Tuesday, 16 June 2026

നിർഗമനായനങ്ങളെക്കുറിച്ച്

 തിരിച്ചുവരവുകളിൽ സഞ്ചാരികൾക്ക് പൊതുവേ

ദിശ തെറ്റാറില്ല.

നിർഗമനവീഥികൾ അപ്പോഴേക്കും

പരിചയത്തിൻ്റെ സലാം പറയും

ഹസ്തദാനം നടത്തും.

വിരൽ ചൂണ്ടി 

കൃത്യമായി നടത്തിക്കും.

ആഗമനത്തിൽ കണ്ട മുഖമല്ലല്ലോ ഇവയ്ക്കെന്ന്

ഒരത്ഭുതത്താൽ പഥികർ കൺവിടർത്തും.


ആഗനത്തിൽ ഇരുകൂട്ടരും പരസ്പരം

അപരിചിതരായിരുന്നല്ലോ.

തൻ്റെ ഇടങ്ങളിലേക്ക് കടന്നുകയറിയവർക്കായി

ചിലപ്പോളീ പാതകൾ 

മൃദുമെത്തകൾ വിരിച്ചേക്കാം.

ചിലപ്പോൾ ദുർഘടങ്ങളറിയാത്ത വിധം

പഞ്ചേന്ദ്രിയങ്ങളേയും ബന്ധിച്ച് നടത്തിച്ചേക്കാം. 

എന്നാൽ പലപ്പോഴും അവ 

അൽപ്പമൊന്ന് കുഴപ്പിച്ചിട്ടുമുണ്ടാകും.

പല കൈവഴികൾ നിരത്തി

ആശങ്കയുടെ സന്ധിസ്ഥാനങ്ങളിൽ നിർത്തിച്ചിട്ടുണ്ടാകും.

ചൂണ്ടുപലകകൾ ദിശതെറ്റിച്ച് വയ്ക്കുകയോ,

ഒടിച്ചിടുകയോ, അപ്രത്യക്ഷമാക്കുകയോ ചെയ്തിട്ടുണ്ടാകും.

അപ്രതീക്ഷിതകുണ്ടുകളേയോ

ഘോരവനാന്തരങ്ങളേയോ,

മൃഗഗർജ്ജനങ്ങളേയോ, 

ചെങ്കുത്തായ മലനിരകളേയോ,

അഗാധഗർത്തങ്ങളേയോ,

മുന്നിലേക്കെറിഞ്ഞിട്ട്

പാതിവഴിയിൽ യാത്രികരെ 

തിരിച്ചുനടത്തിച്ചിട്ടുണ്ടാകും.

അവയെല്ലാം തരണം ചെയ്ത് 

മുന്നോട്ട് പോയവരെ

കൂടുതൽ ദുർഗ്രഹകടങ്കഥകളാൽ പരീക്ഷിക്കുകയോ

ധീരമായ മുന്നേറ്റമെന്ന് പുറത്തുതട്ടി അഭിനന്ദിക്കുകയോ 

ചെയ്തിട്ടുണ്ടാകും. 

ലക്ഷ്യപ്രാപ്തിയിൽ

ഒന്നുകിൽ

എത്തിച്ചേരുന്ന ഇടത്തെ മനോഹാരിതയിൽ

അവരെ ഒട്ടിച്ചുവയ്ക്കും.

അല്ലെങ്കിൽ

നിരാശരാക്കി തിരിച്ചുനടത്തിക്കും.


തിരിച്ചുനടത്തങ്ങളിൽ, അത്ഭുതമെന്ന് പറയട്ടെ,

നിർഗമനമാർഗങ്ങൾ 

അപൂർവ്വമായ സൗഹൃദഭാവം കാണിക്കും.

ആഗമനത്തിലെ ദുർഘടങ്ങൾ

വീണ്ടും ആശങ്കപ്പെടുത്താതിരിക്കുംവണ്ണം

വന്നൊരു പരിചയക്കൈ പിടിക്കും. 


നിർഗ്ഗമനകാലദൈർഘ്യം, പക്ഷെ

ആപേക്ഷികമാണ്.

തിരിഞ്ഞുനടന്നുതുടങ്ങുന്നത്

ഒഴിഞ്ഞ കൈ വീശിവീശിയാണെങ്കിൽ

ഒരു ജെറ്റ് എഞ്ചിൻ കണക്കെ

പ്രഭവസ്ഥാനത്തെത്താം.

ശേഖരങ്ങളുണ്ടെങ്കിൽ 

വേഗത്തിൻ്റെ മാനദണ്ഡങ്ങൾ

വ്യത്യാസപ്പെടും.

ഖനമേറുകയാൽ ഇഴഞ്ഞിഴഞ്ഞ്

തിരികെയെത്തിയവരുണ്ട്.

മുന്നേറാനാവാതെ 

പാതിവഴിയിൽ വീണുപോയവരും

അണുമാത്ര പോലും തിരിഞ്ഞുനടക്കാനാവാതെ

മലപോലെ ഉറച്ചുപോയവരും 

മണ്ണായടിഞ്ഞവരുമുണ്ട്.

'ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു' എന്ന്

നിർവൃതി കൊള്ളുന്ന വിജയികൾ

ഉറപ്പായുമുണ്ട്.

അവർ അവിടെ സ്ഥാപിക്കുന്ന വെന്നിക്കൊടിക്കും 

തിരികെ പറന്നണഞ്ഞ്

പ്രഭവസ്ഥാനത്തെത്തുന്നവർ  

അവനവനിടങ്ങളിൽ സ്ഥാപിക്കുന്ന കൊടിക്കും

പക്ഷെ ഒരേ നിറമാണ്. 

തിരിച്ചുവരവെന്ന തീരുമാനത്തേയും വേഗത്തേയും 

സാധൂകരിക്കുന്ന

നിർഗമനമാർഗങ്ങളേകുന്ന

കൊടിയാണത്. 

വെന്നിക്കൊടികളുടെ നിറങ്ങൾ

അല്ലെങ്കിലും

പലതാകാൻ വഴിയില്ലല്ലോ!!