോയ
അയാളുടെ പിതാവ്
മണ്ണിൽ കിളക്കുകയോ
കൃഷി നനക്കുകയോ
ബീഡി വലിച്ച്
തെക്കോട്ടു നോക്കിയിരിക്കുകയോ ചെയ്തിരുന്നു,
പ്രണയം മറന്നുപോയ
അയാളുടെ അമ്മ
പുല്ലു വെട്ടുകയോ
കുട്ട നെയ്യുകയോ
കാൽ നീട്ടിയിരുന്ന്
കുഴമ്പു തേക്കുകയോ ചെയ്തിരുന്നു.
പ്രണയമെന്തെന്നറിയാത്ത
അയാളുടെ കുഞ്ഞുങ്ങൾ
തേഞ്ഞുതീർന്ന റബ്ബർച്ചെരുപ്പിൻ്റെ
ഒറ്റച്ചക്രവണ്ടിയോട്ടി
കളിച്ചു കൊണ്ടിരുന്നു.
ശേഷം
പ്രകൽ മാഞ്ഞു
രാത്രിയായി
രാത്രി മാഞ്ഞു
പകലായി
തികച്ചും അസാധാരണമായിരുന്നു,
ആ ദിവസം
എങ്ങും പ്രണയക്കാറ്റടിച്ചിരുന്നു.
അയാളന്ന് വിയർത്തില്ല.
ഭാര്യ അടുപ്പൂതിയില്ല.
അച്ഛൻ മണ്ണിൽ കിളക്കുകയോ
കൃഷി നനക്കുകയോ
ബീഡി വലിക്കുകയോ ചെയ്തില്ല
അമ്മ പുല്ലുവെട്ടുകയോ
കുട്ട നെയ്യുകയോ
കാൽ നീട്ടിയിരുന്ന്
കുഴമ്പു തേക്കുകയോ ചെയ്തില്ല
കുഞ്ഞുങ്ങളെ ആരും
ഉറക്കെഴുന്നേൽപ്പിച്ചില്ല.
നാളേറെയായി ഒതുക്കിവച്ച
പ്രണയാവേഗങ്ങൾ
കടിഞ്ഞാൺ പൊട്ടിച്ചു കുതിച്ച
തലേ രാത്രിയിൽ
ഉറങ്ങാതൊരു മലയും പുഴയും
തമ്മിൽ കെട്ടിപ്പുണർന്നു പുണർന്ന്
മണ്ണുനീളെ
പുതിയ സ്നേഹഗാഥകൾ
രചിച്ചൊഴുകി.
പെയ്തുതോർന്ന
പ്രണയത്തിനൊടുവിൽ
പുഴ
അമ്മഭാവം പകർന്നു.
തൊട്ടിലാട്ടി.
താരാട്ടുപാട്ടിലലിഞ്ഞ്
അവരെല്ലാം
ഉറക്കമുണരാതുറങ്ങി.
No comments:
Post a Comment