ചട്ടം പഠിപ്പിച്ചു മെരുക്കിയ ആനകൾ
ഇടയാറേയില്ല.
[തിരുത്ത്-
തൊട്ടുമുൻപിലത്തെ വരിയിലെ
'റേയില്ല' എന്നതിനു പകരം 'റില്ല' എന്നു വായിക്കുക.
അപ്പോൾ, ഇടയലിൻ്റെ
വളരേ നേർത്തൊരു സാധ്യത
തെളിഞ്ഞുവരുന്നത് ശ്രദ്ധിക്കുക.]
മെരുങ്ങുമ്പോൾ
അവയ്ക്കുള്ളിൽ
ഒരു കാടുറങ്ങുന്നു.
കാട്ടുനീതി മയങ്ങുന്നു.
'ചട്ടപ്പടി' ആനകളെ
പട്ടമണിയിക്കാം.
തേവരുടെ തിടമ്പെഴുന്നള്ളിക്കാം.
അപ്പോൾ അവ
തലയെടുപ്പോടെ നിൽക്കും.
അങ്കുശത്തിൻ്റെ മൂർച്ചയിൽ
അസ്വാതന്ത്ര്യത്തിൻ്റെ
കൂച്ചുചങ്ങലകൾ മറക്കും.
ഇടയ്ക്കെങ്ങാൻ അവയ്ക്കുള്ളിലെ
കാടുണർന്നുപോയെന്നാലോ,
അടിച്ചമർത്തണം;
ചുറ്റും നിന്ന് വളഞ്ഞാക്രമിക്കണം.
അവ തളർന്നു എന്നുറപ്പാക്കിയിട്ട്
കൂച്ചുചങ്ങലകൾ ഒന്നുകൂടി മുറുക്കി,
സ്വാതന്ത്ര്യത്തിൻ്റെ മൈലേജ്
പിന്നെയും കുറക്കണം.
എന്നിരുന്നാലും
അപൂർവ്വം ചിലവ
അത്യപൂർവ്വം ചില വേളകളിൽ
ചങ്ങല പൊട്ടിച്ചേക്കാം.
തലയിലേറ്റിയ തിടമ്പ്
കുലുക്കി താഴെയിട്ടേക്കാം.
നെറ്റിപ്പട്ടം കുടഞ്ഞെറിഞ്ഞേക്കാം.
സ്വാതന്ത്ര്യമറിഞ്ഞ ആനയ്ക്കു മുന്നിൽ
വീറോടെ നിൽക്കരുത്.
അതപ്പോൾ നിങ്ങൾ ചട്ടം പഠിപ്പിച്ച
വെറുമൊരു ആനയല്ല.
തനിവന്യവിളിക്ക് മറുപടി പറയുന്ന
കാട്ടുമൃഗമാണ്.
മയക്കുവെടി വച്ചുവീഴ്ത്തുക എന്നൊരു സാധ്യത
അപ്പോഴും നിങ്ങൾക്കുമുന്നിലുണ്ട്.
അതും മറികടന്ന് കാടേറിയെന്നാൽ
പിന്നെയവയെ മറന്നേക്കുക.
സിന്ദൂരം തൊട്ട് നെറ്റിപ്പട്ടം കെട്ടാനും
തിടമ്പേറ്റാനും
അവ പിന്നെ തിരികെ വരി'യേയില്ല'.
['യേയില്ല' എന്നുതന്നെയാണ്. തിരുത്തില്ല]
'ഒറ്റയാൾ' എന്ന,
ഒട്ടും പരിചിതമല്ലാത്ത ഒരു ആനപ്പദം
അവയ്ക്കുവേണ്ടി ഞാൻ
എഴുതിച്ചേർക്കുന്നു.
ഇപ്പോഴെനിക്കറിയാം
നിങ്ങളെന്താണ് പറയാൻ പോകുന്നതെന്ന്.
പിടിയാനകൾ തിടമ്പേറ്റാറില്ലെന്നല്ലേ?
ഹാ കഷ്ടം!! നിങ്ങളത് കണ്ടി'ട്ടേ'യില്ലെന്നോ?!!!